ഇംഗ്ലണ്ടിനെ കണ്ട് പഠിക്കണം; ദിനേശ് കാര്‍ത്തിക്കിന്‍റെ കാര്യത്തില്‍ ടീമിന് ഉപദേശവുമായി സുനില്‍ ഗാവസ്‌കര്‍

By Jomit JoseFirst Published Sep 22, 2022, 12:17 PM IST
Highlights

ദിനേശ് കാര്‍ത്തിക്കിനെ സ്ലോഗ് ഓവറുകളില്‍ മാത്രം ബാറ്റ് ചെയ്യിപ്പിക്കുകയാണ് ടീം മാനേജ്‌മെന്‍റ് സ്വീകരിച്ചിരിക്കുന്ന തന്ത്രം

മൊഹാലി: ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനെ മറികടന്ന് അക്‌സര്‍ പട്ടേലിനെ ഇറക്കുന്നതിനെ ചോദ്യം ചെയ്ത് ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗാവസ്‌കര്‍. അക്‌സറിനേക്കാള്‍ മികച്ച താരമാണ് ഡികെ എങ്കില്‍ സാഹര്യത്തിന് അനുസരിച്ച് 12-ാം ഓവറിലോ 13-ാം ഓവറിലോ ഇറക്കുകയാണ് വേണ്ടത് എന്ന് ഗാവസ്‌കര്‍ നിര്‍ദേശിച്ചു. 

ദിനേശ് കാര്‍ത്തിക്കിനെ സ്ലോഗ് ഓവറുകളില്‍ മാത്രം ബാറ്റ് ചെയ്യിപ്പിക്കുകയാണ് ടീം മാനേജ്‌മെന്‍റ് സ്വീകരിച്ചിരിക്കുന്ന തന്ത്രം. അതിന് മുമ്പ് ഡികെ ബാറ്റ് ചെയ്യേണ്ടിവന്നാല്‍ പകരം മറ്റ് താരങ്ങള്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്. മൊഹാലിയില്‍ ഓസ്‍ട്രേലിയക്ക് എതിരായ ആദ്യ ടി20യില്‍ ഇത്തരത്തില്‍ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേല്‍, ദിനേശ് കാര്‍ത്തിക്കിന് മുമ്പ് ക്രീസിലെത്തിയിരുന്നു. ഇതിനേയാണ് സുനില്‍ ഗാവസ്‌കര്‍ എതിര്‍ക്കുന്നത്. 

'അക്‌സര്‍ പട്ടേലിനേക്കാള്‍ മികച്ച താരമാണ് ദിനേശ് കാര്‍ത്തിക് എന്ന് കരുതുന്നുണ്ടെങ്കില്‍ 12-ാം ഓവറായാലും 13-ാം ഓവറായാലും ബാറ്റിംഗിൽ ഇറക്കണം. അവസാന 3-4 ഓവറുകള്‍ക്കായി മാത്രം ബാറ്റിംഗിന് വരുകയല്ല വേണ്ടത്. തിയറി അനുസരിച്ചല്ലാതെ ഇംഗ്ലണ്ട് ടീം വളരെ സ്വാതന്ത്ര്യത്തോടെ കളിക്കുന്നത് കാണണം. അവര്‍ തിയറികള്‍ അനുസരിച്ചല്ല കളിക്കുന്നത്. അത് അവരുടെ ക്രിക്കറ്റിലും ഫലത്തിലും വരുത്തുന്ന മാറ്റം ശ്രദ്ധിക്കൂ. ടീം ഇന്ത്യ ക്രിക്കറ്റ് സിദ്ധാന്തങ്ങളുടെ കരുക്കില്‍ വീഴാന്‍ പാടില്ല. സാഹചര്യത്തെ പ്രാക്‌ടിക്കലായി നേരിടാനും അതിനനുസരിച്ചുള്ള തീരുമാനങ്ങള്‍ കൈക്കൊള്ളാനും ശ്രമിക്കുകയാണ് വേണ്ടത്' എന്നും ഗാവസ്‌കര്‍ സ്പോര്‍ട്‌സ് ടുഡേയോട് പറഞ്ഞു. 

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20യില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ ദിനേശ് കാര്‍ത്തിക്കിനെയും അക്‌സര്‍ പട്ടേലിനേയും സ്ഥാനം മാറ്റി ഇറക്കിയ ഇന്ത്യന്‍ പരീക്ഷണം പാളിയിരുന്നു. ഇരുവര്‍ക്കും അഞ്ച് വീതം പന്തുകളില്‍ ആറ് റണ്‍സാണ് നേടാനായത്. ഐപിഎല്ലില്‍ ഗംഭീര ഫിനിഷറെന്ന് പേരെടുത്തിട്ടും ഇന്ത്യന്‍ കുപ്പായത്തില്‍ അവസാന അഞ്ച് മത്സരങ്ങളിലും ദിനേശ് കാര്‍ത്തിക്കിന് മികവിലേക്ക് ഉയരാനായില്ല. ദിനേശ് കാര്‍ത്തിക്കിന്‍റെ ബാറ്റിംഗ് പൊസിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്ററായി റിഷഭ് പന്തിനെ കളിപ്പിക്കണോ എന്ന ചര്‍ച്ചയും സജീവമാണ്. 

ദിനേശ് കാര്‍ത്തിക്കിന്‍റെ റോള്‍ എന്ത്? ടീം ഇന്ത്യയുടെ തന്ത്രത്തിനെതിരെ മാത്യൂ ഹെയ്‌ഡന്‍

click me!