പൊരുതിയത് ശ്രേയസും കാര്‍ത്തിക്കും മാത്രം; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 149 റണ്‍സ് വിജയലക്ഷ്യം

Published : Jun 12, 2022, 08:45 PM IST
പൊരുതിയത് ശ്രേയസും കാര്‍ത്തിക്കും മാത്രം; ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് 149 റണ്‍സ് വിജയലക്ഷ്യം

Synopsis

പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷന്‍ ആന്‍റിച്ച് നോര്‍ക്യയുടെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായി. 21 പന്തില്‍ 34 റണ്‍സെടുത്ത കിഷന്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി. കിഷന് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് കരുതലോടെയാണ് തുടങ്ങിയത്.

കട്ടക്ക്: ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് (India-South Africa) 149 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു. 40 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. 21 പന്തില്‍ 30 റണ്‍സുമായി അവസാന രണ്ടോവറില്‍ തകര്‍ത്തടിച്ച ദിനേശ് കാര്‍ത്തിക്കിന്‍റെ ഇന്നിംഗ്സാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കക്കായി ആന്‍റിച്ച് നോര്‍ക്യ രണ്ട് വിക്കറ്റെടുത്തു.

തുടക്കത്തിലെ അടിതെറ്റി

ടോസിലെ നിര്‍ഭാഗ്യം ഇന്ത്യയെ ബാറ്റിംഗിലും പിന്തുടര്‍ന്നു.ആദ്യ ഓവറില്‍ തന്നെ ഇന്ത്യക്ക് ഓപ്പണര്‍ റുതുരജാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. ഒരു റണ്ണെടുത്ത റുതുരാജിനെ റബാഡ കേശവ് മഹാരാജിന്‍റെ കൈകളിലെത്തിച്ചു. രണ്ടാം വിക്കറ്റില്‍ ശ്രേയസ്‍ അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുയര്‍ത്തിയ ഇഷാന്‍ കിഷനാണ് പവര്‍ പ്ലേയില്‍ ഇന്ത്യയെ കാത്തത്. പവര്‍ പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 42 റണ്‍സായിരുന്നു ഇന്ത്യ നേടിയത്

നടുവൊടിച്ച് പേസര്‍മാര്‍

പവര്‍ പ്ലേക്ക് പിന്നാലെ പ്രതീക്ഷ നല്‍കിയ ഇഷാന്‍ കിഷന്‍ ആന്‍റിച്ച് നോര്‍ക്യയുടെ ഷോട്ട് ബോളില്‍ പുള്‍ ഷോട്ടിന് ശ്രമിച്ച് പുറത്തായി. 21 പന്തില്‍ 34 റണ്‍സെടുത്ത കിഷന്‍ രണ്ട് ഫോറും മൂന്ന് സിക്സും പറത്തി. കിഷന് പകരം ക്രീസിലെത്തിയ ക്യാപ്റ്റന്‍ റിഷഭ് പന്ത് കരുതലോടെയാണ് തുടങ്ങിയത്. ആദ്യ ആറ് പന്തില്‍ അഞ്ച് റണ്‍സ് മാത്രമെടുത്ത പന്ത് കേശവ് മഹാരാജിനെതിരെ ക്രീസ് വിട്ടിറങ്ങി സിക്സടിക്കാനുള്ള ശ്രമത്തില്‍ വാന്‍ഡര്‍ ഡസ്സന് ക്യാച്ച് നല്‍കി മടങ്ങി. മൂന്നാം വിക്കറ്റ് നഷ്ടമാവുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 68 റണ്‍സെ ഉണ്ടായിരുന്നുള്ളു.

സ്കോര്‍ 100 കടക്കും മുമ്പെ പാണ്ഡ്യയും(9), പ്രതീക്ഷ നല്‍കിയ ശ്രേയസ് അയ്യരും(35 പന്തില്‍ 40) മടങ്ങിയതോടെ ഭേദപ്പെട്ട സ്കോറെന്ന ഇന്ത്യന്‍ പ്രതീക്ഷയും മങ്ങി. തുടക്കത്തില്‍ പതിവുപോലെ തകര്‍ത്തടിക്കാന്‍ ദിനേശ് കാര്‍ത്തിക്കിനും കഴിഞ്ഞില്ല. എന്നാല്‍ നോര്‍ക്യ എറിഞ്ഞ പത്തൊമ്പതാം ഓവറില്‍ 12 റണ്‍സും പ്രിട്ടോറിയസ് എറിഞ്ഞ ഇരുപതാം ഓവറില്‍ 18 റണ്‍സും അടിച്ച് കാര്‍ത്തിക് ഇന്ത്യയെ 148ല്‍ എത്തിച്ചു. അവസാന അഞ്ചോവറില്‍ 44 റണ്‍സ് മാത്രമാണ് ഇന്ത്യക്ക് നേടാനായത്. ഇതില്‍ പത്തൊമ്പതാം ഓവറിലെല്‍ 12 റണ്‍സും ഇരുപതാം ഓവറിലെ 18 റണ്‍സും ഉള്‍പ്പെടുന്നു.

ദക്ഷിണാഫ്രിക്കക്കായി ആന്‍റിച് നോര്‍ക്യ നാലോവറില്‍ 36 റണ്‍സിന് രണ്ട് വിക്കറ്റെടുത്തപ്പോള്‍ റബാഡ നാലോവറില്‍ 14 റണ്‍സ് മാത്രം വഴങ്ങിയും വെയ്ന്‍ പാര്‍ണല്‍ നാലോവറില്‍ 23 റണ്‍സിനും കേശവ് മഹാരാജ് രണ്ടോവറില്‍ 12 റണ്‍സിനും ഓരോ വിക്കറ്റെടുത്തു.

നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ഫീല്‍ഡിംഗ് തെര‍ഞ്ഞെടുക്കുകയായിരുന്നു. ആദ്യ മത്സരം കളിച്ച ടീമില്‍ രണ്ട് മാറ്റങ്ങളോടെയാണ് ദക്ഷിണാഫ്രിക്ക ഇന്നിറങ്ങുന്നത്. പരിക്കേറ്റ ക്വിന്‍റണ്‍ ഡി കോക്ക് ഇന്ന് ടീമിലില്ല.ടെംബാ ബാവുമക്കൊപ്പം റീസാ ഹെന്‍ഡ്രിക്കസാണ് ദക്ഷിണാഫ്രിക്കക്കായി ഓപ്പണറായി എത്തുന്നത്. വിക്കറ്റ് കീപ്പറായ ഹെന്‍റിച്ച് ക്ലാസനും ദക്ഷിണാഫ്രിക്കയുടെ അന്തിമ ഇലവനിലെത്തി. കൊവിഡ് മുക്തനാവാത്ത മാർക്രാം ഇന്നും ദക്ഷിണാഫ്രിക്കൻ നിരയിലില്ല. അതേസമയം, ആദ്യ മത്സരം തോറ്റ ടീമില്‍ ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ടിക്കറ്റ് എടുത്തത് മാഡ്രിഡിലേക്ക്, ലാൻഡ് ചെയ്തത് ലോകകപ്പിൽ, സൂര്യ ഭായ് വിളിച്ചാൽ വരാതിരിക്കാൻ പറ്റുമോയെന്ന് 'ഡിഎസ്പി' സിറാജ്
ഇതാണോ ലോക ചാമ്പ്യന്മാർ, അമേരിക്കയെ അടിയറവ് പറയിച്ചിട്ടും വാങ്കഡെയില്‍ നാണക്കേടിന്‍റെ റെക്കോര്‍ഡുമായി ഇന്ത്യ; വിമർശനവുമായി അശ്വിന്‍