IND v NZ : കാണ്‍പൂരിലൊരുക്കിയിരിക്കുന്നത് സ്പിന്‍ കെണിയാണോ, ക്യൂറേറ്റര്‍ പറയുന്നു

By Web TeamFirst Published Nov 24, 2021, 10:46 PM IST
Highlights

മികച്ച പിച്ചാണ് കാണ്‍പൂരില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നാം ദിനം മുതല്‍ മാത്രമെ പിച്ചില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാനിടയുള്ളു. നവംബര്‍ മാസമായതിനാല്‍ മഞ്ഞുള്ളതുകൊണ്ട് പിച്ചില്‍ തുടക്കത്തില്‍ ഈര്‍പ്പമുണ്ടാവും. ഇത് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കും. രണ്ടാം ദിനം മുതല്‍ മാത്രമെ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കൂ.

കാണ്‍പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ്(IND v NZ) ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വേദിയാവുന്ന കാണ്‍പൂരിലെ ഗ്രീന്‍ പാര്‍ക്ക് സ്റ്റേഡിയത്തിലെ പിച്ച് (Green Park Pitch)സ്പിന്നിനെ തുണക്കുമോ എന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ആര്‍ അശ്വിനും(Ashwin) രവീന്ദ്ര ജഡേജക്കും(Jadeja) പുറമെ അക്സര്‍ പട്ടേലിനെ(Axar patel) കൂടി ഉള്‍പ്പെടുത്തി മൂന്ന് സ്പിന്നര്‍മാരുമായാവും ഇന്ത്യ ആദ്യ ടെസ്റ്റിനിറങ്ങുക എന്നാണ് സൂചന.

കാണ്‍പൂരിലെ പിച്ച് രണ്ടാം ദിനം മുതലെ സ്പിന്‍ ചെയ്തു തുടങ്ങൂവെന്ന് വ്യക്തമാക്കുകയാണ് ക്യൂറേറ്ററായ ശിവ് കുമാര്‍. ഏത് തരത്തിലുള്ള പിച്ചാകണമെന്ന കാര്യത്തില്‍ ഇന്ത്യന്‍ ടീം മാനേജ്മെന്‍റില്‍ നിന്നോ ബിസിസിഐയില്‍ നിന്നോ യാതൊരു നിര്‍ദേശവും ലഭിച്ചിട്ടില്ലെന്നും കുമാര്‍ പറഞ്ഞു.

മികച്ച പിച്ചാണ് കാണ്‍പൂരില്‍ ഒരുക്കിയിരിക്കുന്നത്. മൂന്നാം ദിനം മുതല്‍ മാത്രമെ പിച്ചില്‍ വിള്ളലുകള്‍ പ്രത്യക്ഷപ്പെടാനിടയുള്ളു. നവംബര്‍ മാസമായതിനാല്‍ മഞ്ഞുള്ളതുകൊണ്ട് പിച്ചില്‍ തുടക്കത്തില്‍ ഈര്‍പ്പമുണ്ടാവും. ഇത് പേസ് ബൗളര്‍മാര്‍ക്ക് അനുകൂലമായിരിക്കും. രണ്ടാം ദിനം മുതല്‍ മാത്രമെ സ്പിന്നര്‍മാര്‍ക്ക് സഹായം ലഭിക്കൂ.

സമീപകാലത്ത് ചില ടെസ്റ്റുകളൊക്കെ മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിക്കുന്നതിന് കാരണം പിച്ചിന്‍റെ മാത്രം പ്രശ്നമല്ല. ടി20 ക്രിക്കറ്റിന്‍റെ സ്വാധീനത്തില്‍ ബാറ്റര്‍മാര്‍ കൂടുതല്‍ നേരം പിടിച്ചു നില്‍ക്കുന്നത് കുറഞ്ഞുവരികയാണ്. ഇതുമൊരു കാരണമാണ്. കാണ്‍പൂരിലെ ടെസ്റ്റ് എന്തായാലും മൂന്ന് ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാവില്ലെന്ന് തനിക്ക് ആത്മവിശ്വാസമുണ്ടെന്നും ശിവ് കുമാര്‍ പറഞ്ഞു.

2016ല്‍ ഇന്ത്യയും ന്യൂസിലന്‍ഡും അവസാനമായി കാണ്‍പൂരില്‍ ഏറ്റുമുട്ടിയപ്പോള്‍ മത്സരം അഞ്ച് ദിവസവും നടന്നിരുന്നു. അന്ന് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒന്നാം ഇന്നിംഗ്സില്‍ 318 റണ്‍സിന് പുറത്തായി. 65 റണ്‍സെടുത്ത മുരളി വിജയ്യും 62 റണ്‍സെടുത്ത പൂജാരയുമാണ് ഇന്ത്യക്കായി തിളങ്ങിയത്. കിവീസ് ഒന്നാം ഇന്നിംഗ്സില്‍ 262 റണ്‍സാണെടുത്തത്. ജഡേജ അഞ്ചും അശ്വിന്‍ നാലും വിക്കറ്റെടുത്തു.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ മുരളി വിജയിയുടെയും(76) പൂജാരയുടെയും(78), രോഹിത് ശര്‍മയുടെയും(68), രവീന്ദ്ര ജഡേജയുടെയും(50) അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 377 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്തു. 434 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിംഗ്സിനിറങ്ങി കിവീസിനെ 236 റണ്‍സിന് ഓള്‍ ഔട്ടാക്കി ഇന്ത്യ 197 റണ്‍സിന്‍റെ കൂറ്റന്‍ ജയം സ്വന്തമാക്കി. 80 റണ്‍സെടുത്ത ലൂക്ക് റോഞ്ചിയായിരുന്നു ടോപ് സ്കോറര്‍. ഇന്ത്യക്കായി അശ്വിന്‍ ആറും ഷമി രണ്ടും വിക്കറ്റെടുത്തു,

click me!