'പറ്റുമെങ്കില്‍ അടുത്ത വിമാനം പിടിച്ച് ഓടിക്കോ, ഇനി ബാസ്ബോളിനെ കുറിച്ച് മിണ്ടരുത്'; പരിഹസിച്ച് മുന്‍ താരം

Published : Feb 19, 2024, 09:57 PM ISTUpdated : Feb 19, 2024, 10:03 PM IST
'പറ്റുമെങ്കില്‍ അടുത്ത വിമാനം പിടിച്ച് ഓടിക്കോ, ഇനി ബാസ്ബോളിനെ കുറിച്ച് മിണ്ടരുത്'; പരിഹസിച്ച് മുന്‍ താരം

Synopsis

രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്‍റെ തോല്‍വി നേരിടേണ്ടിവന്നത് ബെന്‍ സ്റ്റോക്സിനെയും ബ്രണ്ടന്‍ മക്കല്ലത്തിനെയും ഇരുവരുടെയും ബാസ്ബോള്‍ ശൈലിയെയും രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയിരിക്കുകയാണ്

രാജ്കോട്ട്: ടെസ്റ്റില്‍ തുടക്കം മുതല്‍ ആഞ്ഞടിച്ച് വിജയിക്കുക എന്ന ഇംഗ്ലണ്ട് പുരുഷ ക്രിക്കറ്റ് ടീമിന്‍റെ 'ബാസ്ബോള്‍' ശൈലി ഇന്ത്യയില്‍ പാളിയിരിക്കുകയാണ്. അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ വിജയിച്ചെങ്കിലും അടുത്ത രണ്ട് മത്സരത്തിലും ബ്രണ്ടന്‍ മക്കല്ലത്തിന്‍റെയും ബെന്‍ സ്റ്റോക്സിന്‍റേയും ബാസ്ബോള്‍ വിജയിച്ചില്ല. മൂന്നാം ടെസ്റ്റ് മാത്രമെടുത്താല്‍ 434 റണ്‍സിന്‍റെ ഹിമാലയന്‍ തോല്‍വിയാണ് ബാസ്ബോള്‍ സംഘം വഴങ്ങിയത്. ഇതോടെ ഇംഗ്ലണ്ടിന്‍റെ വായടപ്പിക്കുന്ന വിമര്‍ശനം ഉന്നയിച്ചിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം കൃഷ്‌ണമാചാരി ശ്രീകാന്ത്. 

'സാധ്യമെങ്കില്‍ അടുത്ത വിമാനം പിടിച്ച് അവര്‍ക്ക് നാട്ടിലേക്ക് പോകാം. പക്ഷേ അവശേഷിക്കുന്ന രണ്ട് ടെസ്റ്റുകള്‍ കളിക്കേണ്ടതുണ്ട്. ബാസ്ബോള്‍ തിയറിയെല്ലാം വെറും പ്രൊപഗാണ്ടയാണ്. എവിടെയാണ് ബാസ്ബോള്‍ വിജയിച്ചിട്ടുള്ളത്. ആഷസില്‍ ഇത് വിജയിച്ചോ? സത്യസന്ധമായി പറഞ്ഞാല്‍ വിജയിച്ചില്ല. ഇതേ ശൈലി പിന്തുടരുകയാണെങ്കില്‍ ഒരു ഇംഗ്ലീഷ് തന്ത്രവും വിജയിക്കാന്‍ പോകുന്നില്ല. ബാസ്ബോളിനെ കുറിച്ച് ഏറെ ഹൈപ്പുണ്ട്. എന്നാല്‍ ഇന്ത്യയിലെ പോലുള്ള സാഹചര്യങ്ങളില്‍ ബാറ്റ് ചെയ്യാനും ബൗള്‍ ചെയ്യാനുമുള്ള കഴിവ് കൂടി ഇംഗ്ലണ്ട് ടീമിന് വേണം' എന്നും കെ ശ്രീകാന്ത് യൂട്യൂബ് ഷോയില്‍ പറഞ്ഞു. 

ഹൈദരാബാദ് വേദിയായ ആദ്യ ടെസ്റ്റില്‍ 28 റണ്‍സിന്‍റെ വിജയവുമായാണ് ഇംഗ്ലണ്ട് 2024ലെ ഇന്ത്യന്‍ പര്യടനം തുടങ്ങിയത്. എന്നാല്‍ വിശാഖപട്ടത്തെ രണ്ടാം ടെസ്റ്റില്‍ 106 റണ്‍സിന്‍റെ ജയവുമായി ടീം ഇന്ത്യ തിരിച്ചടിച്ചു. രാജ്കോട്ടിലെ മൂന്നാം ടെസ്റ്റില്‍ 434 റണ്‍സിന്‍റെ തോല്‍വി നേരിടേണ്ടിവന്നത് ബെന്‍ സ്റ്റോക്സിനെയും ബ്രണ്ടന്‍ മക്കല്ലത്തിനെയും ബാസ്ബോള്‍ ശൈലിയെയും രൂക്ഷ വിമര്‍ശനത്തിന് വിധേയമാക്കിയിരിക്കുകയാണ്. പാളുന്ന ബാസ്ബോള്‍ ശൈലിക്കെതിരെ ഇംഗ്ലീഷ് മുന്‍ താരങ്ങളില്‍ നിന്നുതന്നെ വിമര്‍ശനം ശക്തം. 

രാജ്കോട്ട് ടെസ്റ്റില്‍ നാലാം ഇന്നിംഗ്സില്‍ 557 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങിയ ഇംഗ്ലണ്ട് 39.4 ഓവറില്‍ 122 റണ്‍സില്‍ പുറത്തായി 434 റണ്‍സിന്‍റെ തോല്‍വി ഏറ്റുവാങ്ങുകയായിരുന്നു. പത്താമനായിറങ്ങി 33 റണ്‍സെടുത്ത മാര്‍ക് വുഡ് ആണ് ടോപ് സ്കോറര്‍ എന്നത് ഇംഗ്ലണ്ടിന്‍റെ ബാസ്ബോള്‍ ശൈലിയുടെ ദുര്‍ബലത തുറന്നുകാട്ടി. രവീന്ദ്ര ജഡേജ അഞ്ചും കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്രയും രവിചന്ദ്രന്‍ അശ്വിനും ഓരോ വിക്കറ്റും വീഴ്ത്തിയാണ് ഇംഗ്ലണ്ടിനെ തളച്ചത്. ആദ്യ ഇന്നിംഗ്സില്‍ ഇംഗ്ലണ്ട് 319 റണ്‍സ് നേടിയപ്പോള്‍ സെഞ്ചുറി നേടിയ ബെന്‍ ഡക്കെറ്റ് (153) മാത്രമായിരുന്നു 50 റണ്‍സ് പിന്നിട്ട ഏക ബാറ്റര്‍ എന്നതും ബാസ്ബോള്‍ ശൈലിക്കാര്‍ക്ക് നാണക്കേടായി. 

Read more: കൂട്ടപ്പിരിച്ചുവിടല്‍ വേണ്ടിവരും; തലപുകച്ച് ഇംഗ്ലണ്ട്, റാഞ്ചി ടെസ്റ്റ് ഇലവനില്‍ ഈ മാറ്റങ്ങള്‍ക്ക് വഴി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

കോലിയോ ബുംറയോ രോഹിതോ ബാബർ അസമോ അല്ല! 2025 ൽ പാകിസ്ഥാനികൾ ഏറ്റവുമധികം തിരഞ്ഞത് ആരെയെന്നറിയുമോ? ഒറ്റ ഉത്തരം, അഭിഷേക് ശർമ്മ
മുഷ്താഖ് അലി ടി20: പ്രാഥമിക ഘട്ടം കഴിയുമ്പോള്‍ റണ്‍വേട്ടയില്‍ ഒന്നാമനായി കുനാല്‍ ചന്ദേല, സഞ്ജു 23-ാം സ്ഥാനത്ത്