ഓസീസിനെതിരെ ഇന്ത്യ 4-0ന് പരമ്പര തൂത്തുവാരുമെന്ന് പ്രവചിക്കാനില്ല; കാരണം പറഞ്ഞ് ഗൗതം ഗംഭീര്‍

Published : Feb 21, 2023, 08:52 PM ISTUpdated : Feb 21, 2023, 08:54 PM IST
ഓസീസിനെതിരെ ഇന്ത്യ 4-0ന് പരമ്പര തൂത്തുവാരുമെന്ന് പ്രവചിക്കാനില്ല; കാരണം പറഞ്ഞ് ഗൗതം ഗംഭീര്‍

Synopsis

ഇപ്പോഴും വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് ഓസീസിന് തിരിച്ചുവരവിനുള്ള സാധ്യതയുണ്ട് എന്നാണ് ഗംഭീറിന്‍റെ പക്ഷം

ദില്ലി: ഓസ്‌ട്രേലിയക്ക് എതിരായ ബോര്‍ഡ‍ര്‍-ഗാവസ്‌കര്‍ ട്രോഫി ടീം ഇന്ത്യ 4-0ന് തൂത്തുവാരുമെന്ന് പറയാനാവില്ലെന്ന് ഇന്ത്യന്‍ മുന്‍ താരവും കമന്‍റേറ്ററുമായ ഗൗതം ഗംഭീര്‍. പരമ്പരയിലെ ആദ്യ രണ്ട് മത്സരം സന്ദര്‍ശകര്‍ തോറ്റെങ്കിലും ഇപ്പോഴും വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ട് അവര്‍ക്ക് തിരിച്ചുവരവിനുള്ള സാധ്യതയുണ്ട് എന്നാണ് ഗംഭീറിന്‍റെ പക്ഷം. 

'അവരില്‍ രണ്ട് പേര്‍ ആരെങ്കിലും ഇരട്ട സെഞ്ചുറി നേടിയാല്‍ ആലോചിച്ച് നോക്കൂ. ഇന്ത്യ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ഫോളോ ഓണില്‍ രാഹുല്‍ ദ്രാവിഡും വിവിഎസ് ലക്ഷ്‌മണും ഈഡന്‍ ഗാര്‍ഡന്‍സില്‍(2001ല്‍) കളിച്ചതും പരമ്പര നേടിയതും ഓര്‍മ്മയില്ലേ. ഇത്തരം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അതുകൊണ്ട് ഓസീസിനെ എഴുതിത്തള്ളാനാവില്ല, ഒരു സാങ്കേതിക പ്രശ്‌നങ്ങള്‍ അവരുടെ ബാറ്റിംഗ് നിര നേരിടുന്നുണ്ടെങ്കിലും ഇന്ത്യ 4-0ന് പരമ്പര നേടുമെന്ന് പ്രവചിക്കാന്‍ എനിക്കാകില്ല. കാരണം, ഓസീസ് ഡ്രസിംഗ് റൂമില്‍ ഇപ്പോഴും അത്ഭുതം കാട്ടാന്‍ കഴിവുള്ള വമ്പന്‍ താരങ്ങളുണ്ട്. സ്റ്റീവ് സ്‌മിത്തിനേയും മാര്‍നസ് ലബുഷെയ്‌നെയും ഉസ്‌മാന്‍ ഖവാജയേയും പോലുള്ളവര്‍. ഡേവിഡ് വാര്‍ണര്‍ അവശേഷിക്കുന്ന രണ്ട് മത്സരങ്ങളില്‍ കളിക്കാത്തതിനാല്‍ ഓസീസ് ബാറ്റിംഗ് ഈ മൂവരേയും ആശ്രയിച്ചിരിക്കും. ഈ ബാറ്റര്‍മാരെ ഇപ്പോള്‍ പ്രതിരോധം പഠിപ്പിക്കാനാവില്ല. ടീം മികവല്ല, വ്യക്തിഗത പ്രകടനങ്ങള്‍ കൊണ്ടേ ഈ ഘട്ടത്തില്‍ ഓസീസിന് തിരിച്ചുവരാന്‍ കഴിയൂ. ആത്മവിശ്വാസക്കുറവ് ഓസീസ് താരങ്ങളുടെ തിരിച്ചുവരവിന് പ്രതിസന്ധിയാണ്. ഉസ്‌മാന്‍ ഖവാജ ഇരട്ട സെഞ്ചുറിയോ സ്റ്റീവ് സ്‌മിത്ത് സെഞ്ചുറിയോ 150ഓ നേടുമെന്ന് സങ്കല്‍പിക്കുക. അങ്ങനെയെങ്കില്‍ ഓസീസിന് മികച്ച സ്കോര്‍ കണ്ടെത്താം' എന്നും ഗംഭീര്‍ പറഞ്ഞു. 

