ICC Womens World Cup 2022 : അവസാന ഓവര്‍ ത്രില്ലറില്‍ വീണു; വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് മടക്കം

Published : Mar 27, 2022, 02:12 PM ISTUpdated : Mar 27, 2022, 02:20 PM IST
ICC Womens World Cup 2022 : അവസാന ഓവര്‍ ത്രില്ലറില്‍ വീണു; വനിതാ ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ത്യക്ക് മടക്കം

Synopsis

275 റണ്‍സ് വിജയലക്ഷ്യം അവസാന പന്തില്‍ മൂന്ന് വിക്കറ്റ് ബാക്കിനില്‍ക്കേ നേടി ദക്ഷിണാഫ്രിക്ക സെമിയിലെത്തി

ക്രൈസ്റ്റ് ചര്‍ച്ച്: വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ (ICC Womens World Cup 2022) അവസാന ഓവറിലെ ആവേശപ്പോരിനൊടുവില്‍ ദക്ഷിണാഫ്രിക്കയോട് (SAW) മൂന്ന് വിക്കറ്റിന് തോറ്റ് ഇന്ത്യക്ക് ടൂര്‍ണമെന്‍റില്‍ നിന്ന് മടക്കം. ആദ്യം ബാറ്റ് ചെയ്‌ത് ഇന്ത്യന്‍ വനിതകള്‍ (INDW) മുന്നോട്ടുവെച്ച 275 റണ്‍സ് വിജയലക്ഷ്യം ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ അവസാന പന്തില്‍ നേടി ദക്ഷിണാഫ്രിക്ക സെമിയിലെത്തി. സ്‌കോര്‍: ഇന്ത്യ-274/7 (50), ദക്ഷിണാഫ്രിക്ക-275/7 (50). അവസാന ഓവറിലെ അഞ്ചാം പന്തില്‍ നോബോള്‍ പിറന്നതാണ് ഇന്ത്യന്‍ പ്രതീക്ഷകള്‍ തകിടംമറിച്ചത്. 

ത്രില്ലായി അവസാന ഓവര്‍

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ ലിസ്‌ലീ ലീയെ ആറ് റണ്‍സില്‍ നഷ്‌ടമായെങ്കിലും സഹ ഓപ്പണര്‍ ലോറ വോള്‍വര്‍ട്ടിന്‍റെ തകര്‍പ്പന്‍ അര്‍ധ സെഞ്ചുറി ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കം നല്‍കി. ലോറെ 79 പന്തില്‍ നിന്ന് 11 ബൗണ്ടറികള്‍ സഹിതം 80 റണ്‍സെടുത്തു. ലാറ ഗുഡോണ്‍ 49 ഉം സുന്‍ ലസ് 22 ഉം മാരീസാന്‍ കാപ്പ് 32 ഉം റണ്‍സെടുത്ത് പുറത്തായപ്പോള്‍ മിഗ്‌നന്‍ ഡു പ്രീസിന്‍റെ അര്‍ധ സെഞ്ചുറി പ്രോട്ടീസ് വനിതകള്‍ക്ക് പ്രതീക്ഷയായി.

ദീപ്‌തി ശര്‍മ്മയെറിഞ്ഞ അവസാന ഓവറില്‍ ഏഴ് റണ്‍സാണ് ജയിക്കാന്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തില്‍ ഒരു റണ്‍ പിറന്നപ്പോള്‍ രണ്ടാം പന്തില്‍ ത്രിഷ(7) റണ്ണൗട്ടായി. മൂന്ന്, നാല് പന്തുകളില്‍ ഓരോ റണ്‍ വീതം പിറന്നപ്പോള്‍ അഞ്ചാം പന്ത് നാടകീയമായി. പ്രീസ് ഹര്‍മന്‍റെ ക്യാച്ചില്‍ പുറത്തായെങ്കിലും അംപയര്‍ നോബോള്‍ വിളിച്ചു. അടുത്ത രണ്ട് പന്തുകളില്‍ സിംഗിളുകള്‍ നേടി പ്രോട്ടീസ് സെമിയിലെത്തി. പ്രീസ് 52 റണ്‍സുമായി പുറത്താകാതെ നിന്നു. 

ഇന്ത്യ മോശമാക്കിയില്ല

നേരത്തെ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ സ്‌മൃതി മന്ഥാന, ഷെഫാലി വര്‍മ്മ, മിതാലി രാജ്, ഹര്‍മന്‍പ്രീത് കൗര്‍ എന്നിവരുടെ ബാറ്റിംഗ് കരുത്തില്‍ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 274 റണ്‍സെടുത്തു. 

ഓപ്പണര്‍മാരായ സ്‌മൃതി മന്ഥാനയും ഷെഫാലി വര്‍മ്മയും ഗംഭീര തുടക്കമാണ് ടീം ഇന്ത്യക്ക് നല്‍കിയത്. ഇരുവരും ഒന്നാം വിക്കറ്റില്‍ 15 ഓവറില്‍ 91 റണ്‍സ് ചേര്‍ത്തു. 46 പന്തില്‍ 53 റണ്‍സെടുത്ത ഷെഫാലിയെയാണ് ആദ്യം നഷ്‌ടമായത്. പിന്നാലെ മൂന്നാം നമ്പറുകാരി യാസ്‌തിക ഭാട്യ മൂന്ന് പന്തില്‍ രണ്ട് റണ്‍സുമായി മടങ്ങി. എന്നാല്‍ സ്‌മൃതിയെ കൂട്ടുപിടിച്ച് ക്യാപ്റ്റന്‍ മിതാലി രാജ് സ്‌കോര്‍ 150 കടത്തി. ഈ കൂട്ടുകെട്ട് 32-ാം ഓവര്‍ വരെ നീണ്ടുനിന്നു. 

84 പന്തില്‍ ആറ് ഫോറും ഒരു സിക്‌സറുമായി 71 റണ്‍സുണ്ടായിരുന്നു പുറത്താകുമ്പോള്‍ സ‌്‌മൃതി മന്ഥാനയ്‌ക്ക്. മിതാലിയാവട്ടെ 84 പന്തില്‍ എട്ട് ബൗണ്ടറികളോടെ 68 റണ്‍സ് നേടി. 45-ാം ഓവറില്‍ പൂജ വസ്‌ത്രകറിനെ(3) നഷ്‌ടമായത് തിരിച്ചടിയായി. അവസാന ഓവറുകളില്‍ റിച്ച ഘോഷിനെ കൂട്ടുപിടിച്ച് ഹര്‍മന്‍പ്രീത് ഇന്ത്യയെ മാന്യമായ സ്‌കോറിലെത്തിച്ചു. ഹര്‍മന്‍ 57 പന്തില്‍ 48 ഉം റിച്ച 13 പന്തില്‍ 8 ഉം റണ്‍സെടുത്ത് പുറത്തായി. സ്‌നേഹ റാണയും(1*), ദീപ്‌തി ശര്‍മ്മയും(2*) പുറത്താകാതെ നിന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

'മുമ്പും വൈസ് ക്യാപ്റ്റനെ മാറ്റിയിട്ടുണ്ട്'; സഞ്ജു സാംസണ് വേണ്ടി വാദിച്ച് മുഹമ്മദ് കൈഫ്
ഗില്ലിന് പകരം സഞ്ജു സാംസണ്‍ വരുമോ? ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ടി20, സാധ്യതാ ഇലവന്‍