Asianet News MalayalamAsianet News Malayalam

തോല്‍വിയിലും തല ഉയര്‍ത്തി സഞ്ജു; ഇന്ത്യയുടെ ടോപ് സ്കോറര്‍

ദക്ഷിണാഫ്രിക്കക്കെതിരെ ആറാമനായാണ് സഞ്ജു ക്രീസിലെത്തിയത്. ഇഷാന്‍ കിഷന്‍റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 17-ാം ഓവറില്‍ 51 റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു. നേരിട്ട രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യ ആയ സഞ്ജു റിവ്യു എടുത്തു. മലയാളി അമ്പയറായ കെ എന്‍ അനന്തപത്മനാഭനായിരുന്നു മൂന്നാം അമ്പയര്‍.

Sanju Samson top scores for India forth 2nd time in his career
Author
First Published Oct 6, 2022, 10:47 PM IST

ലഖ്നൗ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ ഒമ്പത് റണ്‍സിന് തോറ്റെങ്കിലും ബാറ്റിംഗ് നിരയില്‍ തല ഉയര്‍ത്തി മടങ്ങിയത് മലയാളി താരം സഞ്ജു സാംസണ്‍ മാത്രം. മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ അവസാനം വരെ പൊരുതിയ സഞ്ജു 63 പന്തില്‍ 86 റണ്‍സുമായി ഇന്ത്യയുടെ ടോപ് സ്കോററായി. കരിയറില്‍ രണ്ടാം തവണയാണ് സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററാവുന്നത്. നേരത്തെ ഓഗസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ നടന്ന ഏകദിന പരമ്പരയില്‍ 51 റണ്‍സുമായി സഞ്ജു ഇന്ത്യയുടെ ടോപ് സ്കോററായിരുന്നു.

നാട്ടില്‍ ആദ്യമായി ഏകദിനം കളിക്കാനിറങ്ങിയ സഞ്ജു ഇഷാന്‍ കിഷന്‍ പുറത്തായപ്പോള്‍ ആറാമനായാണ് ക്രീസിലെത്തിയത്. കിഷന്‍റെ വിക്കറ്റ് നഷ്ടമാകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ ബോര്‍ഡില്‍ 17 ഓവറില്‍ 51 റണ്‍സ് മാത്രമെ ഉണ്ടായിരുന്നുള്ളു. നേരിട്ട രണ്ടാം പന്തില്‍ എല്‍ബിഡബ്ല്യ ആയ സഞ്ജു റിവ്യു എടുത്തു. മലയാളി അമ്പയറായ കെ എന്‍ അനന്തപത്മനാഭനായിരുന്നു മൂന്നാം അമ്പയര്‍. റിവ്യുവില്‍ സഞ്ജുവിന്‍റെ ബാറ്റില്‍ തട്ടിയാണ് പന്ത് പാഡില്‍ കൊണ്ടതെന്ന് വ്യക്തമായി. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയറുടെ തീരുമാനം മാറ്റേണ്ടിവന്നു.

പിന്നീട് ഷംസിയെ സിക്സിന് പറത്തിയാണ് സഞ്ജു റണ്‍വേട്ട തുടങ്ങിയത്. എന്നാല്‍ നാലു വിക്കറ്റ് നഷ്ടമായി നടുവൊടിഞ്ഞു നില്‍ക്കുമ്പോള്‍ അതിസാഹസത്തിന് മുതിരാതെ ശ്രേയസ് അയ്യര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാനാണ് സ‍ഞ്ജു തുടക്കത്തില്‍ ശ്രമിച്ചത്. ശ്രേയസിനൊപ്പം 67 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തിയ സ‍ഞ്ജു ഇന്ത്യയെ 100 കടത്തി.

ശ്രേയസ് പുറത്തായതോടെ തോല്‍വി ഉറപ്പിച്ച ആരാധകരെ ആവേശത്തിലാഴ്ത്തി സഞ്ജുസും ഷര്‍ദ്ദുല്‍ ഠാക്കൂറും ചേര്‍ന്ന് ഇന്ത്യെ മുന്നോട്ടു നയിച്ചു. ഇന്നിംഗ്സിനൊടുവില്‍ സഞ്ജുവിനൊപ്പം ഷര്‍ദ്ദുലും തകര്‍ത്തടിച്ചതോടെ ഇന്ത്യക്ക് വിജയപ്രതീക്ഷയായി. എന്നാല്‍ മൂന്നോവറില്‍ 45 റണ്‍സ് വേണമെന്നിരിക്കെ ലുങ്കി എങ്കിഡിയുടെ പന്തില്‍ ഷര്‍ദ്ദുല്‍ പുറത്തായത് ഇന്ത്യക്ക് തിരിച്ചടിയായി. തൊട്ടടുത്ത പന്തില്‍ കുല്‍ദീപ് യാദവും മടങ്ങി.

സഞ്ജുവിന്റെ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തോല്‍വി

കാഗിസോ റബാദ എറിഞ്ഞ 39-ാം ഓവറില്‍ ഒറ്റ പന്തുപോലും സ‍ഞ്ജുവിന് നേരിടാന്‍ കഴിയാഞ്ഞത് ഇന്ത്യയുടെ തോല്‍വിയില്‍ നിര്‍ണായകമായി. നാലാം പന്തില്‍ ആവേശ് ഉയര്‍ത്തിയടിച്ച പന്തില്‍ ക്യാച്ച് നഷ്ടമായപ്പോള്‍ രണ്ട് റണ്‍ ഓടിയെടുത്ത സഞ്ജു സ്ട്രൈക്ക് നേടാന്‍ ശ്രമിക്കാഞ്ഞത്തതിനെ കമന്‍റേറ്റര്‍മാര്‍ വിമര്‍ശിക്കുകയും ചെയ്തു.

എന്നാല്‍ ടബ്രൈസ് ഷംസി എറിഞ്ഞ അവസാന ഓവറില്‍ 30 റണ്‍സായിരുന്നു ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്.  ആദ്യ പന്തില്‍ സിക്സും രണ്ടാം പന്തിലും മൂന്നാം പന്തിലും ബൗണ്ടറിയും നേടി സഞ്ജു പോരാട്ടം തുടര്‍ന്നു. നാലാം പന്തില്‍ സഞ്ജുവിന് ബൗണ്ടറി കണ്ടെത്താനായില്ല. അഞ്ചാം പന്തില്‍ വീണ്ടും സഞ്ജുവിന്‍റെ ബൗണ്ടറി. അവസാന പന്തില്‍ സിംഗിള്‍.  63 പന്തില്‍ ഒമ്പത് ഫോറും മൂന്ന് സിക്സും പറത്തിയ സഞ്ജു 86 റണ്‍സുമായി പുറത്താകാതെ നിന്നു.

Follow Us:
Download App:
  • android
  • ios