Asianet News MalayalamAsianet News Malayalam

ഓസ്‌ട്രേലിയക്കെതിരെ ജഡേജ കളിക്കുമോ? ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ബിസിസിഐ

പരിക്ക് കാരണം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ മത്സര ക്രിക്കറ്റ് കളിക്കുന്നത്

BCCI asked NCA to submit Ravindra Jadeja fitness report on Feb 1
Author
First Published Jan 26, 2023, 3:29 PM IST

ബെംഗളൂരു: ഓസ്ട്രേലിയക്കെതിരായ നിര്‍ണായക ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ കളിക്കുമോ എന്ന് ഫെബ്രുവരി ഒന്നാം തിയതി അറിയാം. ജഡേജയുടെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാഡമിയോട് ഒന്നാം തിയതി സമര്‍പ്പിക്കാന്‍ ബിസിസിഐ ആവശ്യപ്പെട്ടതോടെയാണിത്. നിലവില്‍ രഞ്ജി ട്രോഫിയില്‍ സൗരാഷ്‌ട്രക്കായി കളിച്ചുകൊണ്ടിരിക്കുകയാണ് രവീന്ദ്ര ജഡേജ. തമിഴ്‌നാടിനെതിരെ ഒന്നാം ഇന്നിംഗ്‌സില്‍ ഒരു വിക്കറ്റ് മാത്രം നേടിയ ജഡേജ ബാറ്റിംഗില്‍ 23 പന്തില്‍ 15 റണ്‍സെടുത്ത് പുറത്തായി. തമിഴ്‌നാടിന്‍റെ രണ്ടാം ഇന്നിംഗ്‌സില്‍ ഇതുവരെ ഒരു വിക്കറ്റാണ് ജഡേജയുടെ സമ്പാദ്യം. 

പരിക്ക് കാരണം ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് രവീന്ദ്ര ജഡേജ മത്സര ക്രിക്കറ്റ് കളിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പ് ക്രിക്കറ്റിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ജഡേജക്ക് ട്വന്‍റി 20 ലോകകപ്പ് അടക്കമുള്ള പ്രധാന ടൂര്‍ണമെന്‍റുകള്‍ നഷ്ടമായിരുന്നു. ജഡേജ കാല്‍മുട്ടിലെ ശസ്‌ത്രക്രിയക്ക് വിധേയനായിരുന്നു. അടുത്ത മാസം ഓസ്ട്രേലിയക്കെതിരെ നടക്കുന്ന നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് കളികള്‍ക്കുള്ള ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഫിറ്റ്‌നസ് പൂര്‍ണമായും തെളിയിച്ചാല്‍ മാത്രമേ ജഡേജയെ കളിപ്പിക്കുകയുള്ളൂ. രഞ്ജിയില്‍ ജഡേജയുടെ ഫിറ്റ്‌നസും പ്രകടനവും വിലയിരുത്താന്‍ സീനിയര്‍ സെലക്‌ടര്‍ ശ്രീധരന്‍ ശരത് നേരിട്ടെത്തിയിരുന്നു. മത്സരത്തിനിടെ ജഡേജയുമായി ശരത് സംസാരിക്കുകയും ചെയ്തു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇടംപിടിക്കാന്‍ ടീം ഇന്ത്യക്ക് ഓസീസിനെതിരായ പരമ്പര നിര്‍ണായകമാണ്. 

ഓസ്ട്രേലിയന്‍ ടെസ്റ്റ് സ്‌ക്വാഡ്: പാറ്റ് കമ്മിന്‍സ്(നായകന്‍), ആഷ്‌ടണ്‍ ആഗര്‍, സ്കോട്ട് ബോളണ്ട്, അലക്‌സ് ക്യാരി, കാമറൂണ്‍ ഗ്രീന്‍, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ്, ജോഷ് ഹേസല്‍വുഡ്, ട്രാവിസ് ഹെഡ്, ഉസ്‌മാന്‍ ഖവാജ, മാര്‍നസ് ലബുഷെയ്‌ന്‍, നേഥന്‍ ലിയോണ്‍, ലാന്‍സ് മോറിസ്, ടോഡ് മുര്‍ഫി, മാത്യൂ റെന്‍ഷോ, സ്റ്റീവ്‌ സ്‌മിത്ത്(വൈസ് ക്യാപ്റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്ക്, മിച്ചല്‍ സ്വപ്‌സണ്‍, ഡേവിഡ് വാര്‍ണര്‍.

ഇന്ത്യന്‍ ടെസ്റ്റ് സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എസ് ഭരത്(വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ(ഫിറ്റ്‌നസ്), മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്, ജയദേ‌വ് ഉനദ്‌ഘട്ട്, സൂര്യകുമാര്‍ യാദവ്.  

ബൗളിംഗില്‍ ശരാശരി, ബാറ്റിംഗില്‍ ശോകം! തിരിച്ചുവരവ് അടയാളപ്പെടുത്താനാവാതെ രവീന്ദ്ര ജഡേജ

Follow Us:
Download App:
  • android
  • ios