ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം, അതുതന്നെയാണ് സഞ്ജു സാംസണിന് ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് ഓടിക്കയറാനുള്ള അവസാന ലാപ്പും
2026 ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ പ്രഖ്യാപനത്തിലേക്ക് ഇനി അധികദൂരമില്ല. ഒരു ചോദ്യം മാത്രമാണ് മുന്നിലുള്ളത്. അവഗണനകള്‍ക്കും അവസരനിഷേധങ്ങള്‍ക്കും ഒടുവില്‍ മലയാളി താരം സഞ്ജു സാംസണിന് ആ സംഘത്തില്‍ ഇടമുണ്ടാകുമോയെന്ന്. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി 20 പരമ്പരയിലെ അഞ്ചാം മത്സരം, അതുതന്നെയാണ് സഞ്ജുവിന് ലോകകപ്പ് ടീമിലേക്ക് ഓടിക്കയറാനുള്ള അവസാന ലാപ്പും. അഹമ്മദാബാദും ക്രിക്കറ്റ് ആരാധകരും കാത്തിരിക്കുന്നതും ടെയില്‍ എൻഡില്‍ എന്ത് സംഭവിക്കുമെന്ന് അറിയാനാണ്.
കട്ടക്കിലും മുലൻപൂരിലും ധരംശാലയിലും ഉപനായകൻ ശുഭ്മാൻ ഗില്‍ പരാജയപ്പെട്ട് ഡ്രെസിങ് റൂമിലേക്ക് തല താഴ്ത്തി മടങ്ങുമ്പോള്‍ ഡഗൗട്ടിലുണ്ടായിരുന്നു സഞ്ജു. പരമ്പരയില്‍ മൂന്ന് മത്സരങ്ങളിലായി നേടിയത് 32 റണ്‍സ് മാത്രമാണ്. സ്ട്രൈക്ക് റേറ്റ് 103. ധരംശാലയില്‍ ഗില്‍ സ്കോര്‍ബോര്‍ഡിലേക്ക് ചേര്‍ത്ത 28 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. 28 പന്തുകള്‍ നേരിട്ട ഇന്നിങ്സില്‍ 11.4 ഓവറുകളായിരുന്നു ഗില്‍ ക്രീസിലുണ്ടായിരുന്നത്. ഭാഗ്യം പലകുറി തുണച്ച ഇന്നിങ്സില്‍ സമ്മര്‍ദം തളം കെട്ടി നില്‍ക്കുന്നുണ്ടായിരുന്നു.
പവര്‍പ്ലേയില്‍ 14 പന്തില്‍ 20 റണ്‍സ് നേടിയ ഗില്‍ ശേഷം നേരിട്ട 14 പന്തില്‍ എട്ട് റണ്‍സാണ് സ്കോര്‍ ചെയ്തത്. നേടിയത് ഒരു ബൗണ്ടറി, അതും ഇൻസൈഡ് എഡ്ജില്‍ നിന്നായിരുന്നു. ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാതെ ട്വന്റി 20യില്‍ 18 ഇന്നിങ്സുകള്‍ താണ്ടിയിരിക്കുന്നു ഗില്‍. 2024ലേക്കാള്‍ ഇരട്ടിയോളം ട്വന്റി 20കള്‍ ഈ വര്‍ഷം കളിച്ച ഗില്ലിന് പോയ വര്‍ഷത്തേക്കാള്‍ 25 റണ്‍സ് മാത്രമാണ് നേടാനായതും. 24 ശരാശരിയിലും 137 സ്ട്രൈക്ക് റേറ്റിലും 291 റണ്‍സ്. ഇവിടെയാണ് സഞ്ജു സാംസണ്‍ കാഴ്ചക്കാരന്റെ റോള്‍ വഹിക്കുന്നത്.
