2012 മുതൽ 2016 വരെയുള്ള കാലയളവിൽ സന്ദീപ് പാട്ടീൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോഴാണ് ഗംഭീറിനെ ടീമിൽ നിന്നും മാറ്റിയത്.

മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ നിന്നും തന്നെ പുറത്താക്കിയതിലുള്ള ദേഷ്യം പരിശീലകന്‍ ഗൗതം ഗംഭീർ ഇപ്പോഴും കാത്തുസൂക്ഷിക്കുന്നുവെന്ന വെളിപ്പെടുത്തലുമായി മുൻ ചീഫ് സെലക്ടറും 1983 ലോകകപ്പ് വിജയിയുമായ സന്ദീപ് പാട്ടീൽ. ഒരു കാലത്ത് വളരെ അടുത്ത സുഹൃത്തുക്കളായിരുന്നിട്ടും, സെലക്ഷൻ കമ്മിറ്റി എടുത്ത തീരുമാനത്തിന് ശേഷം ഗംഭീർ തന്നോട് സംസാരിക്കാൻ പോയിട്ട് മുഖത്തുപോലും നോക്കാൻ തയ്യാറായിട്ടില്ലെന്ന് സന്ദീപ് പാട്ടീൽ പറഞ്ഞു. വിക്കി ലാൽവാനിയുടെ യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് സന്ദീപ് പാട്ടീൽ പഴയ കാര്യങ്ങൾ പങ്കുവെച്ചത്.

2012 മുതൽ 2016 വരെയുള്ള കാലയളവിൽ സന്ദീപ് പാട്ടീൽ സെലക്ഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോഴാണ് ഗംഭീറിനെ ടീമിൽ നിന്നും മാറ്റിയത്. ഗംഭീറിന് ഇപ്പോഴും എന്നോട് ദേഷ്യമാണ്. ഒരു പൊതുപരിപാടിയിൽ വെച്ചു കണ്ടാൽ പോലും അദ്ദേഹം മിണ്ടില്ല. ഹലോ പറഞ്ഞാൽ പ്രതികരിക്കില്ലെന്ന് മാത്രമല്ല, ഒന്ന് നോക്കുക പോലും ചെയ്യില്ല. പല ചാനൽ ചർച്ചകളിലും ഞങ്ങൾ ഒരുമിച്ച് പങ്കെടുത്തിട്ടുണ്ട്, അപ്പോഴൊക്കെ അദ്ദേഹം എന്നെ കണ്ടഭാവം നടിക്കാതെ ഇരിക്കും- പാട്ടീൽ വെളിപ്പെടുത്തി.

മുൻപ് രണ്ടാഴ്ചയിലൊരിക്കൽ തങ്ങൾ ഫോണിൽ സംസാരിക്കാറുണ്ടായിരുന്നുവെന്നും ഒരുമിച്ച് ടെന്നീസ് കളിച്ചിരുന്നവരാണെന്നും അദ്ദേഹം ഓർമ്മിച്ചു. ഓരോ താരവും ഓരോ രീതിയിലാണ് പ്രതികരിക്കുന്നത്. വി.വി.എസ് ലക്ഷ്മൺ, രാഹുൽ ദ്രാവിഡ്, സൗരവ് ഗാംഗുലി തുടങ്ങിയവർ നിശബ്ദരായി കളം വിട്ടവരാണ്. സെവാഗ് ഒരു വിടവാങ്ങൽ മത്സരം ആഗ്രഹിച്ചിരുന്നു. എന്നാൽ ഗംഭീർ തന്‍റെ കരിയറിനെക്കുറിച്ച് അതീവ ഗൗരവമുള്ള ആളായിരുന്നു. നല്ല ഫോമിൽ നിൽക്കുമ്പോൾ കളം വിടാൻ ഒരു താരവും ആഗ്രഹിക്കില്ല. അത് സ്വാഭാവികമാണ്- പാട്ടീൽ കൂട്ടിച്ചേർത്തു.

ഗംഭീർ തന്നോട് കാണിക്കുന്ന ഈ അകൽച്ചയിൽ സങ്കടമുണ്ടെങ്കിലും അദ്ദേഹത്തോടുള്ള ബഹുമാനം കുറയുന്നില്ലെന്നും സന്ദീപ് പാട്ടീൽ വ്യക്തമാക്കി. ഗംഭീർ മികച്ചൊരു മനുഷ്യനും ഫോക്കസ്ഡ് ആയ താരവുമാണെന്ന് സന്ദീപ് പാട്ടീല്‍ പറഞ്ഞു. 2012 മുതല്‍ 2016 വരെ ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളായ സച്ചിൻ, ഗാംഗുലി, ദ്രാവിഡ് എന്നിവരുടെ വിരമിക്കൽ സമയത്തായിരുന്നു പാട്ടീൽ സെലക്ഷൻ കമ്മിറ്റിക്ക് നേതൃത്വം നൽകിയിരുന്നത്. ആ കാലഘട്ടത്തിലെ ടീമിലെ അഴിച്ചുപണികളാണ് ഗംഭീറിനെപ്പോലുള്ള താരങ്ങൾ പിൽക്കാലത്ത് ടീമിന് പുറത്താകാൻ കാരണമായതെന്നാണ് വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക