ഉദര അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്.
ദില്ലി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് ആശങ്കയായി ഓപ്പണര്‍ അഭിഷേക് ശര്‍മ അസുഖബാധിതനായി ആശുപത്രിയില്‍. വയറിലെ അണുബാധയെ തുടർന്നാണ് അഭിഷേകിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതോടെ വ്യാഴാഴ്ച നടക്കാനിരിക്കുന്ന നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ അഭിഷേക് കളിക്കുന്ന കാര്യം സംശയത്തിലാണെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അഭിഷേക് കളിച്ചില്ലെങ്കില്‍ പകരം മലയാളി താരം സഞ്ജു സാംസണാകും ഇഷാന്‍ കിഷനൊപ്പം ഓപ്പണ്‍ ചെയ്യുക.
ഉദര അണുബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ അഭിഷേകിനെ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണങ്ങൾ കൃത്യമായി മനസ്സിലാക്കാൻ ചില പരിശോധനകൾ നടക്കുന്നുണ്ട്. ഇന്ന് ഡിസ്ചാർജ് ചെയ്യുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. എന്നാൽ നമീബിയക്കെതിരായ മത്സരത്തിൽ അദ്ദേഹം കളിക്കാനുള്ള സാധ്യത കുറവാണ്" ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.
അമേരിക്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിന് മുൻപ് തന്നെ അഭിഷേകിന് സുഖമില്ലായിരുന്നുവെന്നും, എന്നാൽ മത്സരം കളിച്ചതോടെ ആരോഗ്യനില വഷളായെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. താരത്തിന് കടുത്ത പനിയും അനുഭവപ്പെട്ടിരുന്നു. ന്യൂഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടന്ന ടീമിന്‍റെ പരിശീലന സെഷനിലും ഇടംകൈയ്യൻ ഓപ്പണറായ അഭിഷേക് പങ്കെടുത്തില്ല.
അഭിഷേകിന് ഇപ്പോഴും ഉദരസംബന്ധമായ ചില ബുദ്ധിമുട്ടുകൾ ഉണ്ട്. രണ്ടു ദിവസത്തിനകം അദ്ദേഹം സുഖം പ്രാപിക്കുമെന്നും മത്സരത്തിന് ലഭ്യമാകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു," ടീം അസിസ്റ്റന്റ് കോച്ച് റയാൻ ടെൻ ഡോഷേറ്റ് ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ നേരിട്ട ആദ്യ പന്തിൽ തന്നെ അഭിഷേക് പുറത്തായിരുന്നു. ഇന്ത്യ ബൗൾ ചെയ്ത സമയത്ത് അദ്ദേഹം ഫീൽഡിംഗിന് ഇറങ്ങിയിരുന്നില്ല. പകരം സഞ്ജു സാംസൺ ആണ് മുഴുവൻ സമയവും ഫീൽഡ് ചെയ്തത്. മത്സരവിജയത്തിന് ശേഷം ടീമുകൾ പരസ്പരം ഹസ്തദാനം ചെയ്ത സമയത്തും താരം കളിക്കളത്തിൽ ഉണ്ടായിരുന്നില്ല.
അതേസമയം, നമീബിയക്കെതിരായ രണ്ടാം ഗ്രൂപ്പ് ഘട്ട മത്സരത്തിന് മുന്നോടിയായി വാഷിംഗ്ടൺ സുന്ദർ ഇന്ത്യൻ ടീമിനൊപ്പം ചേർന്നതായി റയാൻ ടെൻ ഡോഷേറ്റ് സ്ഥിരീകരിച്ചു. ജസ്പ്രീത് ബുംറയുടെ ഫിറ്റ്‌നസിനെക്കുറിച്ചും അദ്ദേഹം അപ്‌ഡേറ്റുകൾ നൽകി. പത്ത് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ബുംറ ബൗളിംഗ് പുനരാരംഭിച്ചെന്നും അദ്ദേഹം പൂർണ്ണ ആരോഗ്യവാനാണെന്നും കോച്ച് അറിയിച്ചു. അമേരിക്കയ്‌ക്കെതിരായ മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ പ്രകടനത്തെയും ഡോഷേറ്റ് പ്രശംസിച്ചു. കഴിഞ്ഞ കുറച്ചു കാലമായി മോശം ഫോമിലായിരുന്ന താരം നിർണ്ണായക പ്രകടനം കാഴ്ചവെച്ച് ടീമിനെ വിജയത്തിലേക്ക് നയിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
