
ജയ്‌പൂര്‍: ടി20യിൽ(T20I) വിജയിക്കാൻ ടീം ഇന്ത്യ സ്വന്തം നിലയിൽ പുതിയ മത്സരരീതി കണ്ടെത്തണമെന്ന് പരിശീലകന്‍ രാഹുൽ ദ്രാവിഡും(Rahul Dravid) നായകന്‍ രോഹിത് ശർമ്മയും(Rohit Sharma). ന്യൂസിലൻഡിനെതിരായ(IND vz NZ) ടി20 പരമ്പരയ്‌ക്ക് മുൻപ് മാധ്യമങ്ങളെ കാണുകയായിരുന്നു ടീം ഇന്ത്യയുടെ(Team India) പരിശീലകനും ക്യാപ്റ്റനും.
ടി20 ലോകകപ്പിലെ തിരിച്ചടി മറന്ന് പുതിയ പരിശീലകനും പുതിയ ക്യാപ്റ്റനും കീഴിൽ ഇന്ത്യ ന്യൂസിലന്‍ഡിനെതിരെ ഇന്ന് ഇറങ്ങുകയാണ്. തുടരെ മത്സരം കളിക്കുന്നത് തിരിച്ചടിയാകുന്നുണ്ടെങ്കിലും വ്യത്യസ്‌ത ഫോർമാറ്റിൽ വ്യത്യസ്ഥ ടീമെന്ന രീതിയുണ്ടാകില്ലെന്ന് പരിശീലകൻ രാഹുൽ ദ്രാവിഡ് നയം വ്യക്തമാക്കുന്നു. ഫുട്ബോളിന് സമാനമായി പ്രധാന താരങ്ങൾക്ക് ചില മത്സരങ്ങളിലെങ്കിലും വിശ്രമം അനുവദിക്കുന്ന രീതി അവലംബിക്കും എന്നാണ് ദ്രാവിഡിന്‍റെ വാക്കുകള്‍.
വരുന്ന ഐസിസി ടൂർണമെന്‍റുകളിൽ മികച്ച പ്രകടനം നടത്താൻ ടീമിനെ തയ്യാറാക്കും. യന്ത്രങ്ങളല്ല താരങ്ങളെന്നും വിശ്രമം അനിവാര്യമാണെന്നും രോഹിത് ശർമ്മയും വ്യക്തമാക്കി. ടീമിന്‍റെ ദൗർബല്യങ്ങൾ പരിഹരിക്കേണ്ടതുണ്ട്. ഒന്നോ രണ്ടോ താരങ്ങളെ മാത്രം ആശ്രയിക്കുന്ന രീതിയുണ്ടാകില്ല. വിരാട് കോലി ടീമിൽ അവിഭാജ്യഘടകമാണെന്ന് രോഹിത് ശർമ്മയും കൂട്ടിച്ചേര്‍ത്തു.
ഇത് പുതിയ ടീം ഇന്ത്യ
ദ്രാവിഡ്-രോഹിത് കൂട്ടുകെട്ടിൽ ടീം ഇന്ത്യ ഇന്ന് ആദ്യ അങ്കത്തിനിറങ്ങും. ഇന്ത്യ-ന്യൂസിലന്‍ഡ് ടി20 പരമ്പരയിലെ ആദ്യ മത്സരം ജയ്‌പൂരില്‍ വൈകീട്ട് ഏഴിന് ആരംഭിക്കും. യുവതാരങ്ങള്‍ക്ക് ഏറ്റവും മികച്ച വഴികാട്ടിയായ രാഹുൽ ദ്രാവിഡും ടി20യിലെ വിജയഫോര്‍മുല നന്നായി അറിയാവുന്ന രോഹിത് ശര്‍മ്മയും ഇന്ത്യന്‍ ടീമിന് പുതുവഴികാട്ടും എന്നാണ് ആരാധക പ്രതീക്ഷ.
അതേസമയം ലോകകപ്പ് ഫൈനല്‍ തോൽവിക്ക് മൂന്ന് ദിവസത്തിന് ശേഷം കളത്തിലിറങ്ങുന്ന കിവികളെ നയിക്കുക പരിചയസമ്പന്നനായ പേസര്‍ ടിം സൗത്തിയായിരിക്കും. കെയ്‌ന്‍ വില്യംസന്‍റെ അഭാവത്തിൽ മുന്‍പ് സൗത്തി നയിച്ച 18 ടി20യിൽ 12ലും ജയിക്കാന്‍ ന്യൂസിലന്‍ഡിന് കഴിഞ്ഞിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!