
അഹമ്മദാബാദ്: ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ അഹമ്മദാബാദില്‍ നടക്കുന്ന നാലാം ടെസ്റ്റ് ഓസീസ് ബാറ്റിംഗ് ജീനിയസ് സ്റ്റീവ് സ്‍മിത്തിന്‍റെ ഇന്ത്യയിലെ അവസാന ടെസ്റ്റ് മത്സരമായേക്കും. നിലവില്‍ 33 വയസുകാരനായ സ്മിത്തിന് അടുത്ത ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യയില്‍ വരുമ്പോഴേക്ക് 37 വയസാകും. 2027ലാണ് അടുത്ത ബോർഡർ-ഗാവസ്കർ ട്രോഫി ഇന്ത്യന്‍ മണ്ണില്‍ നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലേക്ക് ഒരു ടെസ്റ്റ് മത്സരത്തിനായി മടങ്ങിവരാനുള്ള സാധ്യത വിരളമാണ് എന്ന് സ്മിത്ത് തന്നെ വ്യക്തമാക്കി. നാല് വർഷം എന്നത് വലിയ കാലയളവാണ് എന്നും സ്മിത്ത് പറഞ്ഞു.
ഇപ്പോള്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യ-ഓസീസ് ടെസ്റ്റ് പരമ്പരയില്‍ തന്‍റെ മുന്‍കാല ഫോമിലേക്ക് എത്താന്‍ സ്മിത്തിനായിട്ടില്ല. എന്നാല്‍ അവസാന ടെസ്റ്റില്‍ 76ഓ അതിലധികമോ റണ്‍സ് നേടിയാല്‍ സ്മിത്തിന് ബാറ്റിംഗ് ശരാശരി വീണ്ടും 60ലെത്തിക്കാം. കഴിഞ്ഞ മൂന്ന് മത്സരങ്ങളില്‍ 24.50 ശരാശരിയില്‍ 97 റണ്‍സേ സ്മിത്തിനുള്ളൂ. അതേസമയം നിലവില്‍ 95 ടെസ്റ്റുകള്‍ പൂർത്തിയാക്കിയ സ്മിത്തിന് 59.89 ശരാശരിയില്‍ 30 സെഞ്ചുറികളോടെ 8744 റണ്‍സുണ്ട്. നാല് ഇരട്ട സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു. ഇംഗ്ലണ്ടിലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും അതിന് ശേഷം വരാനിരിക്കുന്ന ആഷസ് പരമ്പരയും സ്മിത്തിന് കരിയറില്‍ നിർണായകമാകും.
ബോർഡർ-ഗാവസ്കർ ട്രോഫിയില്‍ നിലവില്‍ 2-1ന് മുന്നില്‍ നില്‍ക്കുകയാണ് ടീം ഇന്ത്യ. നാഗ്പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനും ദില്ലിയിലെ രണ്ടാം ടെസ്റ്റ് ആറ് വിക്കറ്റിനും ഇന്ത്യ വിജയിച്ചപ്പോള്‍ ഇന്‍ഡോറില്‍ 9 വിക്കറ്റ് ജയവുമായി ഓസീസ് പരമ്പരയിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ആദ്യ രണ്ട് മത്സരങ്ങളിലും പാറ്റ് കമ്മിന്‍സായിരുന്നു സന്ദർശകരുടെ നായകന്‍ എങ്കില്‍ ഇന്‍ഡോറിലെ വിജയം സ്റ്റീവ് സ്മിത്തിന്‍റെ ക്യാപ്റ്റന്‍സിയിലായിരുന്നു. ക്യാപ്റ്റനാകുമ്പോള്‍ ബാറ്റിംഗില്‍ കൂടുതല്‍ ഫോമിലേക്ക് ഉയരും എന്ന സ്മിത്തിന്‍റെ പതിവ് ഇന്‍ഡോറില്‍ കണ്ടില്ലെങ്കിലും അഹമ്മദാബാദില്‍ നാളെ ആരംഭിക്കുന്ന അവസാന ടെസ്റ്റില്‍ സ്മിത്തിന്‍റെ ബാറ്റില്‍ നിന്ന് റണ്‍വിരുന്ന് പ്രതീക്ഷിക്കുകയാണ് ആരാധകർ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!