
മുള്‍ട്ടാന്‍: വെടിക്കെട്ട് ബാറ്റിംഗിനും വിക്കറ്റ് കീപ്പിംഗിനും പേരുകേട്ട വെസ്റ്റ് ഇന്‍ഡീസ് നായകന്‍ നിക്കൊളാസ് പുരാന്‍(Nicholas Pooran) പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ(Pakistan vs West Indies) മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ബൗളിംഗിലും തിളങ്ങി. ഏകദിനങ്ങളില്‍ ഇതിനു മുമ്പ് ഒതു തവണ മാത്രം പന്തെറിഞ്ഞിട്ടുള്ള പുരാന്‍ പാക്കിസ്ഥാനെതിരെ പത്തോവറും തികച്ചെറിഞ്ഞ് നാലു നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി.
പാക്കിസ്ഥാനുവേണ്ടി ഓപ്പണര്‍മാരായ ഫഖര്‍ സമനും ഇമാമുള്‍ ഹഖും ഓപ്പണിംഗ് വിക്കറ്റില്‍ 12 ഓവറില്‍ 60 റണ്‍സടിച്ചു നില്‍ക്കെയാണ് പതിമൂന്നാം ഓവര്‍ എറിയാനായി പുരാന്‍ എത്തിയത്. വിന്‍ഡീസിനായി 43 ഏകദിനങ്ങളില്‍ കളിച്ചിട്ടുള്ള പുരാന്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് തന്‍റെ ഓഫ് സ്പിന്‍ പരീക്ഷിച്ചിട്ടുള്ളത്.
ആദ്യ ഓവറില്‍ അഞ്ച് റണ്‍സ് മാത്രം വഴങ്ങി പുരാന്‍ മികവ് കാട്ടി. രണ്ടാം ഓവറില്‍ എട്ട് റണ്‍സ് വഴങ്ങിയെങ്കിലും മൂന്നാം ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ ഫഖര്‍ സമനെ(35) ബൗള്‍ഡാക്കി പുരാന്‍ ഏകദിനത്തിലെ ആദ്യ വിക്കറ്റ് നേടി. ഓപ്പണിംഗ് വിക്കറ്റില്‍ 16 ഓവറില്‍ 83 റണ്‍സടിച്ച സമന്‍-ഇമാമുള്‍ കൂട്ടുകെട്ടാണ് പുരാന്‍ തകര്‍ത്തത്.
തന്‍റെ ആറാ ഓവറില്‍ ഇമാമുള്‍ ഹഖിനെയും(62), മുഹമ്മദ് ഹാരിസിനെയും വീഴ്ത്തി പുരാന്‍ പാക്കിസ്ഥാന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. തന്‍റെ ഏഴാം ഓവറില്‍ മുഹമ്മദ് റിസ്‌വാനെ(11) കൂടി മടക്കിയ പുരാന്‍ പത്തോവറും തികച്ചെറിഞ്ഞു. പത്തോവറില്‍ 48 റണ്‍സ് വഴങ്ങി നാലു വിക്കറ്റെടുത്ത പുരാന്‍ ഏകദിന ക്രിക്കറ്റിലെ തന്‍റെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം പുറത്തെടുത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!