ആശാനെ തോല്‍പിക്കാന്‍ ശിഷ്യന്‍; തകര്‍പ്പന്‍ റെക്കോര്‍ഡില്‍ ദ്രാവിഡിനെ മറികടക്കാനൊരുങ്ങി കോലി

By Jomit JoseFirst Published Sep 20, 2022, 10:20 AM IST
Highlights

രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് വിരാട് കോലിക്ക് 63 റണ്‍സിന്‍റെ അകലമേയുള്ളൂ

മൊഹാലി: വിമര്‍ശകര്‍ക്കെല്ലാം മറുപടി നല്‍കിയ ഏഷ്യാ കപ്പിന് ശേഷം വിരാട് കോലി ഓസ്ട്രേലിയക്കെതിരെ ടി20യില്‍ ഇന്നിറങ്ങുകയാണ്. ഏഷ്യാ കപ്പിലെ  അവസാന മത്സരത്തിലെ സെഞ്ചുറിയുടെയും ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായതിന്‍റേയും ആത്മവിശ്വാസം കോലിക്കുണ്ട്. പാറ്റ് കമ്മിന്‍സും ജോഷ് ഹേസല്‍വുഡും അടങ്ങുന്ന ഓസീസിനെതിരെ ഫോം തുടരാനായാല്‍ കോലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടമാണ്. അതും നിലവിലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാനുള്ള സുവര്‍ണാവസരം. 

രാജ്യാന്തര ക്രിക്കറ്റില്‍ ടീം ഇന്ത്യക്കായി കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന നേട്ടത്തിലേക്ക് വിരാട് കോലിക്ക് 63 റണ്‍സിന്‍റെ അകലമേയുള്ളൂ. 24002 റണ്‍സുള്ള കോലിക്ക് മുന്നിലുള്ളത് ഇന്ത്യയുടെ ബാറ്റിംഗ് വന്‍മതില്‍ രാഹുല്‍ ദ്രാവിഡ്. 24064 റണ്‍സാണ് ദ്രാവിഡിന്‍റെ സമ്പാദ്യം. 34357 റണ്‍സുമായി മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് പട്ടികയില്‍ തലപ്പത്ത്. 102 ടെസ്റ്റില്‍ 8074 റണ്‍സും 262 ഏകദിനങ്ങളില്‍ 12344 റണ്‍സും 104 രാജ്യാന്തര ടി20കളില്‍ 3584 റണ്‍സുമാണ് വിരാട് കോലിയുടെ സമ്പാദ്യം. അതേസമയം രാഹുല്‍ ദ്രാവിഡിന് 164 ടെസ്റ്റില്‍ 13288 ഉം 344 ഏകദിനങ്ങളില്‍ 10889 ഉം ഒരു രാജ്യാന്തര ടി20യില്‍ 31 ഉം റണ്‍സാണ് നേട്ടം. 

ടി20 ലോകകപ്പിന് മുമ്പ് ഇരു ടീമുകളുടെയും ശക്തി അളക്കുന്ന ഇന്ത്യ-ഓസ്ട്രേലിയ ട്വന്‍റി 20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാവും. മൊഹാലിയിൽ വൈകിട്ട് ഏഴരയ്ക്ക് മൂന്ന് ടി20കളുടെ പരമ്പരയിലെ ആദ്യ മത്സരം നടക്കും. ഇന്ത്യക്ക് വിരാട് കോലി സെഞ്ചുറി വരൾച്ച അവസാനിപ്പിച്ചത് പരമ്പരയില്‍ വലിയ പ്രതീക്ഷയാണ്. ഏഷ്യാ കപ്പിലെ അവസാന സൂപ്പർ ഫോർ മത്സരത്തില്‍ അഫ്ഗാനെതിരെ ഓപ്പണറായി ഇറങ്ങി കോലി 61 പന്തില്‍ പുറത്താകാതെ 122 റണ്‍സ് നേടിയിരുന്നു. 2019 നവംബറിന് ശേഷം കോലിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയായിരുന്നു ഇത്. ഏഷ്യാ കപ്പില്‍ 92 ശരാശരിയിലും 147.59 സ്ട്രൈക്ക് റേറ്റിലും 276 റണ്‍സ് നേടിയ വിരാട് കോലി ടൂര്‍ണമെന്‍റിലെ രണ്ടാമത്തെ ഉയര്‍ന്ന റണ്‍വേട്ടക്കാരനായി മാറിയിരുന്നു. 

രോഹിത് ശര്‍മ്മ, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ഭുവി; ഓസീസിനെതിരെ നാഴികക്കല്ലുകള്‍ പിന്നിടാന്‍ താരങ്ങള്‍

click me!