റാഞ്ചിയില്‍ മഞ്ഞ് കളിക്കുമോ, എന്താകും പിച്ചിന്‍റെ സ്വഭാവം; ഇന്ത്യ-കിവീസ് ആദ്യ ടി20യില്‍ അറിയേണ്ടത്

By Web TeamFirst Published Jan 26, 2023, 3:53 PM IST
Highlights

റാഞ്ചിയില്‍ ന്യൂസിലന്‍ഡിന് മേല്‍ വ്യക്തമായ മുന്‍തൂക്കം കണക്കുകളില്‍ ടീം ഇന്ത്യക്കുണ്ട്

റാഞ്ചി: ഏകദിന പരമ്പര തൂത്തുവാരിയതിന് പിന്നാലെ ന്യൂസിലന്‍ഡിനെതിരായ ട്വന്‍റി 20 സീരീസ് സ്വന്തമാക്കാന്‍ ടീം ഇന്ത്യ നാളെ മുതല്‍ ഇറങ്ങുകയാണ്. നാളെ റാഞ്ചിയില്‍ പരമ്പരയിലെ ആദ്യ ടി20 നടക്കും. ഇന്ത്യന്‍ സമയം വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുക. ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ യുവനിരയാണ് കുട്ടി ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിനെ നേരിടുക. 

റാഞ്ചിയില്‍ ന്യൂസിലന്‍ഡിന് മേല്‍ വ്യക്തമായ മുന്‍തൂക്കം കണക്കുകളില്‍ ടീം ഇന്ത്യക്കുണ്ട്. 2021ല്‍ ഇരു ടീമുകളും ഇവിടെ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഏഴ് വിക്കറ്റിന് ഇന്ത്യക്കായിരുന്നു വിജയം. അഞ്ച് രാജ്യാന്തര ട്വന്‍റി 20കള്‍ക്ക് പുറമെ രണ്ട് ടെസ്റ്റുകളും ആറ് ഏകദിനങ്ങളും മാത്രമേ ഇവിടെ നടന്നിട്ടുള്ളൂ. സ്‌പിന്നര്‍മാരെ തുണയ്ക്കുന്നതാണ് റാഞ്ചി പിച്ചിന്‍റെ ചരിത്രം. എങ്കിലും ട്വന്‍റി 20 മത്സരമായതിനാല്‍ ബാറ്റിംഗിന് അനുകൂലമായ പിച്ച് റാഞ്ചിയില്‍ ഒരുക്കിയേക്കും. മഞ്ഞുവീഴ്‌ച ഘടമാകാന്‍ സാധ്യതയുള്ളതിനാല്‍ ടോസ് നേടുന്ന ടീം ചേസ് ചെയ്യാനാവും താല്‍പര്യപ്പെടുക. ഉച്ചകഴിഞ്ഞ് 27 ഡിഗ്രിയും വൈകിട്ടോടെ 16 ഡിഗ്രിയുമായിരിക്കും ഇവിടുത്തെ താപനില എന്നാണ് കാലാവസ്ഥാ പ്രവചനം. 

വിരാട് കോലി, രോഹിത് ശര്‍മ്മ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, കെ എല്‍ രാഹുല്‍ തുടങ്ങിയ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയാണ് ഇന്ത്യ ന്യൂസിലന്‍ഡിന് എതിരായ ടി20 പരമ്പരയ്ക്ക് ഇറങ്ങുന്നത്. ആഭ്യന്തര ക്രിക്കറ്റില്‍ ഫോമിലുള്ള പൃഥ്വി ഷായ്ക്ക് അവസരം ലഭിക്കുമോ എന്നതാണ് ഏറെ ആകാംക്ഷ.  

ഇന്ത്യന്‍ ട്വന്‍റി 20 സ്‌ക്വാഡ്: സൂര്യകുമാര്‍ യാദവ്, ശുഭ്‌മാന്‍ ഗില്‍, രാഹുല്‍ ത്രിപാഠി, പൃഥ്വി ഷാ, ഹാര്‍ദിക് പാണ്ഡ്യ(ക്യാപ്റ്റന്‍), ദീപക് ഹൂഡ, വാഷിംഗ്‌ടണ്‍ സുന്ദര്‍, ശിവം മാവി, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ജിതേഷ് ശര്‍മ്മ(വിക്കറ്റ് കീപ്പര്‍), കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചാഹല്‍, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാര്‍. 

ഓസ്‌ട്രേലിയക്കെതിരെ ജഡേജ കളിക്കുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിസിസിഐ

click me!