വിക്കറ്റ് കീപ്പര്‍ മുതല്‍ മൂന്നാം പേസര്‍വരെ, ടീം സെലക്ഷനില്‍ തലപുകച്ച് രോഹിത്തും ദ്രാവിഡും

By Web TeamFirst Published Jun 2, 2023, 12:50 PM IST
Highlights

സ്പിന്നര്‍മാരെ കീപ്പ് ചെയ്യുന്നതിലും കിഷന് പോരായ്മകളുണ്ട്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ മധ്യനിരയില്‍ ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്ററുടെ കുറവ് നികത്താന്‍ ഒരുപക്ഷെ കിഷനായേക്കും. എന്നാല്‍ ഇംഗ്ലണ്ടില്‍ പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ കിഷന്‍ ഫലപ്രദമാവുമോ അതോ സാങ്കേതികത്തികവുള്ള ഭരത് വേണോ എന്നതാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ കുഴക്കുന്നത്.

ഓവല്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഓസ്ട്രേലിയയെ നേരിടാനിറങ്ങുമ്പോള്‍ ടീം കോംബിനേഷനെക്കുറിച്ച് തല പുകയ്ക്കുകയാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കോച്ച് രാഹുല്‍ ദ്രാവിഡും. ബാറ്റിംഗ് നിരയില്‍ ആരൊക്കെ ഉണ്ടാവുമെന്ന കാര്യത്തില്‍ ഏകദേശ ധാരണയുണ്ടെങ്കിലും വിക്കറ്റ് കീപ്പറായി ആരെ കളിപ്പിക്കണമെന്ന കാര്യത്തിലും ബൗളര്‍മാരുടെ കാര്യത്തിലുമാണ് ആശയക്കുഴപ്പം നിലനില്‍ക്കുന്നത്.

വിക്കറ്റ് കീപ്പറായി കെ എസ് ഭരതിനെ കളിപ്പിക്കണോ ഇഷാന്‍ കിഷന് അരങ്ങേറ്റത്തിന് അവസരം നല്‍കണമോ എന്നതാണ് ചോദ്യം. ഇന്ത്യയില്‍ നടന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ നാലു മത്സരങ്ങളിലും ഭരത് കീപ്പറായിരുന്നെങ്കിലും എടുത്തു പറയത്തക്ക ബാറ്റിംഗ് പ്രകടനം യുവതാരത്തില്‍ നിന്നുണ്ടായില്ല. എന്നാല്‍ കീപ്പറെന്ന നിലയില്‍ മികവ് കാട്ടുകയും ചെയ്തു. ഇഷാന്‍ കിഷനാണെങ്കില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ജാര്‍ഖണ്ഡിനായി വെടിക്കെട്ട് ബാറ്റിംഗുമായി തിളങ്ങിയിട്ടുണ്ടെങ്കിലും ടെസ്റ്റ് ക്രിക്കറ്റില്‍ ഇതുവരെ അരങ്ങേറിയിട്ടില്ല.

സ്പിന്നര്‍മാരെ കീപ്പ് ചെയ്യുന്നതിലും കിഷന് പോരായ്മകളുണ്ട്. റിഷഭ് പന്തിന്‍റെ അഭാവത്തില്‍ മധ്യനിരയില്‍ ആക്രമിച്ചു കളിക്കുന്ന ഒരു ബാറ്ററുടെ കുറവ് നികത്താന്‍ ഒരുപക്ഷെ കിഷനായേക്കും. എന്നാല്‍ ഇംഗ്ലണ്ടില്‍ പന്ത് സ്വിംഗ് ചെയ്യുന്ന സാഹചര്യങ്ങളില്‍ കിഷന്‍ ഫലപ്രദമാവുമോ അതോ സാങ്കേതികത്തികവുള്ള ഭരത് വേണോ എന്നതാണ് ഇന്ത്യന്‍ ടീം മാനേജ്മെന്‍റിനെ കുഴക്കുന്നത്.

'റിഷഭ് പന്തിനെപ്പോലെ തകര്‍ത്തടിക്കുന്ന കീപ്പര്‍ വേണമെങ്കില്‍ അവനെ കളിപ്പിക്കൂ'; നിര്‍ദേശവുമായി മഞ്ജരേക്കര്‍

ഷര്‍ദ്ദുലോ അശ്വിനോ

ഓവലില്‍ നിലവില്‍ പിച്ചില്‍ പുല്ലുണ്ടെങ്കിലും മത്സര ദിനമാകുമ്പോഴേക്കും പുല്ല് നീക്കം ചെയ്യാനാണ് സാധ്യത. അവസാന രണ്ട് ദിവസങ്ങളില്‍ പിച്ച് സ്പിന്നര്‍മാരെ സഹായിക്കുമെന്നതാണ് ഓവലിലെ ചരിത്രം. ഈ സാഹചര്യത്തില്‍ രണ്ട് സ്പിന്നര്‍മാര്‍ വേണോ ഷര്‍ദ്ദുല്‍ ഠാക്കൂര്‍ അടക്കം നാലു പേസര്‍മാര്‍ വേണോ എന്നതും ഇന്ത്യന്‍ ടീമിനെ കുഴക്കുന്നു. ഷര്‍ദ്ദുലിനെ കളിപ്പിച്ചാല്‍ അശ്വിനെ പുറത്തിരുത്തേണ്ടിവരും.

ബാറ്റിംഗ് കൂടി കണക്കിലെടുത്ത് രവീന്ദ്ര ജഡേജ ഇടം കൈയന്‍ സ്പിന്നറായി ടീമില്‍ സ്ഥാനം ഉറപ്പിക്കുമ്പോള്‍ അവസാന രണ്ട് ദിവസം സ്പിന്നര്‍മാരെ തുണക്കുമെന്ന് കരുതുന്ന പിച്ചില്‍ അശ്വിനെ ഒഴിവാക്കുന്നത് ആത്മഹത്യാപരമാകുമോ എന്നതാണ് ചോദ്യം. പേസര്‍മാരായി മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും ഉമേഷ് യാദവുമായിരിക്കും പ്ലേയിംഗ് ഇലവനിലെത്തുക എന്നത് ഏതാണ്ടുറപ്പാണ്.

ഒരേയൊരു മത്സരമാണ് ജേതാക്കളെ തീരുമാനിക്കുക എന്നതിനാല്‍ ടീം കോംബിനേഷന്‍ പാളിപ്പോയാല്‍ തുടര്‍ച്ചയായി രണ്ടാം വട്ടവും ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് നഷ്ടമാവുമെന്നതിനാല്‍ കരുതലോടെയാവും ദ്രാവിഡും രോഹിത്തും തീരുമാനമെടുക്കുക.

click me!