Latest Videos

ഈ അംപയര്‍മാര്‍ക്കെല്ലാം എന്തുപറ്റി? വീണ്ടും അംപയറിംഗ് മണ്ടത്തരം!

By Web TeamFirst Published Jan 18, 2023, 6:42 PM IST
Highlights

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 41-ാം ഓവറിലെ നാലാം പന്തില്‍ ബ്രേസ്‌വെല്ലിനെ ബാക്ക്‌ഫൂട്ടില്‍ ബാക്ക്‌വേഡ് പോയിന്‍റിലേക്ക് റണ്‍ നേടാനായിരുന്നു ഗില്ലിന്‍റെ ശ്രമം

ഹൈദരാബാദ്: ഇന്ത്യ-ന്യൂസിലന്‍ഡ് ആദ്യ ഏകദിനത്തിലെ അംപയറിംഗിനെതിരെ രൂക്ഷ വിമര്‍ശനം. ഹാര്‍ദിക് പാണ്ഡ്യയുടെ ഔട്ടില്‍ പ്രതിക്കൂട്ടിലായ മൂന്നാം അംപയര്‍ക്ക് പിന്നാലെ ശുഭ്‌മാന്‍ ഗില്ലിന്‍റെ ബെയ്‌ല്‍സ് തെറിച്ചതിലും അംപയര്‍മാരുടെ വീഴ്‌ചകള്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തി. ഗില്‍ ഹിറ്റ് വിക്കറ്റായോ എന്നതായിരുന്നു സംശയം. രണ്ട് സംഭവങ്ങളിലും വില്ലന്‍മാരില്‍ ഒരാളായി ന്യൂസിലന്‍ഡ് നായകനും വിക്കറ്റ് കീപ്പറുമായ ടോം ലാഥമും ഉണ്ടായിരുന്നു. 

ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 41-ാം ഓവറിലെ നാലാം പന്തില്‍ ബ്രേസ്‌വെല്ലിനെ ബാക്ക്‌ഫൂട്ടില്‍ ബാക്ക്‌വേഡ് പോയിന്‍റിലേക്ക് റണ്‍ നേടാനായിരുന്നു ഗില്ലിന്‍റെ ശ്രമം. ഗില്‍ രണ്ട് റണ്‍സ് ഓടിയെടുക്കുകയും ചെയ്തു. ഇതിനിടെ ബെയ്‌ല്‍സ് നിലത്ത് വീണതോടെ ഗില്‍ ഹിറ്റ്‌ വിക്കറ്റായോ എന്ന സംശയം കിവീസ് താരങ്ങള്‍ക്കുണ്ടായി. ബെയ്‌ല്‍സ് എങ്ങനെയാണ് താഴെവീണത് എന്ന് ലെഗ് അംപയര്‍ കൃത്യമായി ശ്രദ്ധിച്ചുമില്ല. വിക്കറ്റ് കീപ്പര്‍ ടോം ലാഥമിന്‍റെ ഗ്ലൗസ് തട്ടിയാണ് ബെയ്‌ല്‍സ് വീണത് എന്ന് റിപ്ലേകളില്‍ വ്യക്തമാവുകയായിരുന്നു. ഈ സമയം 135 റണ്‍സ് എന്ന നിലയിലായിരുന്നു ഗില്‍. ബെയ്‌ല്‍സ് ഇളകുമ്പോള്‍ ഗില്ലിന്‍റെ കാലുകള്‍ സ്റ്റംപിന്‍റെ അടുത്തുപോലും ഉണ്ടായിരുന്നില്ല.  

തൊട്ടുമുമ്പ് 40-ാം ഓവറിലെ നാലാം പന്തില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ പുറത്തായതില്‍ മൂന്നാം അംപയറുടെ തീരുമാനം ഇതിനകം വിവാദമായിട്ടുണ്ട്. ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡായി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. എന്നാല്‍ പന്ത് ബെയ്‌ല്‍സില്‍ കൊള്ളുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയായിരുന്നു എന്നാണ് ആരാധകരുടെ വാദം. ചരിത്രത്തിലെ ഏറ്റവും മോശം മൂന്നാം അംപയര്‍ തീരുമാനമാണ് ഇതെന്ന് ആരാധകര്‍ വാദിക്കുന്നു. പന്താണോ ലാഥമിന്‍റെ ഗ്ലൗസാണോ സ്റ്റംപില്‍ കൊണ്ടതും ബെയ്‌ല്‍സ് വീഴാന്‍ കാരണമായതും എന്ന് ഏറെ നേരം പരിശോധിച്ച ശേഷം ഹാര്‍ദിക് പാണ്ഡ്യയെ ബൗള്‍ഡായി പ്രഖ്യാപിക്കുകയായിരുന്നു മൂന്നാം അംപയര്‍. 

മൂന്നാം അംപയറുടെ ആന മണ്ടത്തരം? ഹാര്‍ദിക് പാണ്ഡ്യയുടെ വിക്കറ്റില്‍ വന്‍ വിവാദം, തലയില്‍ കൈവെച്ച് ആരാധകര്‍

click me!