
2010 ഫെബ്രുവരി 19, ചരിത്രമുറങ്ങുന്ന മെല്‍ബണ്‍ ക്രിക്കറ്റ് മൈതാനത്ത് ഓസ്‌ട്രേലിയയുടെ ഏകദിന കുപ്പായമണിഞ്ഞ് ഒരു ഇരുപതുകാരന്‍ പയ്യനിറങ്ങി. വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിലായിരുന്നു അവനാദ്യമായി ഏകദിന ടീമിലേക്ക് നറുക്ക് വീഴുന്നത്. അന്ന് അവന്‍ വലം കയ്യന്‍ ലെഗ് സ്പിന്നറായിരുന്നു. റിക്കി പോണ്ടിങ്ങെന്ന അതികായന്റെ കരിയറിലെ അവസാന നാളുകളിലായിരുന്നു അവന്റെ വരവ്. പോണ്ടിങ്ങിന് പകരം വെക്കാനുള്ള ക്രിക്കറ്റ് ബ്രെയിന്‍ ആരെന്ന ചോദ്യം ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് തലപ്പത്ത് ഉദിച്ച സമയം കൂടിയായിരുന്നു അത്. അതിനെല്ലാം ഉത്തരമായി ആ വലം കയ്യന്‍ ലെഗ് സ്പിന്നര്‍, സ്റ്റീവന്‍ പീറ്റര്‍ ഡെവറൂക്‌സ് സ്മിത്ത്.
വിന്‍ഡീസിനെതിരെ 9.5 ഓവറില്‍ 78 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത് ആരംഭിച്ച ഏകദിന കരിയര്‍ ഐസിസി ചാമ്പ്യന്‍സ് ട്രോഫി സെമി ഫൈനലില്‍ 73 റണ്‍സെടുത്ത് അവസാനിച്ചിരിക്കുന്നു. 15 വര്‍ഷം നീണ്ട കരിയറിലെ സ്മിത്തിന്റെ നമ്പറുകള്‍ ഒരുപക്ഷേ അയാളെ ഏകദിനം കണ്ട ഏറ്റവും മികച്ച ബാറ്റര്‍മാരിലൊരാളായി കണക്കാക്കാന്‍ കഴിയുന്നതായിരിക്കില്ല. 154 ഇന്നിങ്‌സുകളില്‍ നിന്ന് 5800 റണ്‍സ്, 12 സെഞ്ചുറികളും 35 അര്‍ധ സെഞ്ചുറികളും. മൂന്ന് ഫോര്‍മാറ്റിലും വിരാട് കോലിയെ ഒരുപോലെ തിളങ്ങുന്ന ശൈലിയായിരുന്നില്ല സ്മിത്തിന്റേത്. ഒരു പ്രോപ്പര്‍ ടെസ്റ്റ് ബാറ്ററായ സ്മിത്ത്, ഏകദിനത്തില്‍ എല്ലാ നിര്‍ണായക സാഹചര്യങ്ങളിലും ഓസീസ് ബാറ്റിങ് നിരയ്ക്ക് താങ്ങായിട്ടുണ്ട്.
2015 ലോകകപ്പിലെ സ്മിത്ത് ഹീറോയിക്സ്
2015 ഏകദിന ലോകകപ്പ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. പരിചയസമ്പന്നമായ ഒരു ബാറ്റിങ് നിരയുമായല്ലായിരുന്നു ഓസീസ് സ്വന്തം നാട്ടില്‍ കിരീടം തിരിച്ചുപിടിക്കാനിറങ്ങിയത്. ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, ഗ്ലെന്‍ മാക്സ്വെല്‍, സ്റ്റീവ് സ്മിത്ത് എന്നിവര്‍ക്ക് പുറമെ ഷെയിന്‍ വാട്ട്സണും മൈക്കല്‍ ക്ലാര്‍ക്കും മാത്രം. ക്ലാര്‍ക്കിന്റെ ഏകദിന കരിയറിന് ലോകകപ്പ് നല്‍കി തിരശീലയിടാന്‍ തീരുമാനിച്ചിറങ്ങിയതായിരുന്നു ഓസീസ്. പരിചയസമ്പന്നത കുറഞ്ഞ ബാറ്റിങ് നിരയെ സ്മിത്ത് ഒറ്റയ്ക്ക് ചുമന്നെന്ന് തന്നെ പറയാം. മോശം തുടക്കമായിരുന്നു ടൂര്‍ണമെന്റില്‍ സ്മിത്തിന്റേത്. ആദ്യ മൂന്ന് കളിയില്‍ ഒന്‍പത് റണ്‍സ് മാത്രം. ഇതില്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴമൂലം ഉപേക്ഷിക്കുകയും ചെയ്തു. ഇംഗ്ലണ്ടിനോട് ജയിക്കുകയും ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടും അല്‍പ്പം ആശങ്കയിലായിരുന്നു കങ്കാരുപ്പട. എന്നാല്‍, സ്മിത്തെന്ന ബാറ്ററുടെ 2.0 വേര്‍ഷനായിരുന്നു പിന്നീട് കണ്ടത്.
ഗ്രൂപ്പ് സ്റ്റേജില്‍ അവശേഷിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളിലും അര്‍ദ്ധ സെഞ്ചുറി. അഫ്ഗാനിസ്ഥാനെതിരെ 98 പന്തില്‍ 95 റണ്‍സ്. ഡേവിഡ് വാര്‍ണറുമൊത്ത് അന്ന് രണ്ടാം വിക്കറ്റില്‍ ചേര്‍ത്തത് 260 റണ്‍സായിരുന്നു. പിന്നാലെ ശ്രിലങ്കയ്‌ക്കെതിരെ 88 പന്തില്‍ 72 റണ്‍സ്. നോക്കൌട്ട് ഘട്ടത്തിലും ഓസീസിനായി ബാറ്റിങ് നിരയെ ചലിപ്പിച്ചത് സ്മിത്ത് തന്നെയായിരുന്നു. പാകിസ്താനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയത് 69 പന്തില്‍ 65 റണ്‍സ്. ഓവലില്‍ പാകിസ്ഥാനെ ആറ് വിക്കറ്റിന് കീഴടക്കിയപ്പോള്‍ ടോപ് സ്‌കോറര്‍ സ്മിത്തായിരുന്നു. സെമി ഫൈനലില്‍ സ്മിത്തിന്റെ ബാറ്റിന്റെ ചൂടറിഞ്ഞത് അന്നത്തെ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയായിരുന്നു. അഫ്ഗാനിസ്ഥാനെതിരെ അഞ്ച് റണ്‍സിന് നഷ്ടമായ സെഞ്ചുറി സിഡ്‌നിയില്‍ ധോണിപ്പടയ്‌ക്കെതിരെ സ്മിത്ത് നേടി. 93 പന്തില്‍ 11 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 105 റണ്‍സ്. ഇന്ത്യയ്‌ക്കെതിരായ 95 റണ്‍സിന്റെ കൂറ്റന്‍ ജയത്തില്‍ കളിയിലെ താരമായതും സ്മിത്ത്.
ഫൈനലില്‍ ന്യൂസിലന്‍ഡിനെ കീഴടക്കി കിരീടം ചൂടുമ്പോള്‍ സ്‌കോര്‍ബോര്‍ഡില്‍ സ്മിത്തിന്റെ പേരില്‍ പുറത്താകാതെ 56 റണ്‍സുണ്ടായിരുന്നു. തുടര്‍ച്ചയായി അഞ്ച് അര്‍ദ്ധ സെഞ്ചുറി സ്‌കോറുള്‍പ്പെടെ ടൂര്‍ണമെന്റില്‍ 402 റണ്‍സുമായി ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോററായിരുന്നതും സ്മിത്തായിരുന്നു. ക്ലാര്‍ക്കിന്റെ പടിയിറക്കത്തിന് ശേഷം സ്മിത്തായിരുന്നു നായകവേഷത്തിലെത്തിയതും.
നിരാശപ്പെടുത്താത്ത തിരിച്ചുവരവ് (2019 ലോകകപ്പ്)
2018 ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇരുണ്ടകാലമായിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ പന്തുചുരണ്ടല്‍ വിവാദം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. ഉത്തരവാദിത്തം ഏറ്റെടുത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിങ്ങിപ്പൊട്ടിയ സ്മിത്തിനെ ക്രിക്കറ്റ് ആരാധകര്‍ക്ക് മറക്കാനാകില്ല. വിവാദം ആളിക്കത്തിയതോടെ സ്മിത്തിനും വാര്‍ണറിനും ഒരു വര്‍ഷത്തെ വിലക്കേര്‍പ്പെടുത്തി ക്രിക്കറ്റ് ഓസ്‌ട്രേലിയ. ഒരു വര്‍ഷം മൈതാനങ്ങളില്‍ കാണിയുടെ റോളായിരുന്നു ഇരുവര്‍ക്കും. ഓസീസിലെ തെരുവുകളിലൂടെ ക്രിക്കറ്റിലേക്ക് മടങ്ങിവരാന്‍ ആശിക്കുന്ന സ്മിത്തിനേയും വാര്‍ണറിനേയും കണ്ടും.
