വെയ്ഡിന് എന്തുകൊണ്ട് ഐപിഎല്ലില്‍ തിളങ്ങാനായില്ല? മറുപടിയുമായി ഗുജറാത്ത് ടൈറ്റന്‍സ് കോച്ച് ആശിഷ് നെഹ്‌റ

By Web TeamFirst Published Sep 21, 2022, 3:09 PM IST
Highlights

10 മത്സരങ്ങളില്‍ 157 റണ്‍സ് മാത്രമായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഗുജറാത്തിന്റെ പരിശീലകന്‍ ആശിഷ് നെഹ്‌റ.

മൊഹാലി: ഇന്ത്യക്കെതിരായ ആദ്യ ടി20യില്‍ ഓസ്‌ട്രേലിയ ജയിക്കുമ്പോള്‍ നിര്‍ണായകമായത് മാത്യൂ വെയ്ഡിന്റെ പ്രകടനം കൂടിയാണ്. ഏഴാമനായി ക്രീസിലെത്തിയ വെയ്ഡ് 21 പന്തില്‍ പുറത്താവാതെ 45 റണ്‍സ് നേടിയിരുന്നു. രണ്ട് സിക്‌സും ആറ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു വെയ്ഡിന്റെ ഇന്നിംഗ്‌സ്. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ കിരീടം നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു വെയ്ഡ്. എന്നാല്‍ വലിയ പ്രകടനമൊന്നും പുറത്തെടുക്കാന്‍ വെയ്ഡിന് സാധിച്ചിരുന്നില്ല.

10 മത്സരങ്ങളില്‍ 157 റണ്‍സ് മാത്രമായിരുന്നു വെയ്ഡിന്റെ സമ്പാദ്യം. അതിന്റെ കാരണം വ്യക്തമാക്കുകയാണ് ഗുജറാത്തിന്റെ പരിശീലകന്‍ ആശിഷ് നെഹ്‌റ. ''ആ സീസണില്‍ മൊത്തം വെയ്ഡിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഓപ്പണറായും മൂന്നാം നമ്പറിലും താരം കളിച്ചു. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജേഴ്‌സിയില്‍ കളിക്കുമ്പോള്‍ അഞ്ചാമതോ ആറാമതോ ആയിട്ടാണ് വെയ്ഡ് ഇറങ്ങുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഷഹീന്‍ അഫ്രീദിക്കെതിരെ തുടര്‍ച്ചയായി സിക്‌സുകള്‍ നേടിയത് എനിക്കോര്‍മയുണ്ട്. ലോവര്‍ ഓര്‍ഡറില്‍ കളിക്കാന്‍ വെയ്ഡിന് പ്രത്യേക കഴിവുണ്ട്. അതില്‍ അവന്‍ പരിചയസമ്പന്നനാണ്.'' നെഹ്‌റ പറഞ്ഞു. 

ഐസിസി ടി20 റാങ്കിംഗ്: രണ്ടാം സ്ഥാനത്തിന് പുതിയ അവകാശി, റിസ്‌വാന്‍ ഒന്നാമത്, ബാബറിന് തിരിച്ചടി

''ഗ്രീനാണ് ഓസീസിന്റെ വിജയത്തിന് അടിത്തറയിട്ടതെങ്കിലും നിര്‍ണായക ഇന്നിംഗ്‌സ് പുറത്തെടുത്തത് വെയ്ഡാണ്. അവസാനം വെയ്ഡ് കളിച്ച ചില ഷോട്ടുകള്‍ മനോഹരമായിരുന്നു. ഹര്‍ഷല്‍ പട്ടേലിന്റെ സ്ലോവറില്‍ സ്‌ക്വയര്‍ ലെഗിലൂടെ കളിച്ച ഷോട്ടും എടുത്തുപറയേണ്ടിയിരിക്കുന്നു.'' നെഹ്‌റ കൂട്ടിചേര്‍ത്തു.

മത്സരം നാല് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സാണ് നേടിയത്. 30 പന്തില്‍ പുറത്താവാതെ 71 റണ്‍സ് നേടിയ ഹാര്‍ദിക് പാണ്ഡ്യയാണ് ടീമിന്റെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയ 19.2 ഓവറില്‍ ആറ് വിക്കററ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. അക്‌സര്‍ പട്ടേല്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

ഓസ്ട്രേലിയക്കെതിരായ തോല്‍വി: രോഹിത്തിന്‍റെ കാര്യത്തില്‍ സങ്കടമുണ്ടെന്ന് ജഡേജ

click me!