Asianet News MalayalamAsianet News Malayalam

പരിക്ക് വകവയ്ക്കാതെ ഒന്‍പതാമനായി ക്രീസിലെത്തി 28 പന്തില്‍ 51 റണ്‍സ്! തോല്‍വിയിലും ഹീറോയായി ഹിറ്റ്‌മാന്‍

ധാക്കയില്‍ ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സ് വരെയെത്താനായി

Bangladesh vs India 2nd ODI injured Rohit Sharma hero with fire fifty amid injury
Author
First Published Dec 7, 2022, 8:07 PM IST

ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ പരിക്കിനിടയിലും ബാറ്റിംഗിറങ്ങിയ കയ്യടി വാങ്ങി രോഹിത് ശര്‍മ്മ. ഫീല്‍ഡിംഗിനിടെ പരിക്കേറ്റ രോഹിത്തിന് പിന്നീട് ബാറ്റിംഗിന് ഇറങ്ങാനാവില്ല എന്നാണ് ഏവരും കരുതിയത് എങ്കിലും ഒന്‍പതാമനായി ഹിറ്റ്‌മാന്‍ ക്രീസിലെത്തി. 28 പന്തില്‍ മൂന്ന് ഫോറും അഞ്ച് സിക്‌സും സഹിതം പുറത്താവാതെ 51 റണ്‍സുമായി രോഹിത് അത്ഭുതം കാട്ടി. പക്ഷേ അവസാന പന്തില്‍ ആറ് റണ്‍സ് വേണ്ടിയിരുന്ന ടീമിനെ നിര്‍ഭാഗ്യം കൊണ്ടുമാത്രം രോഹിത് ശര്‍മ്മയ്ക്ക് ജയിപ്പിക്കാനായില്ല. 

ധാക്കയില്‍ ബംഗ്ലാദേശിന്‍റെ 271 റണ്‍സ് പിന്തുടര്‍ന്ന ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റിന് 266 റണ്‍സ് വരെയെത്താനായി. രോഹിത്തിന് പകരം ഓപ്പണറായി ഇറങ്ങിയ വിരാട് കോലി ആറ് പന്തില്‍ അഞ്ചും സഹ ഓപ്പണര്‍ ശിഖര്‍ ധവാന്‍ 10 പന്തില്‍ എട്ടും റണ്‍സെടുത്ത് പുറത്തായപ്പോള്‍ 102 പന്തില്‍ 82 നേടിയ ശ്രേയസ് അയ്യരും 56 പന്തില്‍ 56 നേടിയ ഓള്‍റൗണ്ടര്‍ അക്‌സര്‍ പട്ടേലും മാത്രമാണ് ഇന്ത്യക്ക് പ്രതീക്ഷ നല്‍കിയത്. വാഷിംഗ്ടണ്‍ സുന്ദര്‍ 19 പന്തില്‍ 11നും വൈസ് ക്യാപ്റ്റന്‍ കെ എല്‍ രാഹുല്‍ 28 ബോളില്‍ 14നും ഷര്‍ദുല്‍ ഠാക്കൂര്‍ 23 പന്തില്‍ ഏഴിനും ദീപക് ചാഹര്‍ 18 പന്തില്‍ 11നും മുഹമ്മദ് സിറാജ് 12 പന്തില്‍ 2നും പുറത്തായി. 

ഒടുവില്‍ നിലയില്ലാക്കയത്തിലായ ടീമിനെ രക്ഷിക്കാന്‍ ഒന്‍പതാമനായി രോഹിത് ശര്‍മ്മ ക്രീസിലിറങ്ങുകയായിരുന്നു. അവസാന ഓവറില്‍ 20 റണ്‍സ് ജയിക്കാന്‍ ടീം ഇന്ത്യക്ക് വേണ്ടിയിരുന്നപ്പോള്‍ പരിക്കിനിടയിലും പോരാട്ടം കാഴ്ചവെച്ച് തോല്‍വി സമ്മതിക്കുകയായിരുന്നു രോഹിത് ശര്‍മ്മ. ജയത്തോടെ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര ബംഗ്ലാദേശ് 2-0ന് സ്വന്തമാക്കി. ബാറ്റിംഗില്‍ സെഞ്ചുറിയും രണ്ട് വിക്കറ്റുമായി മെഹിദി ഹസന്‍ മിറാസും മുസ്‌താഫിസൂറിന്‍റെ അവസാന ഓവറുമാണ് ബംഗ്ലാദേശിന് ജയം സമ്മാനിച്ചത്.  

മെഹ്ദി ഹസന്‍ മിറാസിന്‍റെ (100) സെഞ്ചുറിയാണ് ബംഗ്ലാദേശിനെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. മഹ്മുദുള്ളയുടെ (77) ഇന്നിംഗ്‌സും നിര്‍ണായകമായി. വാഷിംഗ്ടണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. 

അവസാന ഓവര്‍ വരെ ആവേശം; ഹിറ്റ്മാന്‍ വെടിക്കെട്ടിനും രക്ഷിക്കാനായില്ല, ഏകദിന പരമ്പര സ്വന്തമാക്കി ബംഗ്ലാദേശ്

Follow Us:
Download App:
  • android
  • ios