ഇഷാന്‍ കിഷന്‍ പുറത്തിരിക്കും, രാഹുലിന് ഗ്ലൗസ് കൈമാറില്ല; നാഗ്‌പൂര്‍ ടെസ്റ്റില്‍ അരങ്ങേറാന്‍ വിക്കറ്റ് കീപ്പര്‍

By Web TeamFirst Published Feb 6, 2023, 10:15 AM IST
Highlights

ഇതോടെ ഒന്നര വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുകയാണ്

നാഗ്‌പൂര്‍: ഓസ്ട്രേലിയക്കെതിരായ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്‍റിനെ ഏറ്റവും ആശങ്കയിലാക്കുന്നത് ഉചിതമായ പ്ലേയിംഗ് ഇലവന്‍ കണ്ടെത്തുന്നതാണ്. കൃത്യമായ ബൗളിംഗ്, ബാറ്റിംഗ് കോംപിനേഷന്‍ കണ്ടെത്തുന്നതിനൊപ്പം ആരെ വിക്കറ്റ് കീപ്പറാക്കും എന്നതും പ്രശസ്‌തമായ ചോദ്യമാണ്. സ്ഥിരം വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് കാറപകടത്തില്‍ പരിക്കേറ്റ് ചികില്‍സയിലായതിനാലാണ് വിക്കറ്റ് കീപ്പര്‍ സ്ഥാനം ആശയക്കുഴപ്പത്തിലായത്. വിക്കറ്റ് കീപ്പറായ കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ ഉറപ്പാണെങ്കിലും ബാറ്റിംഗ് ഭാരം കൂടി പരിഗണിച്ച് രാഹുലിനെ വിക്കറ്റ് കീപ്പറുടെ ഗ്ലൗ ഏല്‍പിച്ചേക്കില്ല.

ഇതോടെ ഒന്നര വര്‍ഷത്തെ നീണ്ട കാത്തിരിപ്പിനൊടുവില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍ കെ എസ് ഭരതിന് ടെസ്റ്റ് അരങ്ങേറ്റത്തിന് അവസരമൊരുങ്ങുകയാണ്. 'ഒന്നര വര്‍ഷത്തോളമായി ടീം ഇന്ത്യയുടെ ബഞ്ചിലുള്ള താരമാണ് ഭരത്. കെ എല്‍ രാഹുലിന് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏറെ പരിക്കേല്‍ക്കുകയുണ്ടായി. അതിനാല്‍ രാഹുലിനെ വിക്കറ്റ് കീപ്പിംഗ് ഏല്‍പിക്കുക എളുപ്പമല്ല. ടെസ്റ്റില്‍ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പര്‍മാരാണ് ആവശ്യം. കെ എസ് ഭരതും ഇഷാന്‍ കിഷനുമാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് കീപ്പര്‍മാര്‍. ഇവരില്‍ ആരെ കളിപ്പിക്കണം എന്നത് ടീം മാനേജ്‌മെന്‍റിന്‍റെ തീരുമാനമാണ്' എന്നും ബിസിസിഐ ഉന്നതന്‍ ഇന്‍സൈഡ് സ്പോര്‍ടിനോട് പറഞ്ഞു. 

വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇഷാന്‍ കിഷനാണ് മുന്‍തൂക്കം എങ്കിലും ടെസ്റ്റില്‍ കെ എസ് ഭരതിന് അവസരം ലഭിക്കാനാണ് സാധ്യത. സമീപകാലത്ത് കിഷന്‍റെ ഫോം അത്ര മികച്ചതല്ല. ഫസ്റ്റ് ക്ലാസിലും ലിസ്റ്റ് എയിലും മികച്ച ഫോമിലുമാണ് ഭരത്. ഇതിനാല്‍ ഓസീസിനെതിരെ നാഗ്‌പൂര്‍ ടെസ്റ്റില്‍ ഭരത് വിക്കറ്റ് കീപ്പറായി അരങ്ങേറിയേക്കും. 2021 മെയ് മാസത്തിലാണ് കെ എസ് ഭരത് ടെസ്റ്റ് സ്ക്വാഡിലെത്തിയത്. വൃദ്ധിമാന്‍ സാഹയ്ക്ക് കവര്‍ എന്ന നിലയ്ക്കാണ് അന്ന് താരം ടീമിലെത്തിയത്. 

ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.   

റിഷഭിന് പകരം ബാറ്റിംഗ് നെടുംതൂണ്‍ ആവേണ്ടത് അയാള്‍, പേരുമായി അശ്വിന്‍; പക്ഷേ ആശങ്ക

click me!