Latest Videos

വിരലിന് പരിക്കേറ്റിട്ടും എങ്ങനെ ബാറ്റിംഗിനിറങ്ങി, സിക്‌സര്‍മഴ പെയ്യിച്ചു; മനസുതുറന്ന് രോഹിത് ശര്‍മ്മ

By Jomit JoseFirst Published Dec 7, 2022, 8:27 PM IST
Highlights

തന്‍റെ പോരാട്ടം ടീമിനെ ജയിപ്പിച്ചില്ലെങ്കിലും പരിക്കിനെ കുറിച്ച് മത്സര ശേഷം മനസുതുറന്ന് ഇന്ത്യന്‍ നായകന്‍

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കിനിടയിലും ബാറ്റിംഗിറങ്ങിയ രോഹിത് ശര്‍മ്മയ്ക്ക് ബിഗ് സല്യൂട്ട് നല്‍കുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഫീല്‍ഡിംഗിനിടെ വിരലിന് പരിക്കേറ്റിട്ടും ടീം ആവശ്യപ്പെട്ട ഘട്ടത്തില്‍ 9-ാമനായി ക്രീസിലിറങ്ങി 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സറും ഉള്‍പ്പടെ പുറത്താവാതെ 51 റണ്‍സ് രോഹിത് നേടിയിരുന്നു. രോഹിത്തിന്‍റെ പോരാട്ടത്തിനിടയിലും തലനാരിഴയ്‌ക്കാണ് ടീം ഇന്ത്യ തോല്‍വിയിലേക്ക് വഴുതിവീണത്. തന്‍റെ പോരാട്ടം ടീമിനെ ജയിപ്പിച്ചില്ലെങ്കിലും പരിക്കിനെ കുറിച്ച് മത്സര ശേഷം മനസുതുറന്ന് ഇന്ത്യന്‍ നായകന്‍. 

തള്ളവിരലിനേറ്റ പരുക്ക് അത്ര വലുതല്ല. ചെറിയ സ്ഥാനചലനവും ചുരുക്കം തുന്നലുകളുമുണ്ട്. ഭാഗ്യവശാൽ പൊട്ടലുകളുണ്ടായില്ല. അതിനാൽ എനിക്ക് ബാറ്റ് ചെയ്യാൻ കഴിഞ്ഞു എന്നാണ് ധാക്കയിലെ രണ്ടാം ഏകദിനത്തിന് ശേഷം രോഹിത് ശര്‍മ്മയുടെ പ്രതികരണം 

ധാക്കയില്‍ ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യ 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സാണ് നേടിയത്. രോഹിത്തിന് പകരം ഓപ്പണറായി ഇറങ്ങിയ വിരാട് കോലി ആറ് പന്തില്‍ അഞ്ചും സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 10 പന്തില്‍ എട്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 102 പന്തില്‍ 82 നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 നേടിയ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 19 പന്തില്‍ 11നും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 28 ബോളില്‍ 14നും ഷര്‍ദുല്‍ ഠാക്കൂര്‍ 23 പന്തില്‍ ഏഴിനും ദീപക് ചാഹര്‍ 18 പന്തില്‍ 11നും മുഹമ്മദ് സിറാജ് 12 പന്തില്‍ 2നും പുറത്തായി. 

ഇന്ത്യ വന്‍ തോല്‍വി ഉറപ്പിച്ച ഘട്ടത്തില്‍ ഒന്‍പതാമനായി ക്രീസിലെത്തുകയായിരുന്നു രോഹിത് ശര്‍മ്മ. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ ടീം ഇന്ത്യക്ക് വേണ്ടിയിരുന്നപ്പോള്‍ പരിക്കിനിടയിലും പോരാട്ടം കാഴ്ചവെച്ചു ഹിറ്റ്‌മാന്‍. അഞ്ച് റണ്‍സിന്‍റെ ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി. ബാറ്റിംഗില്‍ സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസും മുസ്‌താഫിസൂറിന്‍റെ അവസാന ഓവറുമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്. മെഹ്ദി ഹസന്‍റെ (83 പന്തില്‍ 100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സും നിര്‍ണായകമായി. 

പരിക്ക് വകവയ്ക്കാതെ ഒന്‍പതാമനായി ക്രീസിലെത്തി 28 പന്തില്‍ 51 റണ്‍സ്! തോല്‍വിയിലും ഹീറോയായി ഹിറ്റ്‌മാന്‍

click me!