IND v NZ : കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പിഴച്ചത് ആ തീരുമാനം, തുറന്നു പറഞ്ഞ് ഷെയ്ന്‍ വോണ്‍

By Web TeamFirst Published Nov 29, 2021, 7:33 PM IST
Highlights

അവസാന സെഷനില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയത്തിന് അടുത്തെത്തിയെങ്കിലും രചിന്‍ രവീന്ദ്രയുടെയും അജാസ് പട്ടേലിന്‍റെയും അപ്രതീക്ഷിത ചെറുത്തുനില്‍പ്പിലാണ് ഒടുവില്‍ സമനില വഴങ്ങിയത്. ഇരുവരും ചേര്‍ന്ന് ഒമ്പതോവറോളം പ്രതിരോധിച്ചു നിന്നതാണ് ഇന്ത്യയില്‍ നിന്ന് വിജയം അകറ്റിയത്.

കാണ്‍പൂര്‍: കാണ്‍പൂര്‍ ക്രിക്കറ്റ് ടെസ്റ്റില്‍(IND v NZ) ന്യൂസിലന്‍ഡിന്‍റെ ഒമ്പത് വിക്കറ്റ് വീഴ്ത്തിയിട്ടും സമനില വഴങ്ങേണ്ടിവന്നത് ഇന്ത്യയുടെ തെറ്റായ തീരുമാനം കാരണമാണെന്ന് തുറന്നു പറഞ്ഞ് ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍(Shane Warne). രണ്ടാം ന്യൂ ബോള്‍ എടുക്കാമായിരുന്നിട്ടും അതെടുക്കാതെ നാലോവര്‍ കൂടി എറിഞ്ഞതാണ് ന്യൂസിലന്‍ഡ് സമനിലയുമായി രക്ഷെപ്പെടാന്‍ കാരണമെന്നും വോണ്‍ വ്യക്തമാക്കി.

അവസാന സെഷനില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് വീഴ്ത്തി വിജയത്തിന് അടുത്തെത്തിയെങ്കിലും രചിന്‍ രവീന്ദ്രയുടെയും അജാസ് പട്ടേലിന്‍റെയും അപ്രതീക്ഷിത ചെറുത്തുനില്‍പ്പിലാണ് ഒടുവില്‍ സമനില വഴങ്ങിയത്. ഇരുവരും ചേര്‍ന്ന് ഒമ്പതോവറോളം പ്രതിരോധിച്ചു നിന്നതാണ് ഇന്ത്യയില്‍ നിന്ന് വിജയം അകറ്റിയത്. 81-ാം ഓവര്‍ മുതല്‍ രണ്ടാം ന്യൂ ബോള്‍ എടുക്കാമായിരുന്നിട്ടും പഴയ പന്തുവെച്ചു തന്നെ ഇന്ത്യ മൂന്നോവര്‍ കൂടി എറിഞ്ഞു. 84- ഓവറിലാണ് ഒടുവില്‍ ഇന്ത്യ ന്യൂ ബോള്‍ എടുക്കാന്‍ തീരുമാനിച്ചത്.

പുതിയ പന്തെടുക്കാന്‍ ഇന്ത്യ കാത്തിരുന്നത് അസാധാരണമാണെന്ന് വോണ്‍ പറഞ്ഞു. പുതിയ പന്തെടുക്കാമായിരുന്നിട്ടും അതെടുക്കാതിരുന്നു ഇന്ത്യയുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. പഴയ പന്തുവെച്ചുതന്നെ അവര്‍ പന്തെറിയുന്നത് അസാധാരമായിരുന്നു. കാരണം, വെളിച്ചം മങ്ങുന്നതും ഓവറുകള്‍ തീരുന്നതും ഇന്ത്യ കണക്കിലെടുത്തില്ല. പുതിയ പന്തെടുക്കാമായിരുന്നിട്ടും പഴയ പന്തുവെച്ചെറിഞ്ഞ ആ നാലോവറുകളാണ് കളി തിരിച്ചത്.

Very surprised India didn’t take the new ball when it was available !!!! Strange they are still bowling with the old ball as light and overs running out !!!!!! Thoughts ?

— Shane Warne (@ShaneWarne)

Will the 4 overs bowled with the old ball when the new ball was available be a turning point and allowed NZ to hang on or it won’t matter and India win ???

— Shane Warne (@ShaneWarne)

അത് ന്യൂസിലന്‍ഡിനെ പ്രതിരോധിച്ചു നില്‍ക്കാന്‍ സഹായിച്ചു. അല്ലായിരുന്നെങ്കില്‍ ഇന്ത്യ ജയിച്ചേനെ എന്നും വോണ്‍ ട്വിറ്ററില്‍ കുറിച്ചു. നേരത്തെ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സിലെ ഡിക്ലറേഷന്‍ വൈകിയതിനെതിരെ മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണും വിമര്‍ശിച്ചിരുന്നു.

ഇന്ത്യയുടെ ഡിക്ലറേഷന്‍ ഒരു അഞ്ചോവറെങ്കിലും നേരത്തെയാക്കാമായിരുന്നുവെന്നും ഇന്നിംഗ്സിന്‍റെ അവസാനം അക്സര്‍ പട്ടേലില്‍ നിന്നോ വൃദ്ധിമാന്‍ സാഹയില്‍ നിന്നോ റണ്ണെടുക്കാനുള്ള യാതൊരു ശ്രമവും കണ്ടില്ലെന്നും ലക്ഷ്മണ്‍ വിമര്‍ശിച്ചു.

click me!