ഇഷാന്‍ കിഷനോ കെ എസ് ഭരതോ? ഫൈനലിലെ വിക്കറ്റ് കീപ്പറുടെ പേരുമായി രവി ശാസ്‌ത്രി

By Web TeamFirst Published Jun 2, 2023, 3:34 PM IST
Highlights

സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ഇല്ലാത്തതിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനുണ്ട്

ഓവല്‍: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് മുന്നില്‍ ഇപ്പോള്‍ ഒരൊറ്റ ലക്ഷ്യമേയുള്ളൂ. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ കീഴടക്കി കിരീടം നേടണം. ഇതിനകം ഇംഗ്ലണ്ടിലെത്തിക്കഴിഞ്ഞ ഇന്ത്യന്‍ താരങ്ങള്‍ അവസാനവട്ട തയ്യാറെടുപ്പുകളിലാണ്. ഐപിഎല്‍ കഴിഞ്ഞ് വരുന്നതിനാല്‍ ക്രിക്കറ്റിലെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിലേക്ക് മാറാനുള്ള പ്രയാസം പരിഹരിക്കുകയാണ് താരങ്ങള്‍ക്ക് മുന്നിലുള്ള വെല്ലുവിളി. അതേസമയം ടീം സെലക്ഷനിലെ വെല്ലുവിളികളും ഇന്ത്യന്‍ മാനേജ്‌മെന്‍റിന് മുന്നിലുണ്ട്. ഇവയില്‍ പ്രധാനം വിക്കറ്റ് കീപ്പറായി ആര് വരണം എന്നതാണ്. 

സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്രക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്തും ഇല്ലാത്തതിന്‍റെ അഭാവം ഇന്ത്യന്‍ ടീമിനുണ്ട്. ബുമ്രക്ക് പരിക്കാണ് വെല്ലുവിളിയായത് എങ്കില്‍ ഡിസംബറില്‍ സംഭവിച്ച കാറപകടമാണ് റിഷഭിന് തടസമായത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ എക്‌സ് ഫാക്‌ടറായി വിശേഷിപ്പിക്കപ്പെടുന്ന റിഷഭിന്‍റെ അഭാവം ബാറ്റിംഗില്‍ ടീം ഇന്ത്യയുടെ ശക്തി ചോര്‍ത്തുന്നതാണ്. വിദേശത്ത് ടെസ്റ്റില്‍ ഇന്ത്യയുടെ വിജയശില്‍പിയായി പലകുറി മാറിയ താരമാണ് റിഷഭ് പന്ത്. ഇതിനാല്‍ പകരം ആര് വിക്കറ്റ് കീപ്പറായി എത്തണം എന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്‌ത്രി. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കഴിഞ്ഞ തവണത്തെ പരാജയത്തില്‍ നിന്ന് ഇന്ത്യ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിലെ സാഹചര്യത്തിന് ഉചിതമായ ടീമിനെ കണ്ടെത്തണം. രോഹിത് ശര്‍മ്മ, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ എന്നിങ്ങനെയാണ് ബാറ്റിംഗ് ക്രമം വരേണ്ടത്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി ഇഷാന്‍ കിഷനും കെ എസ് ഭരതും തമ്മിലാണ് മത്സരം. രണ്ട് സ്‌പിന്നര്‍മാരാണ് കളിക്കുന്നത് എങ്കില്‍ കെ എസ് ഭരത് വിക്കറ്റ് കീപ്പറാവാം. എന്നാല്‍ നാല് പേസര്‍മാരും ഒരു സ്‌പിന്നറുമാണേല്‍ ഇത് മാറാം എന്നുമാണ് രവി ശാസ്‌ത്രിയുടെ നിര്‍ദേശം. ഇംഗ്ലണ്ടിലെ ഓവലില്‍ ജൂണ്‍ ഏഴാം തിയതിയാണ് ഇന്ത്യ-ഓസ്ട്രേലിയ ഫൈനല്‍ ആരംഭിക്കുന്നത്. 

Read more: ആശ്വാസ വാര്‍ത്ത, 'തല' സുഖമായിരിക്കുന്നു; ധോണിയുടെ ശസ്‌ത്രക്രിയ വിജയകരം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!