ക്രിക്കറ്റ് ചരിത്രത്തിലാദ്യം! അഞ്ച് വിക്കറ്റോടെ നേട്ടങ്ങള്‍ വാരിക്കൂട്ടി അശ്വിന്‍

By Web TeamFirst Published Feb 14, 2021, 5:53 PM IST
Highlights

ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു താരവും മുമ്പ് സ്വന്തമാക്കാത്ത റെക്കോര്‍ഡ് അടക്കം ഒരുപിടി നേട്ടങ്ങള്‍ അശ്വിന്‍ സ്വന്തമാക്കി.  

ചെന്നൈ: ഇംഗ്ലണ്ടിനെ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിംഗ്‌സില്‍ 134 റണ്‍സില്‍ ചുരുട്ടിക്കെട്ടിയത് ഇന്ത്യന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനാണ്. 23.5 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റ് വീഴ്‌ത്തി അശ്വിന്‍ ചെപ്പോക്കിലെ ഹോംഗ്രൗണ്ടില്‍ മിന്നലാവുകയായിരുന്നു. ക്രിക്കറ്റ് ചരിത്രത്തില്‍ മറ്റൊരു താരവും മുമ്പ് സ്വന്തമാക്കാത്ത റെക്കോര്‍ഡ് അടക്കം ഒരുപിടി നേട്ടങ്ങള്‍ അശ്വിന്‍ ഇതിനിടെ സ്വന്തമാക്കി.  

ഇടംകൈയന്‍മാരുടെ അന്തകന്‍

ടെസ്റ്റ് ക്രിക്കറ്റില്‍ ഇടംകൈയന്‍ ബാറ്റ്സ്‌മാന്‍മാരെ 200 തവണ പുറത്താക്കുന്ന ആദ്യ ബൗളറാണ് അശ്വിന്‍. സ്റ്റുവര്‍ട്ട് ബ്രോഡിനെ ഡക്കാക്കിയാണ് അശ്വിന്‍ നേട്ടത്തിലെത്തിയത്. ചെപ്പോക്കിലെ രണ്ടാം ടെസ്റ്റില്‍ ഡോം സിബ്ലി, ഡാനിയേല്‍ ലോറന്‍സ്, ബെന്‍ സ്റ്റോക്‌സ്, ഓലി സ്റ്റോണ്‍ എന്നിവരാണ് അശ്വിന്‍റെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ഇന്ന് അടിയറവുപറഞ്ഞ മറ്റ് ഇംഗ്ലീഷ് ബാറ്റ്സ്‌മാന്‍മാര്‍. 

ഹര്‍ഭജനെയും മറികടന്ന്, കുംബ്ലെക്ക് പിന്നില്‍

ടെസ്റ്റില്‍ സ്വന്തം നാട്ടിലെ വിക്കറ്റുകളുടെ എണ്ണത്തില്‍ സ്‌പിന്നര്‍ ഹര്‍ഭജന്‍ സിംഗിനെ പിന്നിലാക്കുകയും ചെയ്തു അശ്വിന്‍. 45 മത്സരങ്ങളില്‍ 267 വിക്കറ്റാണ് അശ്വിന്‍റെ സമ്പാദ്യം. 265 വിക്കറ്റുകളായിരുന്നു ഭാജിയുടെ പേരിലുണ്ടായിരുന്നത്. 

കരിയറിലെ 76 ടെസ്റ്റുകള്‍ക്കിടെ അശ്വിന്‍ 29-ാം തവണയാണ് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്. ഇക്കാര്യത്തില്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിനൊപ്പം ഏഴാമത് എത്താന്‍ അശ്വിനായി. 67 അഞ്ച് വിക്കറ്റ് നേട്ടവുമായി ലങ്കന്‍ ഇതിഹാസം മുത്തയ്യ മുരളീധരനാണ് ഒന്നാമത്. ഇന്ത്യന്‍ താരങ്ങളില്‍ അനില്‍ കുംബ്ലെ(35) മാത്രമാണ് അശ്വിന് മുന്നില്‍. 

നാട്ടിലും നാഴികക്കല്ല്

ഹോം വേദികളില്‍ അശ്വിന്‍റെ 23-ാം അഞ്ച് വിക്കറ്റ് നേട്ടം കൂടിയാണ് ചെപ്പോക്കില്‍ പിറന്നത്. 89 ഹോം ടെസ്റ്റുകളില്‍ 22 അഞ്ച് വിക്കറ്റ് നേട്ടമുണ്ടാക്കിയ ഇംഗ്ലീഷ് പേസര്‍ ജയിംസ് ആന്‍ഡേഴ്‌സണെ പിന്നിലാക്കി. മുത്തയ്യ മുരളീധരന്‍(45), രങ്കണ ഹെറാത്ത്(26), അനില്‍ കുംബ്ലെ(25) എന്നിവരാണ് ഇനി അശ്വിന്‍റെ മുന്നിലുള്ളത്. 

രോഹിത്തും പൂജാരയും ക്രീസില്‍; രണ്ടാം ടെസ്റ്റില്‍ പിടിമുറുക്കി ഇന്ത്യ, മികച്ച ലീഡ്

click me!