ജഡേജയൊരു മീഡിയം പേസറായിരുന്നെങ്കില്‍ കുല്‍-ചാ സഖ്യത്തെ വീണ്ടും ഇന്ത്യന്‍ ടീമില്‍ കാണാമായിരുന്നുവെന്ന് ചാഹല്‍

By Web TeamFirst Published May 21, 2021, 1:48 PM IST
Highlights

ഹര്‍ദ്ദിക് പാണ്ഡ്യ പേസ് ഓള്‍ റൗണ്ടറായി ടീമിലുണ്ടായിരുന്നപ്പോഴാണ് ഞാനും കുല്‍ദീപും ഒരുമിച്ച് കളിച്ചിരുന്നത്. എന്നാല്‍ പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയതോടെ ഓള്‍ റൗണ്ടറുടെ സ്ഥാനത്ത് ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ എത്തി.

മുംബൈ: 2019ലെ ഏകദിന ലോകകപ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ്  ടീമിലെ നിര്‍ണായക സാന്നിധ്യങ്ങളായിരുന്നു ലെഗ് സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലും ചൈനാമാന്‍ സ്പിന്നറായ കുല്‍ദീപ് യാദവും. എന്നാല്‍ 2019 ജൂണിനുശേഷം ഇരുവരും ഒരുമിച്ച് ഇന്ത്യുടെ പ്ലേയിംഗ് ഇലവനില്‍ കളിച്ചിടില്ല. മധ്യനിരയില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കരായ ഇരുവരും ഒറ്റക്ക് ഒറ്റക്ക് ടീമിലെത്തിയെങ്കിലും രണ്ടുപേര്‍ക്കും കാര്യമായി ശോഭിക്കാനുമായില്ല.

2019ലെ ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ ചാഹല്‍ 10 ഓവറില്‍ 88 റണ്‍സും കുല്‍ദീപ് 10 ഓവറില്‍ 72 റണ്‍സും വഴങ്ങിയതായിരുന്നു ഇരുവരും ഒരുമിച്ച് കളിച്ച അവസാന മത്സരം. ഇടംകൈയന്‍ സ്പിന്നറായ കുല്‍ദീപിന് പകരം ഓള്‍ റൗണ്ടറായ രവീന്ദ്ര ജഡേജയാണ് ഇന്ത്യയുടെ രണ്ടാം സ്പിന്നറായി പിന്നീട് കളിക്കുന്നത്. ചാഹലിനൊപ്പം വീണ്ടും പന്തെറിയാന്‍ ആഗ്രഹമുണ്ടെന്ന് കുല്‍ദീപും അടുത്തിടെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സ്പോര്‍ട്സ് ടാക്കിന് നല്‍കിയ അഭിമുഖത്തില്‍ എന്തുകൊണ്ടാണ് കുല്‍ദീപിനൊപ്പം ഒരുമിച്ച് ഇന്ത്യന്‍ ടീമില്‍ കളിക്കാത്തത് എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ചാഹല്‍. ശരിയായ ടീം കോംബിനേഷന്‍ വേണ്ടതിനാലാണ് എന്നെയും കുല്‍ദീപിനെയും ഒരുമിച്ച് കളിപ്പിക്കാത്തത്. രവീന്ദ്ര ജഡേജ ഏകദിന, ടി20 ക്രിക്കറ്റില്‍ തിരിച്ചെത്തിയതോടെ ടീമിന്‍റെ കോംബിനേഷന്‍ മാറ്റി മറിക്കേണ്ടിവന്നു.

ഹര്‍ദ്ദിക് പാണ്ഡ്യ പേസ് ഓള്‍ റൗണ്ടറായി ടീമിലുണ്ടായിരുന്നപ്പോഴാണ് ഞാനും കുല്‍ദീപും ഒരുമിച്ച് കളിച്ചിരുന്നത്. എന്നാല്‍ പാണ്ഡ്യ പരിക്കേറ്റ് പുറത്തുപോയതോടെ ഓള്‍ റൗണ്ടറുടെ സ്ഥാനത്ത് ഇടം കൈയന്‍ സ്പിന്നറായ രവീന്ദ്ര ജഡേജ എത്തി. ഏഴാം നമ്പറില്‍ ബാറ്റ് ചെയ്യാനാവുന്ന താരത്തെയാണ് ടീമിന് ആവശ്യം. ജഡേജ തിരിച്ചെത്തിയപ്പോള്‍ നിര്‍ഭാഗ്യവശാല്‍ അദ്ദേഹം സ്പിന്നറായിപ്പോയി. ജഡേജ മീഡിയം പേസറായിരുന്നെങ്കില്‍ ഞാനും കുല്‍ദീപും ഒരുമിച്ച് ഇപ്പോഴും പ്ലേയിംഗ് ഇലവനില്‍ കളിക്കുമായിരുന്നുവെന്നും ചാഹല്‍ പറഞ്ഞു.

ഹര്‍ദ്ദിക് തിരിച്ചെത്തിയാല്‍ ഒരുപക്ഷെ കുല്‍-ചാ സഖ്യം വീണ്ടും പന്തെറിയുന്നത് നിങ്ങള്‍ക്ക് കാണാനാകും. ടീം കോംബിനേഷന്‍ ആണ് പ്രധാനം. എനിക്ക് അവസരം ലഭിച്ചില്ലെങ്കിലും ടീം ജയിക്കുകയാണെങ്കില്‍ സന്തോഷമെയുള്ളുവെന്നും ചാഹല്‍ പറഞ്ഞു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!