
ഗുവാഹത്തി: 'എന്നാലും ഇഷാന്‍ കിഷന്‍, ഈ ചെയ്‌ത്ത് വേണ്ടായിരുന്നു'... ഓസ്ട്രേലിയക്ക് എതിരായ മൂന്നാം ട്വന്‍റി 20യില്‍ ഇന്ത്യ അവസാന പന്തില്‍ തോറ്റപ്പോള്‍ ആരാധക വിമര്‍ശനം നേരിടുന്ന താരങ്ങളിലൊരാള്‍ വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷനാണ്. വിക്കറ്റിന് പിന്നിലെ ചോരുന്ന കൈകള്‍ മാത്രമല്ല മത്സരത്തില്‍ കിഷനെ കുപ്രസിദ്ധനാക്കിയത്. ഓസീസ് നായകന്‍ മാത്യൂ വെയ്‌ഡിന്‍റെ സ്റ്റംപിംഗിനായുള്ള ഇഷാന്‍ കിഷന്‍റെ അപ്പീല്‍ അവസാനിച്ചത് അംപയര്‍ നോബോള്‍ വിധിക്കുന്നതിലും വെയ്‌ഡ് സിക്‌സ് പറത്തുന്നതിലുമാണ്. ഇന്ത്യന്‍ തോല്‍വിയില്‍ ഈ നോബോളും സിക്‌സും നിര്‍ണായകമായി.
ഓസ്‌ട്രേലിയന്‍ ഇന്നിംഗ്‌സിലെ 19-ാം ഓവര്‍ ഇന്ത്യന്‍ സ്‌പിന്നര്‍ അക്‌സര്‍ പട്ടേല്‍ എറിയാനെത്തുമ്പോള്‍ ഓസീസിന് ജയിക്കാന്‍ 12 പന്തില്‍ 43 റണ്‍സ് വേണമായിരുന്നു. ഡെത്ത് ബൗളര്‍മാര്‍ ശക്തരെങ്കില്‍ അസാധ്യമെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാക്കിത്തരുന്ന സ്കോറാണിത്. അക്‌സറിന്‍റെ ഓവറിലെ നാലാം പന്ത് ഓഫ് സൈഡിന് പുറത്ത് വൈഡ് ആയപ്പോള്‍ ബോള്‍ മാത്യൂ വെയ്‌ഡിന്‍റെ ബാറ്റിലുരസാതെ കടന്നുപോയി. ഫീല്‍ഡ് അംപയര്‍ വൈഡ് സിഗ്‌നല്‍ കാട്ടിയപ്പോള്‍ സ്റ്റംപിംഗിനായി ശക്തമായി അപ്പീല്‍ ചെയ്യുകയാണ് വിക്കറ്റ് കീപ്പര്‍ ഇഷാന്‍ കിഷന്‍റെ ഭാഗത്തുനിന്നുണ്ടായത്. എന്നാല്‍ മൂന്നാം അംപയറുടെ പരിശോധന വലിയ ട്വിസ്റ്റായി.
മാത്യൂ വെയ്‌ഡ് കാല്‍ ക്രീസില്‍ കുത്തിയെന്ന് മാത്രമല്ല, സ്റ്റിംപിന് മുന്നിലോട്ട് കയറിയാണ് ഇഷാന്‍ കിഷന്‍ പന്ത് കൈക്കലാക്കിയത് എന്ന് റീപ്ലേയില്‍ വ്യക്തമാവുകയും ചെയ്‌തു. ഇതോടെ മൂന്നാം അംപയറുടെ നിര്‍ദേശപ്രകാരം ഫീല്‍ഡ് അംപയര്‍ നോബോള്‍ വിളിച്ചു. കിട്ടിയ അവസരം മുതലാക്കിയ വെയ്‌ഡ് ഫ്രീ-ഹിറ്റ് പന്ത് സിക്‌സര്‍ പറത്തുകയും ചെയ്‌തു. ഒടുവില്‍ ഇന്നിംഗ്‌സിലെ അവസാന ബോളില്‍ ഓസീസ് അഞ്ച് വിക്കറ്റിന്‍റെ ജയം സ്വന്തമാക്കുകയും ചെയ്‌തു. അക്‌സര്‍ പട്ടേല്‍ 19-ാം ഓവറില്‍ 22 റണ്‍സും പ്രസിദ്ധ് കൃഷ്‌ണ 20-ാം ഓവറില്‍ 23 റണ്‍സും വഴങ്ങി. അക്‌സര്‍ പട്ടേലിന്‍റെ പന്ത് നോബോളായി മാറിയില്ലായിരുന്നുവെങ്കില്‍ മത്സരഫലം മറ്റൊന്നാകുമെന്ന് ആരാധകര്‍ ഉറപ്പിക്കുന്നു.
Read more: 68-0, ഡെത്ത് ഓവര്‍ മരണ ഓവറായി; ആ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി പ്രസിദ്ധ് കൃഷ്‌ണയുടെ പേരില്‍
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!