ഇന്ത്യൻ പേസ് നിരയിലെ പ്രധാനിയാണ് ജസ്പ്രീത് ബുമ്ര. ഡെത്ത് ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വിശ്വസിച്ച് പന്തേൽപിക്കാവുന്ന താരം.
ബെംഗളൂരു: രാജ്യാന്തര ക്രിക്കറ്റിലേക്കുള്ള ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുമ്രയുടെ തിരിച്ചുവരവ് വൈകും. ബുമ്ര പരിക്കിൽ നിന്ന് പൂർണ മുക്തനായിട്ടില്ലെന്നാണ് ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ റിപ്പോർട്ട്.
ഇന്ത്യൻ പേസ് നിരയിലെ പ്രധാനിയാണ് ജസ്പ്രീത് ബുമ്ര. ഡെത്ത് ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്ക്ക് വിശ്വസിച്ച് പന്തേൽപിക്കാവുന്ന താരം. എന്നാൽ സെപ്റ്റംബർ മുതൽ ബുമ്ര ഇന്ത്യൻ ടീമിനൊപ്പമില്ല. പുറത്തിനേറ്റ പരിക്കാണ് ബുമ്രയ്ക്ക് തിരിച്ചടിയായത്. ഇതോടെ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും ബുമ്രയ്ക്ക് നഷ്‌ടമായി. ഓസ്ട്രേലിയക്കെതിരായ അവസാന രണ്ട് ടെസ്റ്റിനും മൂന്ന് ഏകദിനത്തിനുമുള്ള ടീമിൽ ബുമ്രയെ ഉൾപ്പെടുത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ബുമ്ര മടങ്ങിയെത്തുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശർമ്മയും സൂചിപ്പിച്ചിരുന്നു. എന്നാൽ ബുമ്രയെ ടീമിൽ ഉൾപ്പെടുത്താനാവില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാഡമി അറിയിക്കുകയായിരുന്നു. കഴിഞ്ഞയാഴ‌്‌ച രണ്ട് പരിശീലന മത്സരത്തിൽ കളിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് എൻസിഎ ബിസിസിഐക്ക് റിപ്പോർട്ട് നൽകിയത്.
ഇതോടെ മാർച്ച് 31ന് തുടങ്ങുന്ന ഐപിഎല്ലിലാവും ഇനി ജസ്‌പ്രീത് ബുമ്രയെ കാണാനാവുക. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്‍റെ മുഖ്യ ബൗളറാണ് ബുമ്ര. ഈ വർഷം ഇന്ത്യ ഏകദിന ലോകകപ്പിന് വേദിയാവുന്നതിനാൽ ദേശീയ ക്രിക്കറ്റ് അക്കാഡമിയുടെ സൂക്ഷ്‌മ നിരീക്ഷണത്തിലായിരിക്കും ഐപിഎല്ലില്‍ ബുമ്ര കളിക്കുക. ഇരുപത്തിയൊൻപതുകാരനായ ബുമ്ര 30 ടെസ്റ്റിൽ 128 വിക്കറ്റും 72 ഏകദിനത്തിൽ 121 വിക്കറ്റും 60 ട്വന്‍റി 20യിൽ 70 വിക്കറ്റും ടീം ഇന്ത്യക്കായി നേടിയിട്ടുണ്ട്. ഐപിഎല്ലിൽ 120 കളിയിൽ 145 വിക്കറ്റും സ്വന്തമാക്കി.
2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിനിടെയാണ് ജസ്‌പ്രീത് ബുമ്ര പുറംവേദനയുള്ളതായി പരാതിപ്പെടുന്നത്. 2019ല്‍ സംഭവിച്ച പരിക്കിന്‍റെ തുടര്‍ച്ചയായിരുന്നു ഇത് എന്ന് പരിശോധനയില്‍ വ്യക്തമായി. 2022 ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ ഏകദിന മത്സരങ്ങള്‍ കളിക്കേണ്ടതായിരുന്നെങ്കിലും പരിക്ക് തിരിച്ചടിയായി. ഇതോടെ താരം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ മടങ്ങിയെത്തി. പരിക്ക് ഭേദമാക്കാത്തതിനാല്‍ ഏഷ്യാ കപ്പും ട്വന്‍റി 20 ലോകകപ്പും താരത്തിന് നഷ്‌ടമായി. ഇതിനിടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ട് ടി20കളില്‍ ആറ് ഓവര്‍ മാത്രമെറിഞ്ഞു. ലോകകപ്പിന് ശേഷം ന്യൂസിലന്‍ഡ്, ബംഗ്ലാദേശ് പര്യടനങ്ങള്‍ നഷ്‌ടമായ താരത്തെ ലങ്കയ്‌ക്കെതിരായ പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും പെട്ടെന്ന് ഒഴിവാക്കി. ഇതിന് ശേഷം ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയും ഓസീസിനെതിരായ ഏകദിനങ്ങളും കൂടി താരത്തിന് നഷ്‌ടമായി.
