റിഷഭിന് പകരം ബാറ്റിംഗ് നെടുംതൂണ്‍ ആവേണ്ടത് അയാള്‍, പേരുമായി അശ്വിന്‍; പക്ഷേ ആശങ്ക
ഡിസംബറില്‍ നടന്ന കാര്‍ അപകടത്തിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കേറ്റത്

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയില്‍ ഓസ്ട്രേലിയക്കെതിരെ ടീം ഇന്ത്യയുടെ പ്രധാന അഭാവം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ്. ഓസീസിനെതിരെ മികച്ച പ്രകടനം മുമ്പ് പുറത്തെടുത്തിട്ടുള്ള പന്ത് വെടിക്കെട്ട് ബാറ്റിംഗിനും നാലാം ഇന്നിംഗ്‌സിലെ ഫിനിഷിംഗിനും പ്രശസ്‌തനാണ്. ഇന്ത്യന്‍ ടീം റിഷഭിന്‍റെ അഭാവം എങ്ങനെ നികത്തും എന്ന ആശങ്കകള്‍ക്കിടെ തന്‍റെ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയുടെ പ്രധാന ബാറ്റര്‍മാരാണ് റിഷഭ് പന്തും ശ്രേയസ് അയ്യരും. ഇന്ത്യന്‍ ബാറ്റിംഗ് ഓര്‍ഡറിന്‍റെ നട്ടെല്ലാണ് ശ്രേയസ്. അതിനാല്‍ റിഷഭ് പന്തിന്‍റെ അഭാവത്തില്‍ നിര്‍ണായകമാകാന്‍ പോകുന്ന താരം ശ്രേയസ് അയ്യരാണ് എന്നും അശ്വിന്‍ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. എന്നാല്‍ നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ശ്രേയസ് അയ്യര്‍ കളിക്കില്ല എന്നാണ് റിപ്പോര്‍ട്ട്. നടുവിനേറ്റ പരിക്കുമൂലം ന്യൂസിലന്‍ഡിന് എതിരായ വൈറ്റ് ബോള്‍ സീരീസ് പൂര്‍ണമായും അയ്യര്‍ക്ക് നഷ്‌ടമായിരുന്നു. 2021ല്‍ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യര്‍ ഏഴ് മത്സരങ്ങളില്‍ 56.72 ശരാശരിയില്‍ ഒരു സെഞ്ചുറിയും അഞ്ച് ഫിഫ്റ്റുകളും സഹിതം 624 റണ്‍സ് നേടിയിരുന്നു. ഇതില്‍ നാല് മത്സരങ്ങള്‍ ഹോം വേദികളിലായിരുന്നു. നാല് അര്‍ധ സെഞ്ചുറികളോടെ 388 റണ്‍സാണ് ഇന്ത്യയില്‍ നേടിയത്.
ഡിസംബറില്‍ നടന്ന കാര്‍ അപകടത്തിലാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന് പരിക്കേറ്റത്. കാല്‍മുട്ടിന് സാരമായി പരിക്കേറ്റ താരം പിന്നാലെ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ഇതിന് ശേഷം സുഖംപ്രാപിച്ച് വരികയാണ് റിഷഭ് പന്ത്.
ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.