ഹഗ്ഗിംഗ് ഡേയില്‍ ഹിറ്റ്‌മാന് കുട്ടി ആരാധകന്‍റെ ആലിംഗനം; അതും സിക്‌സിന് പിന്നാലെ മൈതാനത്തിറങ്ങി

By Web TeamFirst Published Jan 21, 2023, 5:51 PM IST
Highlights

ഇന്നിംഗ്‌സിലെ 10-ാം ഓവറിലെ നാലാം പന്തില്‍ ടിക്നെറിനെ രോഹിത് ശര്‍മ്മ എക്‌ട്രാ കവറിന് മുകളൂടെ സിക്‌സറിന് പറത്തിയിരുന്നു

റായ്‌പൂര്‍: ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിനിടെ റായ്‌പൂരില്‍ രോഹിത് ശര്‍മ്മയെ കാണാന്‍ മൈതാനത്തിറങ്ങി കുട്ടി ആരാധകന്‍. ഇന്ത്യന്‍ സ്‌കോര്‍ 9.4 ഓവറില്‍ 51 റണ്‍സില്‍ നില്‍ക്കേയാണ് ഹിറ്റ്‌മാനോടുള്ള ആരാധന മൂത്ത് കുട്ടി ആരാധകന്‍ പിച്ചിലേക്ക് ഓടിയെത്തിയത്. ഇതോടെ മത്സരം കുറച്ച് നേരം തടസപ്പെട്ടു. ഇന്ത്യന്‍ നായകന് അടുത്തെത്തി കെട്ടിപ്പിടിച്ച ഈ ആരാധകനെ സുരക്ഷാ ജീവനക്കാരെത്തി ഗ്യാലറിയിലേക്ക് മടക്കിക്കൊണ്ടുവരികയായിരുന്നു. മത്സരത്തിനിടെ ആരാധകന്‍ മൈതാനത്തിറങ്ങിയത് സുരക്ഷാവീഴ്‌ചയാണെങ്കിലും ലോക ഹഗ്ഗിംഗ് ഡേയിലാണ് കുട്ടി ആരാധകന്‍ ഹിറ്റ്‌മാനെ ആലിംഗനം ചെയ്‌തത് എന്ന പ്രത്യേകതയുണ്ട്. 

109 റണ്‍സ് വിജയലക്ഷ്യം തേടി ഇന്ത്യ ബാറ്റിംഗിനിറങ്ങിയ ശേഷം ഇന്നിംഗ്‌സിലെ 10-ാം ഓവറിലെ നാലാം പന്തില്‍ ടിക്നെറിനെ രോഹിത് ശര്‍മ്മ എക്‌ട്രാ കവറിന് മുകളൂടെ സിക്‌സറിന് പറത്തിയിരുന്നു. റായ്‌പൂരില്‍ രോഹിത്തിന്‍റെ ഏറ്റവും സുന്ദര ഷോട്ടുകളിലൊന്നായി ഇത്. ഇതിന് പിന്നാലെയായിരുന്നു ഹിറ്റ്‌മാനെ കാണാന്‍ ആരാധകന്‍ മൈതാനത്തിറങ്ങിയത്. 109 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് വിക്കറ്റ് നഷ്‌ടമില്ലാതെ അനായാസം ഇന്ത്യയെ നയിക്കുകയാണ് റായ്‌പൂരില്‍ രോഹിത് ശര്‍മ്മയും ശുഭ്‌മാന്‍ ഗില്ലും. 

തകര്‍ന്നടിഞ്ഞ് കിവികള്‍

നേരത്തെ, ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സിന് ഓള്‍ഔട്ടായി. 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്സാണ് കിവീസിന്‍റെ ടോപ് സ്കോറര്‍. മൂന്ന് പേര്‍ മാത്രമാണ് കിവീസ് നിരയില്‍ രണ്ടക്കം കടന്നത്. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്നും ഹാര്‍ദിക് പാണ്ഡ്യ വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. 

ഫിന്‍ അലന്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ ഏഴിലും മൂന്നാമന്‍ ഹെന്‍‌റി നിക്കോള്‍സ് രണ്ടിലും ഡാരില്‍ മിച്ചല്‍ ഒന്നിലും നായകന്‍ ടോം ലാഥം ഒന്നിലും പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ വിസ്‌മയ സെഞ്ചുറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ ഇക്കുറി 22 റണ്ണില്‍ മടങ്ങി. ഹൈദരാബാദില്‍ അര്‍ധ സെഞ്ചുറി നേടിയ മിച്ചല്‍ സാന്‍റ്‌നര്‍ 27ല്‍ വീണു. ഷമി 6 ഓവറില്‍ 10ന് മൂന്നും പാണ്ഡ്യ 12ന് രണ്ടും സുന്ദര്‍ 3 ഓവറില്‍ ഏഴിന് രണ്ടും സിറാജും ഠാക്കൂറും കുല്‍ദീപും ഓരോ വിക്കറ്റും നേടി. ആറ് ഓവറില്‍ സിറാജ് 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

അന്ന് ജാവേദ് മിയാന്‍ദാദ്, ഇന്ന് രോഹിത് ശര്‍മ;ടോസിനുശേഷം എന്ത് ചെയ്യണമെന്നറിയാതെ 2 നായകന്‍മാര്‍

click me!