
ബേ ഓവല്‍: വനിതാ ഏകദിന ലോകകപ്പിലെ (ICC Womens World Cup 2022) ആദ്യ മത്സരത്തില്‍ തന്നെ വിക്കറ്റിന് പിന്നില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യക്കായി (INDW) യുവതാരം റിച്ച ഘോഷ് (Richa Ghosh) കാഴ്‌ചവെച്ചത്. പാകിസ്ഥാനെ മത്സരത്തില്‍ ഇന്ത്യ (PAKW vs INDW) പരാജയപ്പെടുത്തിയപ്പോള്‍ അഞ്ച് വിക്കറ്റുകളില്‍ റിച്ചയുടെ കൈകള്‍ പതിഞ്ഞു.
ഇന്ത്യന്‍ ഇതിഹാസ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എം എസ് ധോണിയുടെ കടുത്ത ആരാധികയാണ് റിച്ച ഘോഷ്. ഇക്കാര്യം ഈ മാസം ആദ്യം റിച്ച വെളിപ്പെടുത്തിയിരുന്നു. പറക്കും ക്യാച്ചുകളും മിന്നല്‍ സ്റ്റംപിംഗുകളുമായി ശ്രദ്ധേയനായ ധോണിയെ ഓര്‍മ്മിപ്പിച്ചു വനിതാ ഏകദിന ലോകകപ്പിലെ ആദ്യ മത്സരത്തില്‍ തന്നെ റിച്ച. അതും വൈരികളായ പാകിസ്ഥാനെതിരെ. സിദ്ര അമീന്‍, ബിസ്‌മ മറൂഫ്, നിദാ ദര്‍, നഷ്ര സന്ധു എന്നിവരെ ക്യാച്ചിലൂടെ പുറത്താക്കിയ റിച്ച, അലിയാ റിയാസിനെ സ്റ്റംപ് ചെയ്‌തു.
പാകിസ്ഥാനെതിരെ ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയമാണ് ഇന്ത്യന്‍ വനിതകള്‍ സ്വന്തമാക്കിയത്. ബേ ഓവലില്‍ 107 റണ്‍സിന്‍റെ കൂറ്റന്‍ ജയം മിതാലിയും സംഘവും സ്വന്തമാക്കുകയായിരുന്നു
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ പൂജ വസ്ത്രകര്‍ (67), സ്‌മൃതി മന്ഥാന (52), സ്‌നേഹ് റാണ (53), ദീപ്‌തി ശര്‍മ (40) എന്നിവരുടെ കരുത്തില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 244 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ എഴുതിച്ചേര്‍ത്തത്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 43 ഓവറില്‍ 137ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് വീഴ്ത്തിയ രാജേശ്വരി ഗെയ്‌ക്‌വാദ് പാകിസ്ഥാനെ തകര്‍ക്കുകയായിരുന്നു. 30 റണ്‍സെടുത്ത സിദ്ര അമീന് മാത്രമാണ് പാക് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. ഈ ലോകകപ്പില്‍ ഇരു ടീമുകളുടേയും ആദ്യ മത്സരമായിരുന്നു ഇന്നത്തേത്. പൂജ വസ്ത്രകറാണ് കളിയിലെ താരം.
മിതാലിക്ക് റെക്കോര്‍ഡ്
ആറ് ഏകദിന ലോകകപ്പുകളില്‍ പങ്കെടുക്കുന്ന ആദ്യ വനിതാ ക്രിക്കറ്റര്‍ എന്ന നേട്ടം മിതാലി പേരിലാക്കി. 2000ല്‍ ആദ്യമായി ലോകകപ്പ് വേദിയിലെത്തിയ മിതാലി 2005, 2009, 2013, 2017, 2022 ടൂര്‍ണമെന്‍റുകളില്‍ പങ്കെടുത്തു. ന്യൂസിലന്‍ഡ് മുന്‍ താരം ഡെബീ ഹോക്‌ലി, ഇംഗ്ലണ്ടിന്‍റെ ഷാര്‍ലറ്റ് എഡ്‌വേഡ്‌സ് എന്നിവരെ മിതാലി പിന്നിലാക്കി. ആറ് ഏകദിന ലോകകപ്പില്‍ മാറ്റുരയ്‌ക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് മിതാലി. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് മിതാലിയുടെ മുന്‍ഗാമി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!