വിമര്‍ശകര്‍ കടക്ക് പുറത്ത്; റിഷഭ് പന്തിന് പരസ്യ പിന്തുണയുമായി മാത്യൂ ഹെയ്‌‌ഡന്‍

By Web TeamFirst Published Sep 21, 2022, 3:55 PM IST
Highlights

 ടി20 ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനം വരെ ചോദ്യചിഹ്നമായിരിക്കേയാണ് പരസ്യ പിന്തുണ 

മൊഹാലി: ഇന്ത്യന്‍ ടി20 ടീമില്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തിന്‍റെ സ്ഥാനം ചോദ്യചിഹ്നമായിട്ട് നാളേറെയായി. എക്‌സ് ഫാക്‌ടര്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന താരത്തിന്‍റെ സ്‌ട്രൈക്ക് റേറ്റിലെ കുറവും ലക്ഷ്യബോധമില്ലാത്ത ഷോട്ട് സെലക്ഷനുകളുമാണ് വിമര്‍ശകര്‍ ആയുധമാക്കുന്നത്. ടി20 ലോകകപ്പ് ടീമില്‍ പന്തിനെ ഉള്‍പ്പെടുത്തിയ തീരുമാനം വരെ ചോദ്യചിഹ്നമാകുമ്പോള്‍ താരത്തിന് പരസ്യ പിന്തുണയുമായി രംഗത്തിയിരിക്കുകയാണ് ഓസീസ് ഇതിഹാസം മാത്യൂ ഹെയ്‌ഡന്‍. 

ഞാന്‍ സെലക്ടറാണെങ്കില്‍ എല്ലാ ടീമിലും റിഷഭ് പന്തിന് സ്ഥാനമുണ്ടാകും. അയാളൊരു ഭാവി വാഗ്ദാനമാണ്. അദ്ദേഹത്തിന് പിന്തുണ ആവശ്യമാണ്. സമയവും ആവശ്യം. റണ്‍സിന്‍റെയും ഫോമിന്‍റേയും പേരില്‍ ചോദ്യം ചെയ്യപ്പെട്ടാലും റിഷഭ് പന്ത് ടീമിലുണ്ടാവണം. എല്ലാത്തരത്തിലും റിഷഭ് മികച്ച താരമാണ് എന്നും ഹെയ്‌ഡന്‍ മൊഹാലിയിലെ ഇന്ത്യ-ഓസീസ് ആദ്യ ടി20ക്ക് മുന്നോടിയായി പറഞ്ഞു. 

മത്സരത്തില്‍ ഇന്ത്യ റിഷഭ് പന്തിന് വിശ്രമം നല്‍കിയപ്പോള്‍ ദിനേശ് കാര്‍ത്തിക്കാണ് വിക്കറ്റ് കീപ്പറുടെ റോളിലെത്തിയത്. മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനായില്ല ഡികെയ്‌ക്ക്. രാജ്യാന്തര ടി20യില്‍ റിഷഭ് പന്തിന്‍റെ മാത്രമല്ല, ദിനേശ് കാര്‍ത്തിക്കിന്‍റെ ഫിനിഷിംഗ് മികവും ചോദ്യചിഹ്നമാണ്. അവസാന നാല് ഇന്നിംഗ്സില്‍ 7, 6, 12, 1* എന്നിങ്ങനെയായിരുന്നു ഡികെയുടെ സ്‌കോറുകള്‍. ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ വിക്കറ്റ് കീപ്പര്‍മാരായ റിഷഭ് പന്തും ദിനേശ് കാര്‍ത്തിക്കുമുണ്ട്. 

മൊഹാലി ടി20യില്‍ ഇന്ത്യക്കെതിരെ ഓസീസ് നാല് വിക്കറ്റിന്‍റെ വിജയം നേടിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മുന്നോട്ടുവെച്ച 209 റണ്‍സ് വിജയലക്ഷ്യം നാല് പന്ത് അവശേഷിക്കേ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് നേടുകയായിരുന്നു. 30 പന്തില്‍ 61 റണ്‍സെടുത്ത കാമറൂണ്‍ ഗ്രീനും 21 പന്തില്‍ പുറത്താകാതെ 45 റണ്‍സെടുത്ത മാത്യൂ വെയ്‌ഡുമാണ് ഓസീസിന് ജയമൊരുക്കിയത്. നേരത്തെ 35 പന്തില്‍ 55 റണ്‍സെടുത്ത കെ എല്‍ രാഹുലും 25 പന്തില്‍ 46 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 30 പന്തില്‍ പുറത്താകാതെ 71 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയുമാണ് ഇന്ത്യയെ 20 ഓവറില്‍ ആറ് വിക്കറ്റിന് 208 റണ്‍സിലെത്തിച്ചത്. 

വെയ്ഡിന് എന്തുകൊണ്ട് ഐപിഎല്ലില്‍ തിളങ്ങാനായില്ല? മറുപടിയുമായി ഗുജറാത്ത് ടൈറ്റന്‍സ് കോച്ച് ആശിഷ് നെഹ്‌റ

click me!