
ചെന്നൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം നേടിയശേഷം എല്ലാവരും നായകന്‍ എം എസ് ധോണിയുടെ ഓട്ടോഗ്രാഫിനായി ഓടിയെത്തിയപ്പോള്‍ കൂട്ടത്തില്‍ ടീമിലെ ഒരു സഹതാരം കൂടിയുണ്ടായിരുന്നു. സി എസ് കെ പേസര്‍ ദീപക് ചാഹര്‍. പരിക്കു മൂലം സീസണിലെ പകുതി മത്സരങ്ങള്‍ നഷ്ടമായെങ്കിലും ഫൈനലില്‍ അടക്കം ചാഹര്‍ ഉജ്ജ്വലമായാണ് പന്തെറിഞ്ഞത്.
ഐപിഎല്‍ കിരീടം നേടിയ ശേഷം ഓട്ടോഗ്രാഫിനായി ഓടിയെത്തിയ ചാഹറിനെ ധോണി നിരുത്സാഹപ്പെടുത്തി എങ്കിലും വിടാതെ പിന്നാലെ കൂടിയ ചാഹര്‍ ഒടുവില്‍ ധോണിയുടെ കൈയില്‍ നിന്ന് ഓട്ടോഗ്രാഫ് വാങ്ങിയെടുത്തു. ഐപിഎല്ലിലെ കിരീടനേട്ടത്തിനുശേഷം ഇന്നലെ വീണ്ടും ചെന്നൈയിലെത്തിയ ധോണിക്ക് ആരാധകര്‍ വമ്പന്‍ സ്വീകരണമാണ് നല്‍കിയത്. ധോണിയുടെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ കമ്പനി നിര്‍മിക്കുന്ന എല്‍ജിഎം എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കാനാണ് സി എസ് കെ നായകന്‍ ചെന്നൈയിലെത്തിയത്.
സഹതാരമായ ദീപക് ചാഹറുമായുള്ള സൗഹൃദത്തെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ ധോണിയുടെ മറുപടി ശ്രദ്ധേയമായിരുന്നു. അവന്‍ പലപ്പോഴും മരുന്ന് പോലെയാണ്. അവന്‍ ഇല്ലെങ്കില്‍ അവനെവിടെയെന്ന് നമ്മള്‍ അന്വേഷിക്കും. ഇനി അവനുണ്ടെങ്കില്‍ എന്തിനാണ് അവനിവിടെ എന്ന് ചിന്തിക്കും. നല്ലകാര്യം എന്താണെന്നുവെച്ചാല്‍ അവന്‍റെ കുട്ടികളി കുറച്ചൊക്കെ കുറയുന്നുണ്ട്. പക്ഷെ അതിന് സമയം എടുക്കും.അതാണ് പ്രശ്നവും, എന്‍റെ ജീവിതത്തില്‍ അവനെ പക്വതയുള്ളയാളായി കാണാനാവുമെന്ന് തോന്നുന്നില്ലെന്നും ധോണി തമാശയായി പറഞ്ഞു.
2016ല്‍ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്‍റ്സില്‍ കളിക്കുമ്പോഴാണ് ചാഹര്‍ ധോണിയുടെ കണ്ണില്‍പ്പെടുന്നത്. 2017ല്‍ ധോണിക്ക് കീഴില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ ചാഹര്‍ പിന്നീട് ഇന്ത്യക്കായും കളിച്ചു. തുടര്‍ച്ചയായി പരിക്കേല്‍ക്കുന്നത് പക്ഷെ ചാഹറിന്‍റെ കരിയറില്‍ വലിയ തിരിച്ചടിയാണ്.