ഉന്‍മുക്തിന് കീഴില്‍ കളിച്ചു, ഇപ്പോള്‍ അവന് പിന്നാലെ പോകുന്നു; മറ്റൊരു യുവതാരം കൂടി യുഎസ് ക്രിക്കറ്റിലേക്ക്

By Web TeamFirst Published Aug 23, 2021, 3:22 PM IST
Highlights

യുഎസ് ടീം സിയാറ്റില്‍ തണ്ടര്‍ബോള്‍ട്ടുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍മീത് ഇക്കാര്യം വ്യക്തമാക്കിയത്.

ദില്ലി: ഉന്‍മുക്ത് ചന്ദിന് പിന്നാലെ മറ്റൊരു അണ്ടര്‍ 19 താരം കൂടി മൈനര്‍ ലീഗ് ക്രിക്കറ്റിലേക്ക്. 2012ല്‍ ചന്ദിന് കീഴില്‍ തന്നെ ലോകകപ്പ് കളിച്ച ഹര്‍മീത് സിംഗാണ് യുഎസിലേക്ക് ചേക്കേറാന്‍ ഒരുങ്ങുന്നത്. യുഎസ് ടീം സിയാറ്റില്‍ തണ്ടര്‍ബോള്‍ട്ടുമായി മൂന്ന് വര്‍ഷത്തെ കരാറിലാണ് താരം ഒപ്പുവച്ചത്. ടൈംസ് ഓഫ് ഇന്ത്യക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഹര്‍മീത് ഇക്കാര്യം വ്യക്തമാക്കിയത്.

മുംബൈ ടീമില്‍ വേണ്ടത്ര പരിഗണന ലഭിക്കാതിരുന്നതോടെയാണ് മറ്റുസാധ്യതകള്‍ തേടുന്നതെന്ന് ഹര്‍മീത് പറഞ്ഞു. 2012 അണ്ടര്‍ 19 ലോകകപ്പ് ഫൈനില്‍ കളിച്ച സ്പിന്നറാണ് ഹര്‍മീത്. 31 ഫസ്റ്റ്ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഹര്‍മീത് 87 വിക്കറ്റും 733 റണ്‍സും നേടി. ഇതില്‍ ഒരു സെഞ്ചുറിയും ഉള്‍പ്പെടും.

''ഞാന്‍ ജൂലൈയിലാണ് വിരമിച്ചത്. എനിക്ക് മുംബൈ ടീമില്‍ അവസരം കുറഞ്ഞതിനെ തുടര്‍ന്നാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. എന്റെ വരുമാനമാര്‍ഗം ക്രിക്കറ്റായിരുന്നു. യുഎസിലേക്ക് മാറാന്‍ തന്നെയാണ് തീരുമാനം. 30 മാസം തുടര്‍ച്ചയായി യുഎസില്‍ താമസമാക്കിയില്‍ അവരുടെ ദേശീയതലത്തില്‍ കളിക്കാന്‍ സാധിക്കും. ഞാനിപ്പോള്‍ 12 മാസം പൂര്‍ത്തിയാക്കി. 18 മാസം ഇനിയം ബാക്കിയുണ്ട്. 2023 വര്‍ഷമാദ്യം എനിക്ക് യുഎസിന് വേണ്ടി കളിക്കാനാകുമെന്നാണ് ഞാന്‍ കരുതുന്നത്.

ലോകകപ്പ് വിജയത്തിന് ശേഷം ഞാന്‍ മുംബൈക്ക് വേണ്ടി ഇറാനി, ദുലീപ് ട്രോഫി എന്നിവയില്‍ കളിച്ചു. മികച്ച പ്രകടനം പുറത്തെടുത്തിട്ടും എനിക്ക് മുംബൈയുടെ രഞ്ജി ടീമില്‍ ഇടം ലഭിച്ചില്ല. തുടര്‍ച്ചയായി ഞാന്‍ തഴയപ്പെട്ടു. ഞാന്‍ ഹരിയാനയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ അവസരം നല്‍കുമെന്ന് മുംബൈ ടീം മാനേജ്‌മെന്റ് എന്നെ ബോധിപ്പിച്ചു. എന്നാല്‍ വീണ്ടും അവഗണന മാത്രമാണ് ലഭിച്ചത്. 

ഇക്കാലത്ത് എന്റെ കഴിവില്‍ വിശ്വസിച്ചിരുന്നു ഒരാള്‍ രാഹുല്‍ ദ്രാവിഡായിരുന്നു. ആ സമയത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ മെന്ററായിരുന്നു അദ്ദേഹം. എനിക്ക് ക്രിക്കറ്റൊന്നുമില്ലാത്ത സമയത്ത് അദ്ദേഹം എന്നെ രാജസ്ഥാന്‍ റോയല്‍സിലേക്ക് ക്ഷണിച്ചിരുന്നു. അന്നെനിക്ക് അദ്ദേഹത്തോട് വേണ്ടവിധത്തില്‍ നന്ദി പറയാന്‍ പോലും സാധിച്ചില്ല.'' ഹര്‍മീത് പറഞ്ഞുനിര്‍ത്തി.

ചന്ദ് സിലിക്കാന്‍ വാലി സ്‌ട്രൈക്കേഴ്‌സിന്റെ താരമാണ്. ഇന്നലെ നടന്ന മത്സരത്തില്‍ താരം ആദ്യ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. നാല് മത്സരങ്ങളാണ് ചന്ദ് ഇതുവരെ കളിച്ചത്. 77 റണ്‍സാണ് ആകെ സമ്പാദ്യം. 

click me!