ലഖ്‌നൗ മഴയിലെ സഞ്ജു സാംസണിന്‍റെ ഇടിമിന്നല്‍ ബാറ്റിംഗ്; പ്രത്യേക പ്രശംസയുമായി ശിഖര്‍ ധവാന്‍

By Jomit JoseFirst Published Oct 7, 2022, 7:21 AM IST
Highlights

63 പന്തില്‍ 86* റണ്‍സ് നേടിയ സഞ്ജുവിന്‍റെ ബാറ്റിംഗ് പാടവത്തെ മത്സരശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പ്രശംസിക്കാന്‍ മറന്നില്ല

ലഖ്‌നൗ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം തോല്‍വി രുചിച്ചെങ്കിലും മത്സരത്തില്‍ ആരാധകരുടെ ഹീറോ സഞ്ജു സാംസണാണ്. ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ തകര്‍ന്നതൊന്നും ഗൗനിക്കാതെ ടീം ആവശ്യപ്പെടുന്ന ഘട്ടത്തില്‍ ശ്രേയസ് അയ്യരും ഷര്‍ദ്ദുല്‍ ഠാക്കൂറുമായി നിര്‍ണായക കൂട്ടുകെട്ട് സൃഷ്‌ടിച്ച് ഇന്ത്യയെ വിജയത്തിന് തൊട്ടരികെ വരെ എത്തിക്കുകയായിരുന്നു സഞ്ജു. ആറാമനായിറങ്ങി 63 പന്തില്‍ 86* റണ്‍സ് നേടിയ സഞ്ജുവിന്‍റെ ബാറ്റിംഗ് പാടവത്തെ മത്സരശേഷം ക്യാപ്റ്റന്‍ ശിഖര്‍ ധവാന്‍ പ്രശംസിക്കാന്‍ മറന്നില്ല. 

ധവാന്‍റെ വാക്കുകള്‍

'ഇന്ത്യന്‍ താരങ്ങളുടെ പോരാട്ടവീര്യത്തില്‍ സന്തോഷമുണ്ട്. തീര്‍ച്ചയായും സ്കോര്‍ പിന്തുടരുമ്പോള്‍ നല്ല തുടക്കമല്ല നമുക്ക് കിട്ടിയത്. എന്നാല്‍ ശ്രേയസ് അയ്യരും സഞ്ജു സാംസണും ഷര്‍ദ്ദുല്‍ ഠാക്കൂറും മികച്ച രീതിയില്‍ ബാറ്റ് ചെയ്തു. കാണാന്‍ അഴകായിരുന്നു ഇവരുടെ ബാറ്റിംഗ്' എന്നുമായിരുന്നു മത്സര ശേഷം സമ്മാനവേളയില്‍ ശിഖര്‍ ധവാന്‍റെ പ്രതികരണം. 

ലഖ്‌നൗ വേദിയായ ആദ്യ ഏകദിനത്തില്‍ സഞ്ജു സാംസണിന്‍റെ പോരാട്ടത്തിനിടയിലും ഇന്ത്യ 9 റണ്‍സിന്‍റെ തോല്‍വി ദക്ഷിണാഫ്രിക്കയോട് വഴങ്ങുകയായിരുന്നു. മഴമൂലം 40 ഓവര്‍ വീതമായി ചുരുക്കിയ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മുന്നോട്ടുവെച്ച 250 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യക്ക് 8 വിക്കറ്റിന് 240 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആറാമനായിറങ്ങി 63 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 86 റണ്‍സെടുത്താണ് സഞ്ജു പുറത്താകാതെ നിന്നത്. 

ടോപ് ഓര്‍ഡറില്‍ നായകന്‍ ശിഖര്‍ ധവാന്‍(16 പന്തില്‍ 4), ശുഭ്‌മാന്‍ ഗില്‍(7 പന്തില്‍ 3), റുതുരാജ് ഗെയ്‌ക്‌വാദ്(42 പന്തില്‍ 19), ഇഷാന്‍ കിഷന്‍(37 പന്തില്‍ 20) എന്നിവരുടെ മോശം പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. പിന്നാലെ ശ്രേയസ് അയ്യരും(37 പന്തില്‍ 50), ഷര്‍ദ്ദുല്‍ ഠാക്കൂറും(31 പന്തില്‍ 33) സഞ്ജുവിനൊപ്പം പൊരുതിനോക്കിയെങ്കിലും വിജയിച്ചില്ല. കുല്‍ദീപ്(1 പന്തില്‍ 0), ആവേശ് ഖാന്‍(6 പന്തില്‍ 3), രവി ബിഷ്‌ണോയി(2 പന്തില്‍ 4*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്കോര്‍. പ്രോട്ടീസിനായി ലുങ്കി എന്‍ഗിഡി മൂന്നും കാഗിസോ റബാഡ രണ്ടും വെയ്‌ന്‍ പാര്‍നലും കേശവ് മഹാരാജും തബ്രൈസ് ഷംസിയും ഓരോ വിക്കറ്റും നേടി. 

തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു; ഇന്ത്യയുടെ ടോപ് സ്കോറര്‍

click me!