ഫിറ്റ്‌നസ് പോരാ; രോഹിത് ശര്‍മ്മ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരെ കടന്നാക്രമിച്ച് പാക് മുന്‍താരം

By Jomit JoseFirst Published Sep 21, 2022, 4:26 PM IST
Highlights

ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ നിലവില്‍ പ്രശ്നങ്ങളുണ്ട് എന്ന് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് 

മൊഹാലി: കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ ഫിറ്റ്‌നസില്‍ വലിയ ശ്രദ്ധയാണ് നല്‍കുന്നത്. വിരാട് കോലി നായകനായ ശേഷമായിരുന്നു താരങ്ങളുടെ ഫിറ്റ്‌നസില്‍ വലിയ മാറ്റം പ്രകടമായത്. യോയോ ടെസ്റ്റ് കഠിനമാക്കിയതോടെ പല സൂപ്പര്‍താരങ്ങളും പാടുപെടുകയും ചെയ്തു. എന്നിട്ടും ഇന്ത്യന്‍ താരങ്ങളുടെ ഫിറ്റ്‌നസില്‍ നിലവില്‍ പ്രശ്നങ്ങളുണ്ട് എന്നാണ് പാകിസ്ഥാന്‍ മുന്‍ നായകന്‍ സല്‍മാന്‍ ബട്ട് പറയുന്നത്. 

'ലോകത്ത് ഏറ്റവും പ്രതിഫലമുള്ള ക്രിക്കറ്റ് താരങ്ങളാണ് ഇന്ത്യയിലുള്ളത്. ഇവരാണ് ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നത്. എന്നിട്ടും അവരെന്തുകൊണ്ടാണ് ആരോഗ്യപരമായി ഫിറ്റല്ല എന്ന് പറഞ്ഞുതരണം. ഫിറ്റ്‌നസ് താരതമ്യം ചെയ്താല്‍ ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ ടീമുകളിലെ താരങ്ങളാണ് മികച്ചത്. ചില ഏഷ്യന്‍ ടീമുകള്‍ വരെ ഇന്ത്യക്ക് മുകളിലാണ് എന്ന് പറയേണ്ടിവരും. ചില ഇന്ത്യന്‍ താരങ്ങള്‍ക്ക് ഭാരക്കൂടുതലുണ്ട്. മികച്ച താരങ്ങളാണ് എന്നതിനാല്‍ അവര്‍ ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണം. ടീം ഇന്ത്യയുടെ ഫിറ്റ്‌നസ് മാതൃകാപരമല്ല. ചില സീനിയര്‍ താരങ്ങള്‍ അത്ര മികച്ച നിലയിലല്ല. രവീന്ദ്ര ജഡേജയും ഹാര്‍ദിക് പാണ്ഡ്യയും വളരെ ഫിറ്റ്നസുള്ളവരാണ്. വിരാട് കോലി എല്ലാവര്‍ക്കും മാതൃകയാണ്. എന്നാല്‍ രോഹിത് ശര്‍മ്മ അങ്ങനെയല്ല, ഇപ്പോള്‍ കെ എല്‍ രാഹുലും. റിഷഭ് പന്തിന്‍റെ കാര്യം നമുക്കറിയാം, ഫിറ്റ്‌നസ് കൂടിയുണ്ടെങ്കില്‍ അയാള്‍ ഇതിലേറെ അപകടകാരിയായ ക്രിക്കറ്ററാവും' എന്നും സല്‍മാന്‍ ബട്ട് തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. 

ഇന്ത്യന്‍ പേസ് നിരയെയും സല്‍മാന്‍ ബട്ട് വിമര്‍ശിച്ചു. 'ഇന്ത്യക്ക് മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കുമുണ്ട്. ഉമേഷ് യാദവും മികച്ച രീതിയില്‍ പന്തെറിഞ്ഞു. ഇപ്പോഴുള്ള ബൗളര്‍മാരെ ആശ്രയിക്കാവുന്നതാണോ എന്ന കാര്യത്തില്‍ എനിക്ക് സംശയമുണ്ട്. ഹര്‍ഷല്‍ പട്ടേല്‍ 40 റണ്‍സ് വിട്ടുകൊടുത്തു. അയാളൊരു പേസറാണ്, എന്നാല്‍ കരുത്ത് സ്ലോ ബോളുകളും. ഇതിന്‍റെ യുക്തി എനിക്ക് മനസിലാവുന്നില്ല' എന്നും ബട്ട് വിമര്‍ശിച്ചു. 

ഓസ്‌ട്രേലിയക്കെതിരെ ആദ്യ ടി20യില്‍ കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയിട്ടും ഇന്ത്യ പരാജയം രുചിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് നേടുകയായിരുന്നു. 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് ഓസീസിന്‍റെ വിജയശില്‍പികള്‍. നേരത്തെ 35 പന്തില്‍ 55 റണ്‍സെടുത്ത കെ എല്‍ രാഹുലും 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 30 പന്തില്‍ പുറത്താകാതെ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ 20 ഓവറില്‍ ആറ് വിക്കറ്റിന് 208 റണ്‍സിലെത്തിച്ചത്. നാഗ്‌പൂരില്‍ 23-ാം തിയതിയാണ് മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം ടി20.  

വിമര്‍ശകര്‍ കടക്ക് പുറത്ത്; റിഷഭ് പന്തിന് പരസ്യ പിന്തുണയുമായി മാത്യൂ ഹെയ്‌‌ഡന്‍ 

click me!