ഓപ്പണറായി 17 ഇന്നിങ്സുകളാണ് സഞ്ജു കളിച്ചത്, 178 സ്ട്രൈക്ക് റേറ്റില്‍ 522 റണ്‍സ്, മൂന്ന് സെഞ്ചുറി, ഒരു അര്‍ദ്ധ ശതകം. മറ്റ് ഫോര്‍മാറ്റുകളിലെ ഗില്ലിന്റെ കണക്കുകള്‍ എത്ര നിരത്തിയാലും ട്വന്റി 20യില്‍ സഞ്ജുവിന്റെ മികവ് അഗ്രസീവ് സമീപനവും പുറത്തെടുക്കാൻ ഗില്ലിന് കഴിഞ്ഞിട്ടില്ല എന്ന് ഈ അക്കങ്ങള്‍ തെളിയിക്കുന്നു. കാല്‍പാദത്തിനേറ്റ പരുക്ക് മൂലം ഗില്‍ അഹമ്മദാബാദില്‍ കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. പക്ഷേ, ടീമിനൊപ്പം അഹമ്മദാബാദിലേക്ക് ഗില്‍ യാത്ര ചെയ്തിട്ടുണ്ട്, ഗില്ലിന്റെ ശാരീരികക്ഷമത അനുസരിച്ചായിരിക്കും അന്തിമ ഇലവനിലെ സ്ഥാനം.
ഗില്ലിന് അവസരം ലഭിച്ചില്ലെങ്കില്‍ പ്ലെയിങ് ഇലവനില്‍ സഞ്ജുവിന്റെ എൻട്രി പ്രതീക്ഷിക്കാം. അഹമ്മദാബില്‍ മികച്ച റെക്കോര്‍ഡുണ്ട് സഞ്ജുവിന്. 147 സ്ട്രൈക്ക് റേറ്റില്‍ 155 റണ്‍സ് അഞ്ച് മത്സരങ്ങളില്‍ നേടിയിട്ടുണ്ട്. ഒരു അര്‍ദ്ധ സെഞ്ചുറിയും ഉള്‍പ്പെടുന്നു. അതുകൊണ്ട് ലഭിക്കാൻ സാധ്യതയുള്ള ഈ അവസരം പൂര്‍ണമായും വിനിയോഗിക്കേണ്ടതുണ്ട് സഞ്ജുവിന്. ട്വന്റി 20 ലോകകപ്പിന് മുന്നോടിയായി ഇനി ഇന്ത്യക്ക് മുന്നിലുള്ളത് ന്യൂസിലൻഡിനെതിരായ പരമ്പര മാത്രമാണ, അഞ്ച് മത്സരങ്ങളാണുള്ളത്. പരമ്പരയ്ക്ക് ഇറങ്ങുന്ന ടീം തന്നെയാകും ലോകകപ്പ് പ്രതിരോധിക്കാനും നീലക്കുപ്പായം അണിയുക.
ഏഷ്യ കപ്പ്, ഓസ്ട്രേലിയ പര്യടനം, ദക്ഷിണാഫ്രിക്കൻ പരമ്പര - ഈ മൂന്ന് അവസരങ്ങളിലും ഗില്‍ തുടരെ പരാജയപ്പെടുന്നതാണ് ക്രിക്കറ്റ് ലോകം കണ്ടത്. ലഭിച്ചത് അഞ്ച് അവസരങ്ങള്‍ മാത്രം, ഗില്ലിന് പതിനഞ്ചും. ഗില്ലിന് ഒരു അര്‍ദ്ധ ശതകം പോലും നേടാനായില്ലെങ്കില്‍ സഞ്ജുവിന് സ്ഥിരമായൊരു സ്ഥാനമില്ലാതെ ക്രീസിലെത്തിയിട്ടും അത് സാധിച്ചു. നായകൻ സൂര്യകുമാറിന്റേയും മുഖ്യപരിശീലകൻ ഗൗതം ഗംഭീറിന്റേയും വാക്കുകളില്‍ വ്യക്തമാണ് ഗില്‍ പുറത്തിരിക്കില്ലെന്ന്, എന്നാല്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനവും സഞ്ജുവിന് നിഷേധിക്കപ്പെടുന്നു.
