കഷ്‌ടപ്പെട്ട് 100 കടന്ന് ന്യൂസിലന്‍ഡ്; റായ്‌പൂരില്‍ കിവികള്‍ക്ക് സംഭവിച്ചത് എന്ത്? പിന്നില്‍ ആ കാരണം

By Web TeamFirst Published Jan 21, 2023, 4:46 PM IST
Highlights

റായ്‌പൂരില്‍ മുമ്പ് ഏകദിനം കളിച്ച് പരിചയമില്ലാത്തതാണ് കിവീസിന് ഏറ്റവും വലിയ തിരിച്ചടിയായ ഒരു ഘടകം എന്ന് വിലയിരുത്താം

റായ്‌പൂര്‍: 34.3 ഓവര്‍ ബാറ്റ് ചെയ്‌തിട്ടും വെറും 108 റണ്‍സില്‍ പുറത്താവുക. റായ്‌പൂരിലെ ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയത്തില്‍ കുഞ്ഞന്‍ സ്കോറില്‍ പുറത്തായി നാണംകെട്ടിരിക്കുകയാണ് ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം. ഇന്ത്യന്‍ പേസര്‍മാര്‍ ഇന്നിംഗ്‌സിലെ ആദ്യ പന്ത് മുതല്‍ നിയന്ത്രണം ഏറ്റെടുത്ത മത്സരത്തില്‍ ന്യൂസിലന്‍ഡിന് പിഴച്ചത് എവിടെയാണ്. 

റായ്‌പൂരില്‍ മുമ്പ് ഏകദിനം കളിച്ച് പരിചയമില്ലാത്തതാണ് കിവീസിന് ഏറ്റവും വലിയ തിരിച്ചടിയായ ഒരു ഘടകം എന്ന് വിലയിരുത്താം. ഇന്ത്യ-ന്യൂസിലന്‍ഡ് രണ്ടാം ഏകദിനത്തിന് വേദിയാവുന്ന ശഹീദ് വീര്‍ നാരായന്‍ സിംഗ് സ്റ്റേഡിയം ആദ്യമായാണ് ഒരു രാജ്യാന്തര മത്സരത്തിന് വേദിയാവുന്നത്. ഇതിന് മുമ്പ് ആറ് ഐപിഎല്‍ മത്സരങ്ങളും കുറച്ച് ചാമ്പ്യന്‍സ് ലീഗ് ട്വന്‍റി 20 കളികളും മാത്രമാണ് ഇവിടെ നടന്നിട്ടുള്ളത്. അതുകൊണ്ട് തന്നെ റായ്‌പൂരിലെ പിച്ചും സാഹചര്യങ്ങളുമായി കിവീസ് താരങ്ങള്‍ക്ക് വേഗം പൊരുത്തപ്പെടാനായില്ല. മറുവശത്ത് ഇന്നിംഗ്‌സിലെ അഞ്ചാം പന്തില്‍ ഓപ്പണര്‍ ഫിന്‍ അലനെ അക്കൗണ്ട് തുറക്കും മുമ്പേ ബൗള്‍ഡാക്കി മുഹമ്മദ് ഷമി ഇന്ത്യക്ക് മുന്‍തൂക്കം നേടിക്കൊടുത്തു. 

ഷമിയും സിറാജും പവര്‍പ്ലേയില്‍ റണ്‍ വഴങ്ങാന്‍ പിശുക്കിയപ്പോഴേ കിവീസ് അപകടം മണത്തു. കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി മികച്ച ലൈനും ലെങ്‌തും സ്വിങും കണ്ടെത്തുന്ന സിറാജിന് മുന്നില്‍ തീര്‍ത്തും അപ്രസക്തമായി ന്യൂസിലന്‍ഡ് ബാറ്റിംഗ് നിര. ഷമിയാവട്ടെ പരിചയസമ്പത്ത് മുതലാക്കി മികച്ച പന്തുകള്‍ എറിഞ്ഞുകൊണ്ടിരുന്നു. ഇതോടെ കൃത്യമായ ഇടവേളയില്‍ വിക്കറ്റ് വീണു. പിന്നാലെ ഹാര്‍ദിക് പാണ്ഡ്യയും ഷര്‍ദുല്‍ ഠാക്കൂറൂം അവസാന ഓവറുകളില്‍ വാഷിംഗ്‌ടണ്‍ സുന്ദറും കുല്‍ദീപ് യാദവും വിക്കറ്റ് മഴ പൂര്‍ത്തിയാക്കുകയും ചെയ്‌തു. 

ന്യൂസിലന്‍ഡ് 34.3 ഓവറില്‍ 108 റണ്‍സില്‍ പുറത്തായപ്പോള്‍ 52 പന്തില്‍ 36 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സായിരുന്നു ഉയര്‍ന്ന സ്‌കോറുകാരന്‍. ഫിന്‍ അലന്‍ പൂജ്യത്തില്‍ പുറത്തായപ്പോള്‍ സഹ ഓപ്പണര്‍ ദേവോണ്‍ കോണ്‍വേ ഏഴിലും മൂന്നാമന്‍ ഹെന്‍‌റി നിക്കോള്‍സ് രണ്ടിലും ഡാരില്‍ മിച്ചല്‍ ഒന്നിലും നായകന്‍ ടോം ലാഥം ഒന്നിലും പുറത്തായി. കഴിഞ്ഞ മത്സരത്തില്‍ വിസ്‌മയ സെഞ്ചുറി നേടിയ മൈക്കല്‍ ബ്രേസ്‌വെല്‍ ഇക്കുറി 22 റണ്ണില്‍ മടങ്ങി. ഹൈദരാബാദില്‍ അര്‍ധ സെഞ്ചുറി നേടിയ മിച്ചല്‍ സാന്‍റ്‌നര്‍ 27ല്‍ വീണു. ഷമി 6 ഓവറില്‍ 10ന് മൂന്നും പാണ്ഡ്യ 12ന് രണ്ടും സുന്ദര്‍ 3 ഓവറില്‍ ഏഴിന് രണ്ടും സിറാജും ഠാക്കൂറും കുല്‍ദീപും ഓരോ വിക്കറ്റും നേടി. ആറ് ഓവറില്‍ സിറാജ് 10 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. 

പേസര്‍മാരുടെ പറുദീസയായി റായ്‌പൂര്‍; ഷമി, സിറാജ്, പാണ്ഡ്യ, ഷര്‍ദ്ദുല്‍ കൊടുങ്കാറ്റിനെ വാഴ്‌ത്തി ആരാധകര്‍
 

click me!