Asianet News MalayalamAsianet News Malayalam

68-0, ഡെത്ത് ഓവര്‍ മരണ ഓവറായി; ആ നാണക്കേടിന്‍റെ റെക്കോര്‍ഡ് ഇനി പ്രസിദ്ധ് കൃഷ്‌ണയുടെ പേരില്‍

ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ 222-3 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തിയിരുന്നു

IND vs AUS 3rd T20I Prasidh Krishna becomes most expensive India bowler in T20Is jje
Author
First Published Nov 29, 2023, 7:37 AM IST

ഗുവാഹത്തി: വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെ തീപ്പൊരി ഇന്നിംഗ്‌സില്‍ ഇന്ത്യക്കെതിരായ മൂന്നാം ട്വന്‍റി 20 ഓസ്‌ട്രേലിയ അവസാന പന്തില്‍ 5 വിക്കറ്റിന് ജയിച്ചപ്പോള്‍ നാണക്കേടിലേക്ക് കൂപ്പുകുത്തി പേസര്‍ പ്രസിദ്ധ് കൃഷ്‌ണ. തന്‍റെ 4 ഓവറില്‍ 68 റണ്‍സ് വിട്ടുകൊടുത്ത പ്രസിദ്ധ് കൃഷ്‌ണ രാജ്യാന്തര ട്വന്‍റി 20 ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നാണക്കേടിലെത്തി. മല പോലെ റണ്‍സ് വഴങ്ങിയെന്ന് മാത്രമല്ല, ഒരു വിക്കറ്റ് പോലും നേടാനും പ്രസിദ്ധിനായില്ല. 

ഗുവാഹത്തിയിലെ ബര്‍സാപാര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഓപ്പണര്‍ റുതുരാജ് ഗെയ്‌ക്‌വാദിന്‍റെ സെഞ്ചുറിക്കരുത്തില്‍ 20 ഓവറില്‍ 222-3 എന്ന പടുകൂറ്റന്‍ സ്‌കോറിലെത്തി. റുതു 57 പന്തില്‍ 13 ഫോറും 7 സിക്‌സുകളും സഹിതം പുറത്താവാതെ 123* റണ്‍സ് അടിച്ചുകൂട്ടി. 29 പന്തില്‍ 39 റണ്‍സുമായി നായകന്‍ സൂര്യകുമാര്‍ യാദവും 24 പന്തില്‍ പുറത്താവാതെ 31* റണ്‍സുമായി യുവ ബാറ്റര്‍ തിലക് വര്‍മ്മയും ഇന്ത്യക്കായി തിളങ്ങി. മറ്റൊരു ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ 6 റണ്‍സിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ പൂജ്യത്തിനും മടങ്ങി. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സനും ജേസന്‍ ബെഹ്‌‌റെന്‍ഡോര്‍ഫും ആരോണ്‍ ഹാര്‍ഡീയും ഓരോ വിക്കറ്റ് സ്വന്തമാക്കി. 

മറുപടി ബാറ്റിംഗില്‍ 13.3 ഓവറില്‍ 134-5 എന്ന നിലയില്‍ ഓസീസ് ഒരവസരത്തില്‍ പ്രതിരോധത്തിലായിരുന്നു. ട്രാവിസ് ഹെഡ് (18 പന്തില്‍ 35), ആരോണ്‍ ഹാര്‍ഡീ (12 പന്തില്‍ 16), ജോഷ് ഇംഗ്ലീസ്(6 പന്തില്‍ 10), മാര്‍ക്കസ് സ്റ്റോയിനിസ് (21 പന്തില്‍ 17), ടിം ഡേവിഡ് (ഗോള്‍ഡന്‍ ഡക്ക്) എന്നിവരെ ഇന്ത്യന്‍ ബൗളര്‍മാര്‍ മടക്കി. എന്നാല്‍ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ക്യാപ്റ്റന്‍ മാത്യൂ വെയ്‌ഡിനൊപ്പം തകര്‍ത്തടിച്ച ഗ്ലെന്‍ മാക്‌സ്‌വെല്‍ ഇന്ത്യയില്‍ നിന്ന് ജയം തട്ടിയെടുത്തു. മാക്‌സി 48 പന്തില്‍ 8 വീതം ഫോറും സിക്‌സറും സഹിതം പുറത്താവാതെ 104* ഉം മാത്യൂ വെയ്‌ഡ് 3 ഫോറും 1 സിക്‌സും സഹിതം 28* ഉം റണ്‍സെടുത്തു. 

ഓസീസ് ഇന്നിംഗ്‌സിലെ 20-ാം ഓവറില്‍ സമ്മര്‍ദം താങ്ങാനാവാതെ വന്ന പ്രസിദ്ധ് കൃഷ്‌ണ 23 റണ്‍സാണ് വിട്ടുകൊടുത്തത്. ഇന്നിംഗ്‌സിലെ അവസാന പന്തില്‍ മാക്‌സ്‌വെല്ലിന്‍റെ ബൗണ്ടറിയോടെ ഓസീസ് കളി പിടിച്ചു. തന്‍റെ നാല് ഓവര്‍ ക്വാട്ടയില്‍ വിക്കറ്റൊന്നും നേടാതെ പ്രസിദ്ധ് വിട്ടുകൊടുത്തത് ആകെ 68 റണ്‍സാണ്. ഇതോടെ പ്രസിദ്ധ് ഒരു ടി20 ഇന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നാണക്കേടിലെത്തി. 2018ല്‍ ദക്ഷിണാഫ്രിക്കയോട് 64 റണ്‍സ് വഴങ്ങിയ യുസ്‌വേന്ദ്ര ചഹലിന്‍റെ പേരിലായിരുന്നു മുമ്പ് റെക്കോര്‍ഡ്. അന്ന് ചഹലിനും വിക്കറ്റൊന്നും നേടാനായിരുന്നില്ല. 

അതേസമയം രാജ്യാന്തര ടി20 ക്രിക്കറ്റില്‍ ഒരിന്നിംഗ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന അഞ്ചാമത്തെ ബൗളറുമാണ് പ്രസിദ്ധ് കൃഷ്‌ണ. കുമാര്‍ കാസുന്‍ രജിത (75), ക്രിസ് സോള്‍ (72), ടോം കറന്‍ (70), ബാരി മക്കാര്‍തി (69), കെയ്‌ല്‍ അബോട്ട് (68) എന്നിവരാണ് പട്ടികയിലുള്ള മറ്റ് താരങ്ങള്‍. 18-ാം ഓവറില്‍ 6 റണ്‍സ് മാത്രം വിട്ടുകൊടുത്ത് വലിയ പ്രതീക്ഷ ടീമിനും ആരാധകര്‍ക്കും നല്‍കിയ ശേഷം 20-ാം ഓവര്‍ എറിയാനെത്തി പ്രസിദ്ധ് കൃഷ്‌ണ അടിവാങ്ങിക്കൂട്ടുകയായിരുന്നു. 

Read more: മൂന്ന് മാച്ചില്‍ ഒരു സെഞ്ചുറി, രണ്ട് ഫിഫ്റ്റി; ടീം ഇന്ത്യയില്‍ കാലുറപ്പിക്കാന്‍ മറ്റൊരു യുവ ബാറ്റര്‍ കൂടി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios