ആ സ്ഥാനം തന്നെയാണ് രാഹുലിന് ഇണങ്ങിയത്! ചൂണ്ടികാണിച്ച് റോബിന്‍ ഉത്തപ്പ

By Web TeamFirst Published Feb 3, 2023, 4:52 PM IST
Highlights

രാഹുലിന് ഇണങ്ങിയ ബാറ്റിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റോബിന്‍ ഉത്തപ്പ. രാഹുല്‍ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്നാണ് ഉത്തപ്പ പുറയുന്നത്.

ബംഗളൂരു: ഇന്ത്യയുടെ ഏകദിന ടീമില്‍ കെ എല്‍ രാഹുലിന്റെ സ്ഥാനം ഒരു ചോദ്യചിഹ്നമായി നില്‍ക്കുകയാണ്. നിലവില്‍ റിഷഭ് പന്തിന്റെ അഭാവത്തില്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് രാഹുല്‍. എന്നാല്‍ അഞ്ചാമനായിട്ടാണ് താരം കളിക്കുന്നത്. നേരത്തെ ഓപ്പണറായിരുന്ന താരത്തെ മധ്യനിരയിലേക്ക് മാറ്റുകയായിരുന്നു. ഓപ്പണിംഗ് സ്ഥാനത്ത് ഇന്ത്യക്ക് നിരവധി സാധ്യതകളുണ്ട്. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവരെല്ലാം ഒരു വശത്തുണ്ട്. 

ഇപ്പോള്‍ രാഹുലിന് ഇണങ്ങിയ ബാറ്റിംഗ് സ്ഥാനത്തെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ഇപ്പോള്‍ കമന്റേറ്ററുമായ റോബിന്‍ ഉത്തപ്പ. രാഹുല്‍ അഞ്ചാം നമ്പറില്‍ തന്നെ ബാറ്റ് ചെയ്യണമെന്നാണ് ഉത്തപ്പ പുറയുന്നത്. ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നതിങ്ങനെ... ''രാഹുല്‍ വിക്കറ്റ് കീപ്പര്‍ ആയിരിക്കുന്നതിനൊപ്പം അഞ്ചാം നമ്പറില് ബാറ്റ് ചെയ്യുകയുമാണ് വേണ്ടത്. അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്തപ്പോഴെല്ലാം അദ്ദേഹത്തിന്റെ ശരാശരി 50ന് മുകളില്‍ പോയിട്ടുണ്ട്. വരുന്ന ഏകദിന ലോകകപ്പിലും അവന്‍ അഞ്ചാമത് ബാറ്റ് ചെയ്യട്ടെ. ആ സ്ഥാനത്ത് ബാറ്റ് ചെയ്യുമ്പോള്‍ എന്തിനാണ് മറ്റൊരു പരീക്ഷണത്തിന് ശ്രമിക്കുന്നത്? വിക്കറ്റ് കീപ്പിംഗിലും അദ്ദേഹം മികവ് പുലര്‍ത്തുന്നുണ്ട്. 

റിഷഭ് പന്തിന് സംഭവിച്ചത് വിഷമമുണ്ടാക്കുന്നതാണ്. പന്ത് അവിടെ ഉണ്ടായിരുന്നെങ്കില്‍ അവന് തന്നെയായിരിക്കും മുന്‍ഗണന. പന്തിന്റെ അഭാവത്തില്‍ രാഹുല്‍ വിക്കറ്റ് കീപ്പറാവുന്നതാണ് നല്ലത്. ഇന്ത്യ ഇക്കാര്യത്തില്‍ ഉറച്ച് നില്‍ക്കണം. രോഹിത് ശര്‍മയ്‌ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്നുള്ള കാര്യത്തില്‍ മാത്രമാണ് ആശയക്കുഴപ്പമുള്ളത്. ശ്രേയസ് അയ്യരും സൂര്യകുമാര്‍ യാദവും ലോകകപ്പ് ടീമില്‍ ഉണ്ടാവുമെന്ന് ഉറപ്പാണ്. പക്ഷേ, ആരാണ് പ്ലയിംഗ് ഇലവനില്‍ ഉള്‍പ്പെടുകയെന്നതും ചോദ്യമാണ്.'' ഉത്തപ്പ പറഞ്ഞു.

സഞ്ജുവിനെ കുറിച്ചും ഉത്തപ്പ സംസാരിച്ചിരുന്നു. സഞ്ജുവിന് തുടര്‍ച്ചയായി അവസരം നല്‍കണമെന്നാണ് ഉത്തപ്പ പറയുന്നത്.  ''സഞ്ജുവിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കണം. അക്കാര്യത്തില്‍ ചോദ്യത്തിന്റെ പോലും ആവശ്യമില്ല. സഞ്ജുവിനെ തുടര്‍ച്ചയായി കളിപ്പിക്കണമെന്നാണ് എന്റെ ആവശ്യം. ഒരുപാട് കഴിവുള്ള താരമാണ് സഞ്ജു. അവനെ തുടര്‍ച്ചയായി കളിപ്പിക്കാന്‍ ഇതുവരെ ബിസിസിഐ ശ്രമിച്ചിട്ടില്ല. അവനെ മൂന്നാം നമ്പറില്‍ കളിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ തുടര്‍ച്ചയായി അഞ്ച് അവസരങ്ങളെങ്കിലും കൊടുക്കൂ.'' ഉത്തപ്പ പറഞ്ഞു.

ജഡ്ഡു ഈസ് ബാക്ക്; നെറ്റ്‌സില്‍ ഇന്ത്യന്‍ താരങ്ങള്‍ അടിയോടടി, ഓസീസിന് മുന്നറിയിപ്പ്

click me!