
ഡബ്ലിന്‍: അയർലന്‍ഡിനെതിരായ മൂന്ന് ട്വന്‍റി 20കളുടെ പരമ്പര വെള്ളിയാഴ്ച ആരംഭിക്കുമ്പോള്‍ കണ്ണുകളെല്ലാം ഇന്ത്യന്‍ സ്റ്റാർ പേസർ ജസ്പ്രീത് ബുമ്രയിലാണ്. നീണ്ട 11 മാസത്തെ ഇടവേളയ്ക്ക് ശേഷം മത്സര ക്രിക്കറ്റ് കളിക്കുന്ന ബുമ്ര തിരിച്ചുവരവില്‍ എങ്ങനെ പന്തെറിയും എന്ന ആകാംക്ഷയിലാണ് ആരാധകർ. കടുത്ത പുറംവേദന മാറി മടങ്ങിയെത്തുന്ന താരം തിരിച്ചുവരവില്‍ ആരാധകരെ നിരാശപ്പെടുത്തില്ല എന്നാണ് സൂചനകള്‍. ഏകദിന ലോകകപ്പിന് മുമ്പ് ഇന്ത്യന്‍ മാനേജ്മെന്‍റിനും ആരാധകർക്കും ആശ്വാസം നല്‍കുന്ന കാര്യമാണിത്.
പഴയ ബും ബും ബുമ്രയെ ഓർമ്മിപ്പിച്ച് മികച്ച പേസിലും ലെങ്തിലും ബൗണ്‍സിലുമുള്ള പന്തുകളാണ് ജസ്പ്രീത് ബുമ്ര ഡബ്ലിനിലെത്തിയ ശേഷം നെറ്റ്സില്‍ എറിഞ്ഞത്. ബുമ്രയുടെ ബൗളിംഗ് ദൃശ്യങ്ങള്‍ ബിസിസിഐ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചപ്പോള്‍ വീഡിയോ വൈറലായി. ഇതിനകം 12 ലക്ഷത്തിലധികം പേരാണ് ഈ വീഡിയോ കണ്ടത്. റുതുരാജ് ഗെയ്‌ക്‌വാദും യശസ്വി ജയ്സ്വാളും അടക്കമുള്ള ഇന്ത്യന്‍ ടോപ് ഓർഡറിന് എതിരെയാണ് ബുമ്ര പന്തെറിഞ്ഞത്. റുതുരാജിനെ വിറപ്പിക്കുന്ന ബൗണ്‍സർ പരിശീലനത്തിനിടെ ബുമ്ര എറിഞ്ഞു. ഏകദിന ലോകകപ്പിന് മുമ്പ് ബുമ്രക്ക് ഏറെ നിർണായകമാണ് അയർലന്‍ഡിന് എതിരായ ട്വന്‍റി 20 പരമ്പര. പരമ്പരയില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയാണ് ബുമ്ര. അയർലന്‍ഡില്‍ നാളെയാണ് ആദ്യ ടി20ക്കായി ടീം ഇന്ത്യ ഇറങ്ങുക. പരിക്ക് മാറി മറ്റൊരു പേസർ പ്രസിദ്ധ് കൃഷ്ണയും പരമ്പരയിലൂടെ മടങ്ങിയെത്തും.
അയര്‍ലന്‍ഡ് ടീം: പോള്‍ സ്റ്റിര്‍ലിംഗ്(ക്യാപ്റ്റന്‍), ആന്‍ഡ്രൂ ബല്‍ബിര്‍ണീ, മാര്‍ക്ക് അഡൈര്‍, റോസ് അഡൈര്‍, കര്‍ട്ടിസ് കാംഫെര്‍, ഗാരെത് ഡെലാനി, ജോര്‍ജ് ഡോക്‌റെല്‍, ഫിയോന്‍ ഹാന്‍ഡ്, ജോഷ് ലിറ്റില്‍, ബാരി മക്കാര്‍ത്തി, ഹാരി ടെക്‌ടര്‍, ലോറന്‍ ടക്കെര്‍, തിയോ വാന്‍ വോര്‍കോം, ബെന്‍ വൈറ്റ്, ക്രൈഗ് യങ്.
ഇന്ത്യന്‍ ടീം: ജസ്പ്രീത് ബുമ്ര(ക്യാപ്റ്റന്‍), റുതുരാജ് ഗെയ്‌ക്‌വാദ്(വൈസ് ക്യാപ്റ്റന്‍) യശസ്വി ജയ്‌സ്വാള്‍, തിലക് വര്‍മ്മ, റിങ്കു സിംഗ്, സഞ്ജു സാംസണ്‍, ജിതേശ് ശര്‍മ്മ, ശിവം ദുബെ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ഷഹ്ബാസ് അഹമ്മദ്, രവി ബിഷ്‌ണോയ്, പ്രസിദ്ധ് കൃഷ്‌ണ, അര്‍ഷ്‌ദീപ് സിംഗ്, മുകേഷ് കുമാര്‍, ആവേഷ് ഖാന്‍.
Read more: ഇന്ത്യ-അയര്‍ലന്‍ഡ് ആദ്യ ടി20 നാളെ, മത്സരം സൗജന്യമായി കാണാനുള്ള വഴികള്‍ അറിയാം; ഇന്ത്യന്‍ സമയം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!