നാഗ്‌പൂര്‍ ടി20യിലേത് വെറും ജയമല്ല; പാകിസ്ഥാന്‍റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യ, തകര്‍ക്കാന്‍ സുവര്‍ണാവസരം

By Jomit JoseFirst Published Sep 24, 2022, 12:44 PM IST
Highlights

കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ കീഴിലാണ് ഇന്ത്യന്‍ ടീമിന്‍റെ കുതിപ്പ്

നാഗ്‌പൂര്‍: മഴയ്ക്ക് പിന്നാലെ റണ്‍മഴ കണ്ട നാഗ്‌പൂര്‍ ടി20യില്‍ ത്രില്ലര്‍ ജയവുമായി ടീം ഇന്ത്യ റെക്കോര്‍ഡ് ബുക്കില്‍. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ ടി20 വിജയങ്ങള്‍ നേടിയ പാകിസ്ഥാന്‍ ടീമിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി രോഹിത് ശര്‍മ്മയും സംഘവും. ഈ വര്‍ഷം ഇന്ത്യയുടെ 20-ാം ടി20 വിജയമാണ് നാഗ്‌പൂരില്‍ കണ്ടത്. 2021ലാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ഇരുപത് ടി20കള്‍ വിജയിച്ചത്. 

ഓസീസിനെതിരെ മൂന്നാം ടി20യും അതിന് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെ മൂന്ന് ടി20കളുടെ പരമ്പരയും അവശേഷിക്കുന്നതിനാല്‍ ഇന്ത്യക്ക് പാകിസ്ഥാന്‍റെ റെക്കോര്‍ഡ് ഉടന്‍ തകര്‍ക്കാന്‍ കഴിഞ്ഞേക്കും. പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്ക് ശേഷം ഇന്ത്യക്ക് ടി20 ലോകകപ്പ് ടൂര്‍ണമെന്‍റും അവശേഷിക്കുന്നുണ്ട്. കഴിഞ്ഞ ടി20 ലോകകപ്പിന് ശേഷം നായകസ്ഥാനം ഏറ്റെടുത്ത രോഹിത് ശര്‍മ്മയുടെ കീഴിലാണ് ഇന്ത്യന്‍ ടീമിന്‍റെ കുതിപ്പ്. 

ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ ബാറ്റ് കൊണ്ട് മുന്നില്‍നിന്ന് നയിച്ചപ്പോള്‍ നാഗ്‌പൂരില്‍ ഓസീസിനെതിരായ രണ്ടാം ടി20 ഇന്ത്യ ആറ് വിക്കറ്റിന് വിജയിച്ചു. ആരോണ്‍ ഫിഞ്ചും സംഘവും മുന്നോട്ടുവെച്ച 91 റണ്‍സ് വിജയലക്ഷ്യം 7.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തിലാണ് ഇന്ത്യ നേടിയത്. കെ എല്‍ രാഹുല്‍ പത്തിനും വിരാട് കോലി 11നും സൂര്യകുമാര്‍ യാദവ് റണ്ണൊന്നുമെടുക്കാതെയും ഹാര്‍ദിക് പാണ്ഡ്യ ഒന്‍പതിനും പുറത്തായപ്പോള്‍ 20 പന്തില്‍ 4 വീതം ഫോറും സിക്‌സും സഹിതം 46* റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 2 പന്തില്‍ സിക്‌സും ഫോറും പറത്തി 10* റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്കുമാണ് ഇന്ത്യയെ ജയിപ്പിച്ചത്. നേരിട്ട രണ്ട് പന്തില്‍ മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു ഡികെ. 13 റണ്‍സിന് രണ്ട് വിക്കറ്റുമായി അക്‌സര്‍ പട്ടേലും തിളങ്ങി. 

മത്സരം മഴമൂലം 8 ഓവറായി ചുരുക്കിയപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ അഞ്ച് വിക്കറ്റിന് 90 റണ്‍സെടുക്കുകയായിരുന്നു.15 പന്തില്‍ 31 റണ്‍സുമായി ആരോണ്‍ ഫിഞ്ച് മികച്ച തുടക്കം നല്‍കിയപ്പോള്‍ 20 പന്തില്‍ നാല് ഫോറും മൂന്ന് സിക്‌സും ഉള്‍പ്പടെ 43* റണ്‍സുമായി മാത്യൂ വെയ്‌ഡാണ് ഓസീസിനെ 90 റണ്‍സിലെത്തിച്ചത്. 

ട്രോളര്‍മാര്‍ ഒരുഭാഗത്ത്, പക്ഷേ നാഗ്‌പൂരിലെ ഗ്രൗണ്ട് സ്റ്റാഫിനെ പുകഴ്‌ത്തി ഹാര്‍ദിക്, അഭിനന്ദിച്ച് ദ്രാവിഡും

click me!