2019 ക്രിക്കറ്റ് ലോകകപ്പ് ടീമില്‍ ഇരുവരേയും ഉള്‍പ്പെടുത്തിയതിനെതിരെ വിമര്‍ശനം ഉയര്‍ന്നെങ്കിലും ബാറ്റുകൊണ്ടായിരുന്നു മറുപടി. 10 മത്സരങ്ങളില്‍ നിന്ന് നാല് അര്‍ദ്ധ സെഞ്ചുറി ഉള്‍പ്പെടെ 379 റണ്‍സ് സ്മിത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. വെസ്റ്റ് ഇന്‍ഡീസ്, ഇന്ത്യ, ശ്രീലങ്ക, ഇംഗ്ലണ്ട് എന്നീ ടീമുകള്‍ക്കെതിരെയായിരുന്നു സ്മിത്തിന്റെ അര്‍ദ്ധ സെഞ്ചുറികള്‍. സെമിയില്‍ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടെങ്കിലും 85 റണ്‍സുമായി സ്മിത്തായിരുന്നു ടോപ് സ്‌കോറര്‍. അന്ന് രണ്ടക്കം കടന്ന ഓസീസ് താരങ്ങള്‍ കേവലം നാലുപേര്‍ മാത്രമായിരുന്നു.
കിരീടത്തില്‍ വീണ്ടും മുത്തമിട്ട 2023
ഇന്ത്യന്‍ വിക്കറ്റുകളില്‍ മികച്ച റെക്കോര്‍ഡുള്ള സ്മിത്തിന് 2023 ലോകകപ്പ് അത്ര മികച്ചതായിരുന്നില്ല. 10 മത്സരങ്ങളില്‍ നിന്ന് 302 റണ്‍സ് മാത്രമായിരുന്നു സമ്പാദ്യം. രണ്ട് അര്‍ദ്ധ സെഞ്ചുറികളും നേടി. ബംഗ്ലാദേശിനും നെതര്‍ലന്‍ഡ്സിനുമെതിരെയായിരുന്നു നേട്ടം. ലോകകപ്പ് നേടിയതോടെ രണ്ട് ലോകകപ്പുകള്‍ സ്വന്തമാക്കിയ ചുരുക്കം താരങ്ങളിലൊരാളാകാനും സ്മിത്തിനായി. ഏകദിന കരിയര്‍ സ്മിത്തിന് മുന്നില്‍ അധിക കാലമില്ലെന്ന സൂചന കൂടിയായിരുന്നു 2023. 2022 വരെ പ്രതിവര്‍ഷം 60ന് മുകളിലായിരുന്നു സ്മിത്തിന്റെ ശരാശരി നിന്നിരുന്നത്. 2023, 2024 വര്‍ഷങ്ങളില്‍ ഇത് നാല്‍പ്പതുകളിലേക്കും മുപ്പതുകളിലേക്കും വീണിരുന്നു. ഈ വര്‍ഷവും വ്യത്യസ്തമല്ല കാര്യങ്ങള്‍. ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ഇന്ത്യയ്‌ക്കെതിരെ നേടിയ അര്‍ദ്ധ സെഞ്ചുറി മാറ്റി നിര്‍ത്തിയാല്‍ ഓര്‍മിക്കാന്‍ ഇന്നിങ്‌സുകളില്ലെന്ന് തന്നെ പറയാം. സ്മിത്തിന്റെ പകരക്കാരനെ മാര്‍നസ് ലെബുഷെയിനിലൂടെ ഓസീസ് കണ്ടെത്തിയിട്ടുണ്ടെന്ന് തന്നെ പറയാം. അങ്ങനെയാണ് വിലയിരുത്തലുകളും.
വെള്ളക്കുപ്പായത്തില്‍ തുടരും സ്മിത്തിസം
പുതുതലമുറയ്ക്ക് വഴിമാറിക്കൊടുത്ത് മഞ്ഞക്കുപ്പായം സ്മിത്ത് അഴിച്ചുവെക്കുമ്പോള്‍ അവസാന അധ്യായം ടെസ്റ്റിലായിരിക്കുമെന്ന് ഉറപ്പിക്കാം. ഓസ്‌ട്രേലിയ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാണ് സ്മിത്തെന്ന് കണക്കുകള്‍ പറയും. കേവലം 206 ഇന്നിങ്‌സില്‍ നിന്ന് ഇതുവരെ നേടിയത് 10,271 റണ്‍സ്. 36 സെഞ്ചുറികള്‍ ഇതുവരെ നേടി. ഓസീസിനായി കൂടുതല്‍ സെഞ്ചുറി നേടിയ റിക്കി പോണ്ടിങ്ങിലേക്ക് ദൂരം കേവലം അഞ്ച് സെഞ്ചുറികള്‍ മാത്രം. അതിലേക്ക് സ്മിത്തെത്താന്‍ അധികം വൈകില്ലെന്നാണ് സമീപകാല ഫോം വ്യക്തമാക്കുന്നതും.