ഓവര്‍ ത്രോ വിവാദത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി

By Web TeamFirst Published Jul 16, 2019, 6:43 PM IST
Highlights

ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടിയാണ് ബൗണ്ടറി കടന്നത് 

ലണ്ടന്‍: ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിന് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ ആദ്യമായി പ്രതികരിച്ച് ഐസിസി. ഐസിസി നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് അഭിപ്രായം പറയാനാവില്ലെന്നും ഐസിസി വക്താവ് വ്യക്തമാക്കി.

ലോകകപ്പ് ഫൈനലിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടിയാണ് ബൗണ്ടറി കടന്നത്. ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി അമ്പയര്‍ കുമാര ധര്‍മസേന ആറ് റണ്‍സ് അനുവദിച്ചിരുന്നു. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായി.

എന്നാല്‍ രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗപ്ടില്‍ പന്ത് റിലീസ് ചെയ്യുന്ന സമയത്ത് ബാറ്റ്സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാല്‍ ഓവര്‍ ത്രോ അടക്കം അഞ്ച് റണ്‍സ് മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന വാദം. ഓവര്‍ ത്രോയെത്തുടര്‍ന്ന് ആറ് റണ്‍സ് അനുവദിച്ച സംഭവത്തില്‍ ഫീല്‍ഡ് അമ്പയറായിരുന്ന ധര്‍മസേനക്ക് തെറ്റു പറ്റിയെന്ന് ഐസിസി അമ്പയര്‍മാരുടെ എലൈറ്റ് പാനലില്‍ അംഗമായിരുന്ന സൈമണ്‍ ടോഫലും വ്യക്തമാക്കിയിരുന്നു. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയെന്ന ആനുകൂല്യത്തിലാണ് ഇംഗ്ലണ്ട് ലോകകപ്പ് ഉയര്‍ത്തിയത്.

click me!