വാക്‌പോര് തുടങ്ങി; സ്‌മിത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അശ്വിന്‍, ഓസീസിന്‍റേത് മൈന്‍ഡ് ഗെയിം എന്ന് പരിഹാസം

Published : Feb 03, 2023, 06:27 PM ISTUpdated : Feb 03, 2023, 06:34 PM IST
വാക്‌പോര് തുടങ്ങി; സ്‌മിത്തിന് വായടപ്പിക്കുന്ന മറുപടിയുമായി അശ്വിന്‍, ഓസീസിന്‍റേത് മൈന്‍ഡ് ഗെയിം എന്ന് പരിഹാസം

Synopsis

ഓസ്ട്രേലിയ ഇത്തവണ പരിശീലന മത്സരങ്ങള്‍ കളിക്കുന്നില്ല. ഇതൊരു പുതിയ കാര്യമല്ല എന്ന് അശ്വിന്‍. 

നാഗ്‌പൂര്‍: ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്ക് മുമ്പ് വാക്‌പോരിന് തുടക്കമിട്ട് ഇരു ടീമിലേയും താരങ്ങള്‍. നാല് ടെസ്റ്റുകളുടെ പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയില്‍ പരിശീലന മത്സരങ്ങള്‍ ആവശ്യമില്ല എന്ന ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്‌മിത്തിന്‍റെ അവകാശവാദത്തിന് ചുട്ടമറുപടിയുമായി ഇന്ത്യന്‍ വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രംഗത്തെത്തിയതോടെയാണ് വാക്‌പോര് ചൂടുപിടിച്ചത്. 

'ഓസ്ട്രേലിയ ഇത്തവണ പരിശീലന മത്സരങ്ങള്‍ കളിക്കുന്നില്ല. ഇതൊരു പുതിയ കാര്യമല്ല. ഇന്ത്യയും ചില വിദേശ പര്യടനങ്ങളില്‍ പരിശീലന മത്സരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്. രാജ്യാന്തര മത്സരങ്ങളുടെ തിരക്കുള്ളതിനാല്‍ പരിശീലന മത്സരങ്ങള്‍ കളിക്കുക എപ്പോഴും പ്രായോഗികമല്ല. ഒരു പരമ്പരയ്ക്ക് മുന്നോടിയായി ഓസ്ട്രേലിയ അവരുടെ മൈന്‍ഡ് ഗെയിമിനും സ്ലെഡ്‌ജിംഗിനും പ്രശസ്‌തരാണ്. അങ്ങനെ ചെയ്യുന്നത് അവര്‍ ഇഷ്‌ടപ്പെടുന്നു. അതാണ് അവരുടെ ക്രിക്കറ്റ് ശൈലി' എന്നും അശ്വിന്‍റെ തന്‍റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു. ഒന്‍പതാം തിയതി നാഗ്‌പൂരിലാണ് ഇന്ത്യ-ഓസീസ് നാല് ടെസ്റ്റുകളുടെ പരമ്പര ആരംഭിക്കുന്നത്. 

ടെസ്റ്റ് പരമ്പരക്ക് മുമ്പ് ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്നായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് ഓസ്ട്രേലിയന്‍ വൈസ് ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് വ്യക്തമാക്കിയത്. പരിശീലന മത്സരത്തിനായി നല്‍കുന്ന പിച്ച് പേസ് ബൗളിംഗിനെ തുണക്കുന്നതും യഥാര്‍ത്ഥ മത്സരങ്ങളില്‍ സ്‌പിന്നിനെ തുണക്കുന്നതുമായ പിച്ചുകളാണ് ഇന്ത്യയില്‍ ലഭിക്കുകയെന്ന ഓസീസ് ഓപ്പണര്‍ ഉസ്‌മാന്‍ ഖവാജയുടെ നേരത്തെയുള്ള പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു സ്മിത്ത്. ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് ഓസീസ് കോച്ച് ആന്‍ഡ്ര്യു മക്‌ഡൊണാള്‍ഡും പറഞ്ഞിരുന്നു. 

'കഴിഞ്ഞ തവണ ഇന്ത്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക് പരിശീലന മത്സരം കളിക്കാനായി ലഭിച്ചത് പച്ചപ്പ് നിറഞ്ഞ പിച്ചായിരുന്നു. അതുകൊണ്ട് അത്തരം തയാറെടുപ്പുകളില്‍ പ്രസക്തിയില്ല. അതിന് പകരം നെറ്റ്സില്‍ ഞങ്ങളുടെ സ്പിന്നര്‍മാരെ വെച്ച് പരിശീലിക്കുന്നതാണ് ഉചിതം. ഇന്ത്യന്‍ പര്യടനത്തില്‍ പരിശീലന മത്സരം കളിക്കേണ്ടെന്ന ഞങ്ങളുടെ തീരുമാനം ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്' സ്റ്റീവന്‍ സ്മിത്ത് ഡെയ്‌ലി ടെലഗ്രാഫിനോട് പറഞ്ഞു.

ഇന്ത്യയില്‍ പരിശീലന മത്സരം കളിക്കുന്നതിന് പ്രസക്തിയില്ലെന്ന് സ്റ്റീവ് സ്മിത്ത്

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

ലെജൻഡ്സിന്‍റെ കളി വീണ്ടും കാണാം! വമ്പന്മാർ ആരൊക്കെ കളിക്കാൻ എത്തുമെന്ന് ഉറ്റുനോക്കി ആരാധകർ, ബിഗ് ക്രിക്കറ്റ് ലീഗിന്‍റെ രണ്ടാം സീസൺ മാർച്ചിൽ
അണ്ടർ-19 വനിതാ ഏകദിന ട്രോഫി: വിജയം തുടർന്ന് കേരളം, സൗരാഷ്ട്രയെ തോൽപിച്ചത് 95 റൺസിന്