
ഡബ്ലിന്‍: പരിക്കിന് ശേഷമുള്ള മടങ്ങിവരവില്‍ ക്യാപ്റ്റന്‍റെ കുപ്പായത്തില്‍ ജസ്പ്രീത് ബുമ്ര ഇറങ്ങുകയാണ്. അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടീം ഇന്ത്യ നാളെ ഇറങ്ങുമ്പോള്‍ ശ്രദ്ധാകേന്ദ്രം വേറൊരാളുമല്ല, ജസ്പ്രീത് ബുമ്രയാണ്. നീണ്ട 11 മാസക്കാലത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യന്‍ കുപ്പായത്തില്‍ ബുമ്ര കളത്തിലെത്തുമ്പോള്‍ മറ്റൊന്നിലും ഇന്ത്യന്‍ ആരാധകരുടെ കണ്ണ് പതിയില്ല. വരുംകാല താരങ്ങളുടെ ടീമിനെയാണ് ബുമ്ര നയിക്കുന്നത് എന്നതിനാല്‍ അദേഹത്തിന്‍റെ ക്യാപ്റ്റന്‍സിയും പരമ്പരയില്‍ ശ്രദ്ധേയമാകും. ഡബ്ലിനില്‍ വെള്ളിയാഴ്ച ആദ്യ ടി20ക്ക് ഇറങ്ങുന്നതോടെ ഒരു നാഴികക്കല്ല് ബുമ്രക്ക് സ്വന്തമാകും എന്നതും ആരാധകരെ ആവേശത്തിലാഴ്ത്തും.
ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീമിനെ രാജ്യാന്തര ട്വന്‍റി 20യില്‍ നയിക്കുന്ന ആദ്യ പേസർ എന്ന നേട്ടത്തിന് അരികെയാണ് ജസ്പ്രീത് ബുമ്ര. ഡബ്ലിനില്‍ അയർലന്‍ഡിനെതിരായ ഒന്നാം ടി20ക്ക് ഇറങ്ങുന്നതോടെ ബുമ്ര ഈ നാഴികക്കല്ലിലെത്തും. മുമ്പ് ടെസ്റ്റ് ക്രിക്കറ്റില്‍ ടീം ഇന്ത്യയെ നയിച്ച പരിചയം ബുമ്രക്കുണ്ട്. ക്രിക്കറ്റില്‍ പേസർമാരെ ക്യാപ്റ്റന്‍സി ഏല്‍പിക്കുന്നതുതന്നെ അപൂർവമാണ്. ടി20 ഫോർമാറ്റില്‍ 2016ല്‍ അരങ്ങേറ്റം കുറിച്ച ശേഷം ബാറ്റർമാരും വിക്കറ്റ് കീപ്പർമാരും ഓൾറൗണ്ടർമാരുമായിരുന്നു ഇന്ത്യയുടെ ക്യാപ്റ്റന്‍മാർ. ജോലിഭാരം കുറയ്ക്കാന്‍ ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യക്ക് വിശ്രമം അനുവദിച്ചതോടെയാണ് ബുമ്രയെ ക്യാപ്റ്റനായി നിയോഗിച്ചത്. ടി20 ഫോർമാറ്റില്‍ ഇന്ത്യയെ നയിക്കുന്ന പതിനൊന്നാം ക്യാപ്റ്റനാണ് ബുമ്ര.
റുതുരാജ് ഗെയ്‌ക്‌വാദ്, യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, ജിതേശ് ശര്‍മ്മ തുടങ്ങി രണ്ടാംനിര ടീമിനെയാണ് അയർലന്‍ഡിലെ ട്വന്‍റി 20 പരമ്പരയില്‍ ജസ്പ്രീത് ബുമ്ര നയിക്കുന്നത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിന് ശേഷം ഇതാദ്യമായാണ് ബുമ്ര മത്സര ക്രിക്കറ്റ് കളിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ദേശീയ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനം പൂർത്തിയാക്കിയാണ് താരം കളിക്കാനൊരുങ്ങിയിരിക്കുന്നത്. 2022 ജൂലൈയില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തിന് ശേഷമാണ് പുറംവേദന ബുമ്ര റിപ്പോര്‍ട്ട് ചെയ്‌തത്. ഇതിന് ശേഷം വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയും ഏഷ്യാ കപ്പും നഷ്‌ടമായ താരം ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ പരമ്പരയിലൂടെ തിരിച്ചുവന്നെങ്കിലും രണ്ട് ടി20കളിലായി ആറ് ഓവറെ എറിയാനായുള്ളൂ.
Read more: ബുമ്ര ഈസ് ബാക്ക്; കണ്ണിലൂടെ പൊന്നീച്ച പാറിച്ച് ബൗണ്‍സറും യോർക്കറുകളും- വീഡിയോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!