സെഞ്ചുറി തികച്ച് മുന്നേറുകയായിരുന്ന ശുഭ്‌മാന്‍ ഗില്ലിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുമായി നില്‍ക്കവേയാണ് ഭാഗ്യം പാണ്ഡ്യയെ പരീക്ഷിച്ചത്

ഹൈദരാബാദ്: ന്യൂസിലന്‍ഡിന് എതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റര്‍ ഹാര്‍ദിക് പാണ്ഡ്യയെ പുറത്താക്കിയ മൂന്നാം അംപയറുടെ തീരുമാനം വിവാദത്തില്‍. ഡാരില്‍ മിച്ചലിന്‍റെ പന്തില്‍ പാണ്ഡ്യ ബൗള്‍ഡായി എന്നാണ് മൂന്നാം അംപയര്‍ വിധിച്ചത്. എന്നാല്‍ പന്ത് ബെയ്‌ല്‍സില്‍ കൊള്ളുകപോലും ചെയ്യാതെ വിക്കറ്റിന് പിന്നില്‍ ടോം ലാഥമിന്‍റെ ഗ്ലൗസില്‍ എത്തുകയായിരുന്നു എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം. ചരിത്രത്തിലെ ഏറ്റവും മോശം മൂന്നാം അംപയര്‍ തീരുമാനമാണ് ഇതെന്ന് ആരാധകര്‍ വാദിക്കുന്നു. പന്താണോ ലാഥമിന്‍റെ ഗ്ലൗസാണോ സ്റ്റംപില്‍ കൊണ്ടത് എന്ന് ഏറെ നേരം പരിശോധിച്ച ശേഷം വിക്കറ്റായി പ്രഖ്യാപിക്കുകയായിരുന്നു മൂന്നാം അംപയര്‍. 

ഇതോടെ നിരാശനായി മൈതാനം വിടുകയായിരുന്നു ഹാര്‍ദിക് പാണ്ഡ്യ. സെഞ്ചുറി തികച്ച് മുന്നേറുകയായിരുന്ന ശുഭ്‌മാന്‍ ഗില്ലിനൊപ്പം നിര്‍ണായക കൂട്ടുകെട്ടുമായി നില്‍ക്കവേയാണ് ഭാഗ്യം പാണ്ഡ്യയെ പരീക്ഷിച്ചത്. 38 പന്തില്‍ മൂന്ന് ബൗണ്ടറികളോടെ 28 റണ്‍സാണ് ഹാര്‍ദിക് പാണ്ഡ്യയുടെ സമ്പാദ്യം. ഹാര്‍ദിക്കിന്‍റേത് വിക്കറ്റ് അല്ല എന്ന് ഉറപ്പിക്കുന്നു ആരാധകര്‍. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…
Scroll to load tweet…

ഹൈദരാബാദില്‍ ഗില്ലിന്‍റെ ദിനം

ശ്രീലങ്കക്കെതിരായ അവസാന ഏകദിനത്തില്‍ സെഞ്ചുറി നേടിയതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും സെഞ്ചുറി നേടിയ ഗില്‍ ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികക്കുന്ന ബാറ്ററെന്ന റെക്കോര്‍ഡ് അടിച്ചെടുത്തു. 87 പന്തില്‍ കരിയറിലെ മൂന്നാം ഏകദിന സെഞ്ചുറിയിലെത്തിയ ഗില്‍ വെറും 19 ഇന്നിംഗ്സുകളില്‍ നിന്ന് 1000 റണ്‍സ് പൂര്‍ത്തിയാക്കി. 24 ഇന്നിംഗ്സുകളില്‍ 1000 റണ്‍സ് പിന്നിട്ട വിരാട് കോലിയെയും ശിഖര്‍ ധവാനെയുമാണ് ഗില്‍ മറികടന്നത്. ഏകദിന ഫോര്‍മാറ്റില്‍ ഇതോടെ ഇന്ത്യയുടെ വിശ്വസ്‌ത ഓപ്പണറായി മാറുകയാണ് ശുഭ്‌മാന്‍ ഗില്‍. മത്സരത്തില്‍ മധ്യനിരയില്‍ ഇറങ്ങിയ ഇഷാന്‍ കിഷന്‍ പരാജയമായതും ഗില്ലിന് അനുകൂലഘടമാണ്. 14 പന്തില്‍ 5 റണ്‍സാണ് കിഷന്‍ നേടിയത്.

'ഗില്‍ ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ചു'; ഹൈദരാബാദിലെ ഗില്ലാട്ടത്തെ വാഴ്‌ത്തി ക്രിക്കറ്റ് ലോകം