വായു മലിനീകരണം: ദില്ലി ടി20ക്കിടെ രണ്ട് താരങ്ങള്‍ ഛര്‍ദിച്ചു; ബിസിസിഐയെ പ്രതിരോധത്തിലാക്കി റിപ്പോര്‍ട്ട്

By Web TeamFirst Published Nov 6, 2019, 12:38 PM IST
Highlights

ദില്ലിയിലെ വായു മലിനീകരണം ഏറ്റവും മോശം നിലയിലായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഉള്‍പ്പെടെ അടച്ചിരുന്നു. എന്നിട്ടും ഇന്ത്യ- ബംഗ്ലാ ആദ്യ ടി20യുമായി ബിസിസിഐ മുന്നോട്ടുപോവുകയായിരുന്നു. 

ദില്ലി: വായു മലിനീകരണം രൂക്ഷമായ ദില്ലിയില്‍ നടന്ന ടി20ക്കിടെ രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ ഛര്‍ദിച്ചതായി റിപ്പോര്‍ട്ട്. അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തില്‍ സൗമ്യ സര്‍ക്കാരും മറ്റൊരു ബംഗ്ലാ താരവുമാണ് ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിച്ചത് എന്നാണ് ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പറയുന്നത്. മത്സരത്തില്‍ നിര്‍ണായകമായ 35 റണ്‍സ് നേടിയ താരമാണ് സൗമ്യ സര്‍ക്കാര്‍. 

ദില്ലിയിലെ വായു മലിനീകരണം ഏറ്റവും മോശം നിലയിലായതിനെ തുടര്‍ന്ന് സ്‌കൂളുകള്‍ ഉള്‍പ്പെടെ അടച്ചിരുന്നു. എന്നിട്ടും ഇന്ത്യ- ബംഗ്ലാ ആദ്യ ടി20യുമായി ബിസിസിഐ മുന്നോട്ടുപോവുകയായിരുന്നു. അവസാന മണിക്കൂറുകളില്‍ മത്സരം ദില്ലിയില്‍ നിന്ന് മാറ്റാന്‍ കഴിയില്ല എന്നായിരുന്നു ബിസിസിഐ തലവന്‍ സൗരവ് ഗാംഗുലിയുടെ നിലപാട്. തുടര്‍ന്ന് നായകന്‍ രോഹിത് ശര്‍മ്മയുടെ അഭിപ്രായം ബിസിസിഐ തേടിയപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ കളിക്കാന്‍ സമ്മതം അറിയിക്കുകയായിരുന്നു.

മത്സരം ദില്ലിയില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഇന്ത്യന്‍ ഓപ്പണറും നിലവില്‍ എംപിയുമായ ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പല കോണുകളില്‍ നിന്നുള്ള എതിര്‍പ്പുകള്‍ മറികടന്നാണ് മത്സരവുമായി ബിസിസിഐ മുന്നോട്ടുപോയത്. പ്രതികൂല സാഹചര്യത്തിലും കളിക്കാനിറങ്ങിയ ഇരു ടീമുകള്‍ക്കും മത്സരശേഷം സൗരവ് ഗാംഗുലി നന്ദിയറിയിച്ചിരുന്നു. 

ദില്ലിയില്‍ ഇത് പുത്തരിയല്ല!

ഇതാദ്യമല്ല ദില്ലിയിലെ വായു മലിനീകരണം താരങ്ങള്‍ക്ക് ഭീഷണിയാവുന്നത്. രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ പര്യടനത്തിനെത്തിയ ലങ്കന്‍ ടീമിലെ രണ്ട് താരങ്ങള്‍ ഡ്രസിംഗ് റൂമില്‍ ഛര്‍ദിച്ചിരുന്നു. പേസ് ബൗളര്‍മാരായ ലഹിരു ഗമേജും സുരംഗ ലക്‌മലുമാണ് അന്ന് അസ്വസ്ഥത പ്രകടിപ്പിച്ചത്. ലങ്കന്‍ താരങ്ങള്‍ മാസ്‌ക് ധരിച്ച് കളിക്കാനിറങ്ങിയതും വലിയ ചര്‍ച്ചയായിരുന്നു. ഇക്കുറി പല താരങ്ങളും പരിശീലനത്തിന് ഇറങ്ങിയത് മാസ്‌ക് ധരിച്ചാണ്. 

click me!