ഹാര്‍ദിക്കില്ലേല്‍ ടീം ഇന്ത്യയില്ല; താരം ടീമില്‍ എത്രത്തോളം നിര്‍ണായകമെന്ന് ഡികെയുടെ വാക്കുകള്‍ തെളിവ്

By Jomit JoseFirst Published Sep 24, 2022, 2:24 PM IST
Highlights

അക്‌സര്‍ പട്ടേല്‍ ബാറ്റ് ചെയ്യുന്നത് ഇന്ത്യന്‍ ടീമിന് നല്ലതാണ്. അതും ടീമിനെ സന്തുലിതമാക്കും എന്നും ഡികെ

നാഗ്‌പൂര്‍: പരിക്കും ഫിറ്റ്‌നസ് പ്രശ്‌നങ്ങളും കഴിഞ്ഞ് ബാറ്റും ബോളും കൊണ്ട് വിസ്‌മയ പ്രകടനമാണ് ഐപിഎല്‍ മുതലിങ്ങോട്ട് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കാഴ്‌‌ചവെക്കുന്നത്. നാളുകളായി മികച്ച പേസ് ഓള്‍റൗണ്ടറെ തേടിയുള്ള ഇന്ത്യന്‍ സെലക്‌ടര്‍മാരുടെ അലച്ചിലുകള്‍ അവസാനിച്ചത് പാണ്ഡ്യയുടെ വരവോടെയാണ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ ഹാര്‍ദിക് പാണ്ഡ്യയാവും ഇന്ത്യയുടെ ഗതി നിര്‍ണയിക്കുക എന്നാണ് വിലയിരുത്തല്‍. ഇത് ശരിവെക്കുന്നതാണ് ദിനേശ് കാര്‍ത്തിക്കിന്‍റെ വാക്കുകള്‍. ടീം ഇന്ത്യയുടെ നട്ടെല്ല് പാണ്ഡ്യയാണ് എന്നാണ് ഡികെയുടെ അനുമാനം. 

'നാല് ബൗളര്‍മാരെ ഇന്ന് ആവശ്യമുണ്ടായിരുന്നുള്ളൂ. രണ്ട് ഓവര്‍ വീതം എല്ലാവര്‍ക്കും എറിയാം. അതിനാല്‍ നാല് ബൗളര്‍മാര്‍ മതി പ്ലേയിംഗ് ഇലവനില്‍. നമുക്ക് അഞ്ച് ഓപ്‌ഷനുകളുണ്ട് ബൗളിംഗില്‍. ഹാര്‍ദിക് പാണ്ഡ്യയെ പോലൊരു ഓള്‍റൗണ്ടര്‍ ടീമിന് ലക്ഷ്വറിയാണ്. ഹാര്‍ദിക് കളിക്കുമ്പോള്‍ ടീം വളരെ സന്തുലിതമാകും. നമുക്കൊരു അധിക ബൗളറെയോ ബാറ്ററേയോ കളിപ്പിക്കാം. അതാണ് ഹാര്‍ദിക് പാണ്ഡ്യയെ മറ്റ് താരങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത്തരം കഴിവുള്ള വളരെ കുറച്ച് താരങ്ങളെ ലോക ക്രിക്കറ്റിലുള്ളൂ. അതിനാലാണ് പാണ്ഡ്യയുള്ള ഇന്ത്യന്‍ ടീം അനുഗ്രഹീതമാകുന്നത്. അദ്ദേഹം മികച്ച പ്രകടനം പുറത്തെടുത്താല്‍ അത് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമാണ്. 

അക്‌സര്‍ പട്ടേല്‍ ബാറ്റ് ചെയ്യുന്നത് ഇന്ത്യന്‍ ടീമിന് നല്ലതാണ്. അതും ടീമിനെ സന്തുലിതമാക്കും. പ്ലേയിംഗ് ഇലവനുണ്ടാക്കുമ്പോള്‍ ഒരു അധിക ബാറ്ററെ കളിപ്പിക്കാം എന്ന് തോന്നുന്നുവെന്ന് കരുതുക. നമുക്ക് റിഷഭ് പന്തുണ്ട്. റിഷഭ് പന്തിന്‍റെ ക്വാളിറ്റി നമുക്കറിയുന്നതാണ്. നാല് ബൗളര്‍മാര്‍ക്കൊപ്പം ഹാര്‍ദിക് പാണ്ഡ്യയുമുള്ളപ്പോള്‍ അഞ്ച് ബൗളര്‍മാരെ കളിപ്പിക്കേണ്ട ആവശ്യമില്ല. അതിനാല്‍ നാഗ്‌പൂര്‍ ടി20യില്‍ റിഷഭ് പന്തിനെ കളിപ്പിക്കാന്‍ കൃത്യമായ തീരുമാനമാണ് ഇന്ത്യന്‍ മാനേജ്‌മെന്‍റ് കൈക്കൊണ്ടത് എന്നാണ് വിശ്വാസം' എന്നും ഡികെ മത്സര ശേഷം പറഞ്ഞു. 

ഓസീസിനെതിരായ നാഗ്‌പൂര്‍ ടി20യില്‍ ഇന്ത്യ ആറ് വിജയിച്ചപ്പോള്‍ ദിനേശ് കാര്‍ത്തിക്കിനെയും റിഷഭ് പന്തിനേയും കളിപ്പിച്ചിരുന്നു. റിഷഭിന് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചില്ല. മഴമൂലം മത്സരം എട്ട് ഓവറായി ചുരുക്കിയതിനാല്‍ അക്‌സര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുമ്ര, യുസ്‌വേന്ദ്ര ചാഹല്‍ എന്നിങ്ങനെ നാല് ബൗളര്‍മാരെയേ ഇന്ത്യ ഇറക്കിയുള്ളൂ. ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയായിരുന്നു അഞ്ചാം ബൗളര്‍. 

നാഗ്‌പൂര്‍ ടി20യിലേത് വെറും ജയമല്ല; പാകിസ്ഥാന്‍റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യ, തകര്‍ക്കാന്‍ സുവര്‍ണാവസരം

click me!