ISL 2021-22 : അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ സമനിലയുമായി ബ്ലാസ്റ്റേഴ്‌സ്

പനാജി: ഐഎസ്എല്ലില്‍ (ISL 2021-22) സീസണിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ അടിക്കും തിരിച്ചടിക്കുമൊടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് (Kerala Blasters) ആവേശ സമനില(4-4). നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ച മഞ്ഞപ്പടയെ (KBFC) രണ്ടാംപകുതിയിലെ നാലടിയില്‍ എഫ്‌സി ഗോവ (FC Goa) വിറപ്പിച്ചെങ്കിലും അവസാന മിനുറ്റുകളിലെ അവിശ്വസനീയ തിരിച്ചുവരവില്‍ സമനില സ്വന്തമാക്കി ബ്ലാസ്റ്റേഴ്‌സ്. ഗോവയുടെ കബ്രേര ഹാട്രിക് തികച്ചപ്പോള്‍ ഇരു ടീമും മത്സരത്തില്‍ നാല് ഗോള്‍ വീതം നേടി. 

പെരേരയുടെ പ്രഹരം

രാഹുല്‍ കെ കെപിയെയും പെരേര ഡയസിനെയും ആക്രമണത്തിന് നിയോഗിച്ചാണ് പനാജിയില്‍ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങിയത്. മധ്യനിരയില്‍ മലയാളി താരം സഹല്‍ അബ്‌ദുല്‍ സമദും ഇടംപിടിച്ചു. ആദ്യപകുതിയില്‍ തന്നെ ഇരട്ട ഗോളുമായി ഗോവയ്‌ക്ക് മേല്‍ മേധാവിത്വം സ്ഥാപിച്ചു കേരള ബ്ലാസ്റ്റേഴ്‌സ്. രണ്ട് തവണയും ലക്ഷ്യം കണ്ടത് പെരേര ഡയസായിരുന്നു. രണ്ടാംപകുതിയിലാണ് ഗോവ ഗോള്‍മേളം തുടങ്ങുന്നതും മത്സരം നാടകീയമാകുന്നതും. 

വലതുവിങ്ങില്‍ നിന്ന് സഹല്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസില്‍ നിന്ന് 10-ാം മിനുറ്റില്‍ ആദ്യ ഗോള്‍ കണ്ടെത്തി പെരേര ഡയസ്. അന്‍വര്‍ അലിയില്‍ നിന്ന് പന്ത് റാഞ്ചിയെടുത്ത സഹല്‍, ഡയസിന് പന്ത് മറിച്ചുനല്‍ക്കുകയായിരുന്നു. 25-ാം ചെഞ്ചോയെ ഗോളി ഹൃതിക് ഫൗള്‍ ചെയ്തതിന് ലഭിച്ച പെനാല്‍റ്റി ഡയസ് അനായാസം വലയിലെത്തിച്ചു. ഇതോടെ കേരള ബ്ലാസ്റ്റേഴ്‌സിന് 2-0 ലീഡോടെ മത്സരം ഇടവേളയ്‌ക്ക് പിരിഞ്ഞു. 

രണ്ടടിച്ച് ഗോവയുടെ തിരിച്ചുവരവ്

രണ്ടുംകല്‍പിച്ച് രണ്ടാംപകുതിയില്‍ മൂന്ന് മാറ്റങ്ങളുമായി ഗോവ കളത്തിലേക്ക് തിരിച്ചുവന്നു. ഇതിലൊരാള്‍ ഹാട്രിക് തികച്ചുവെന്നത് അത്ഭുതം. മാറ്റങ്ങളുടെ ഫലമെന്നോളം 48-ാം മിനുറ്റില്‍ എഡു ബേഡിയ എടുത്ത ഫ്രീകിക്കില്‍ ഇവാന്‍ തലകൊണ്ട് ചെത്തിനല്‍കിയ പന്തില്‍ കബ്രേര ഗോവയുടെ ആദ്യ ഗോള്‍ മടക്കി. 63-ാം മിനുറ്റില്‍ അനുവദിക്കപ്പെട്ട പെനാല്‍റ്റി അനായാസം വലയിലെത്തിച്ച് കബ്രേര ഗോള്‍നില 2-2 ആക്കി. തൊട്ടുപിന്നാലെ ഗോവ വീണ്ടും പന്ത് വലയിലിട്ടെങ്കിലും റഫറി ഓഫ്‌സൈഡ് വിളിച്ചു. 

കബ്രേരക്ക് ഹാട്രിക്, മറുപടിയുമായി മഞ്ഞപ്പട

എന്നാല്‍ രണ്ടാംപകുതിയിലെ ഗോളടിമേളം പിന്നീടും തുടര്‍ന്നു ഗോവ. 79-ാം മിനുറ്റില്‍ ഡൊഹ്‌ലിഗ് ക്ലാസിക് ഫിനിഷിലൂടെ ഗോവയെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ 82-ാം മിനുറ്റില്‍ കബ്രേര ഹാട്രിക് തികച്ചതോടെ ഗോവ-4, ബ്ലാസ്റ്റേഴ്‌‌സ്-2. മുറിവേറ്റ കൊമ്പന്‍മാര്‍ മൈതാനത്ത് തുള്ളിയാടുന്നതാണ് പിന്നീട് കണ്ടത്. ചെഞ്ചോയുടെ അസിസ്റ്റില്‍ ബറെറ്റോ 88-ാം മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‍റെ മൂന്നാം ഗോള്‍ കണ്ടെത്തി. അവിടംകൊണ്ടും ഗോളടിമേളം അവസാനിച്ചില്ല. 90-ാം മിനുറ്റില്‍ വാസ്‌കസ് മഞ്ഞപ്പടയെ 4-4 എന്ന തുല്യതയിലെത്തിച്ചു. 

നാളെ നിര്‍ണായകം

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ഗ്രൂപ്പ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 20 കളിയില്‍ 34 പോയിന്‍റുമായി നാലാം സ്ഥാനം ഉറപ്പിച്ചു. 19 മത്സരങ്ങളില്‍ 40 പോയിന്‍റോടെ ജംഷഡ്‌പൂര്‍ എഫ്‌സിയാണ് തലപ്പത്ത്. 20 മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഹൈദരാബാദ് എഫ്‌സി 38 പോയിന്‍റുമായി രണ്ടാമത് നില്‍ക്കുന്നു. 19 മത്സരങ്ങളില്‍ 37 പോയിന്‍റോടെ എടികെ മോഹന്‍ ബഗാന്‍ മൂന്നാമതും. നാളത്തെ എടികെ മോഹന്‍ ബഗാന്‍-ജംഷഡ്‌പൂര്‍ എഫ്‌സി പോരാട്ടം ഗ്രൂപ്പ് ചാമ്പ്യന്‍മാരെ തീരുമാനിക്കും.

ISL 2021-22 : ക്രഡിറ്റ് ആശാന്, വുകോമനോവിച്ചിന് കീഴിൽ ഗോൾ സ്കോറിംഗ് മെച്ചപ്പെട്ടു: സഹൽ അബ്‌ദുൽ സമദ്