ഗില്ലിനേക്കാള്‍ മിക്കച്ച റെക്കോര്‍ഡ് അന്താരാഷ്ട്ര ക്രിക്കറ്റിലുള്ള സഞ്ജു ജിതേഷിനേക്കാള്‍ ബഹുദൂരം മുന്നിലുമാണ്. ഫിനിഷറെന്ന ആനുകൂല്യം ജിതേഷിന് ലഭിക്കുമ്പോള്‍ സഞ്ജുവാണ് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്യാൻ നിലവില്‍ ഏറ്റവും അനുയോജ്യനെന്ന പറഞ്ഞ ബാറ്റിങ് പരിശീലകനും ഇന്ത്യക്കുണ്ട്. ഇതെല്ലാം ഒരു വശത്ത് യാഥാര്‍ത്ഥ്യമായി നിലനില്‍ക്കുമ്പോഴാണ് സഞ്ജു പുറത്തിരിക്കുന്നത്. ജിതേഷിനും കാര്യമായ ഇംപാക്റ്റുണ്ടാക്കാൻ ലഭിച്ച അവസരങ്ങളില്‍ കഴിഞ്ഞിട്ടുമില്ല. ദുബെ, ഹാര്‍ദിക്ക്, സഞ്ജു തുടങ്ങിയവരുള്ളപ്പോള്‍ ഇനിയൊരു ഡെസിഗ്നേറ്റഡ് ഫിനിഷറെന്ന ചോദ്യവുമുണ്ട്.
ലോകകപ്പ് ടീമില്‍ സഞ്ജു ഇടം പിടിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കാരണം, സഞ്ജുവിനെ ടീമിലെടുക്കുന്നതോടെ ഇന്ത്യക്ക് അനൂകൂല്യം രണ്ടാണ്. ഓപ്പണറും വിക്കറ്റ് കീപ്പറുമായ സഞ്ജുവിനെ രണ്ട് പൊസിഷനിലേയും പ്രധാന താരമായും ബാക്കപ്പായും പരിഗണിക്കാനാകും. ഇത് മറ്റൊരു പ്രോപ്പര്‍ ബാറ്ററെയോ അല്ലെങ്കില്‍ ഒരു ബൗളറെയോ സ്ക്വാഡിലേക്ക് കൊണ്ടുവരാനും സഹായിക്കും.
2024 ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ റിഷഭ് പന്തിന്റെ സാന്നിധ്യമായിരുന്നു സഞ്ജുവിന്റെ സാധ്യതകളടച്ചത്. ടീമിലെത്താനാകുമായിരുന്നെങ്കിലും വിന്നിങ് കോമ്പിനേഷൻ ബ്രേക്ക് ചെയ്യാൻ ഇന്ത്യ തയാറായിരുന്നില്ല. ലോകകപ്പില്‍ രോഹിത് ശര്‍മയുടെ കീഴില്‍ കളിക്കാൻ കഴിയാതെ പോയതിന്റെ നിരാശ സഞ്ജു മറച്ചുവെച്ചിട്ടുമില്ല. ഫൈനലിന് മുന്നോടിയായി ടീമില്‍ എന്തുകൊണ്ട് ഉള്‍പ്പെടുത്തിയില്ല എന്ന സഞ്ജുവിനോട് വിവരിക്കാൻ രോഹിത് തയാറായിരുന്നു.
അന്ന് സഞ്ജുവിന് പ്രതികൂലമായി ചിലതുണ്ടായിരുന്നെങ്കില്‍ ഇന്നത്തെ സാഹചര്യമതല്ല. പ്രകടനത്തിന്റെ കാര്യത്തിലും അല്ലെങ്കില്‍ അര്‍ഹതയുടെ കാര്യത്തിലും സഞ്ജു മുൻപന്തിയില്‍ തന്നെയാണ്. അതുകൊണ്ട് 2024 ലോകകപ്പ് ഇത്തവണ ആവര്‍ത്തിക്കില്ലെന്ന് കരുതാം.