2001ല്‍ സംഭവിച്ചത് 

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തേയും മികച്ച വിജയങ്ങളിലൊന്നാണ് ടീം ഇന്ത്യ ഈഡന്‍ ഗാര്‍ഡന്‍സില്‍ വിവിഎസ് ലക്ഷ്‌മണിന്‍റെയും രാഹുല്‍ ദ്രാവിഡിന്‍റേയും ഐതിഹാസിക കൂട്ടുകെട്ടില്‍ 2001ല്‍ സ്വന്തമാക്കിയത്. ഒന്നാം ഇന്നിംഗ്‌സില്‍ ഓസീസ് നേടിയ 445നെതിരെ ഇന്ത്യ വെറും 171ന് പുറത്തായപ്പോള്‍ നീലപ്പടയെ ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഓസീസ് നായകന്‍ സ്റ്റീവ് വോ ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ഫോളോ ഓണില്‍ 376 റണ്‍സിന്‍റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടുമായി വിവിഎസ്-രാഹുല്‍ സഖ്യം ഇന്ത്യയെ ഏഴ് വിക്കറ്റിന് 657 റണ്‍സെന്ന കൂറ്റന്‍ സ്കോറില്‍ എത്തിച്ചു. വിവിഎസ് 452 പന്തില്‍ 281 ഉം ദ്രാവിഡ് 353 പന്തില്‍ 180 ഉം റണ്‍സ് നേടി. പിന്നാലെ രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 212ന് പുറത്താക്കിയ ഇന്ത്യ 171 റണ്‍സിന്‍റെ വിസ്‌മയ വിജയം ഈഡനില്‍ ആഘോഷിക്കുകയായിരുന്നു. മുംബൈയിലെ ആദ്യ ടെസ്റ്റ് 10 വിക്കറ്റിന് തോറ്റ ശേഷം 2-1ന് പരമ്പര നേടുകയായിരുന്നു ടീം ഇന്ത്യ. 

പുരോഗമിച്ചുകൊണ്ടിരിക്കുന്ന നാല് ടെസ്റ്റുകളുടെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ ആദ്യ രണ്ട് കളികളും തോറ്റ് നില്‍ക്കുകയാണ് ഓസീസ്. നാഗ്‌പൂരിലെ ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്‌സിനും 132 റണ്‍സിനും തോറ്റ സന്ദര്‍ശകര്‍ രണ്ടാം മത്സരത്തില്‍ ആറ് വിക്കറ്റിന്‍റെ പരാജയം ഏറ്റുവാങ്ങി. ഇന്‍ഡോറില്‍ മാര്‍ച്ച് 1 മുതല്‍ മൂന്നാമത്തെയും അഹമ്മദാബാദില്‍ 9 മുതല്‍ അവസാനത്തേയും ടെസ്റ്റ് നടക്കും. 

നിരാശ വാര്‍ത്ത, ബുമ്രയുടെ തിരിച്ചുവരവ് വൈകും; ഫിറ്റ്‌നസ് കൈവരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്

PREV
Read more Articles on
click me!

Recommended Stories

മുഷ്താഖ് അലി ട്രോഫി വിക്കറ്റ് വേട്ടയില്‍ രണ്ടാം സ്ഥാനത്ത് മലയാളി താരം, മുഹമ്മദ് ഷമി 25ാം സ്ഥാനത്ത്
ബ്രിസ്ബേൻ ടെസ്റ്റ്: ഇംഗ്ലണ്ടിന് ബാസ്ബോള്‍ മറുപടിയുമായി ഓസീസ്, വെതറാള്‍ഡിന് വെടിക്കെട്ട് ഫിഫ്റ്റി