കോലിയുടെ പഴയ ശൈലി മടങ്ങിയെത്തി; എതിരാളികള്‍ക്ക് മുന്നറിയിപ്പുമായി സഞ്ജയ് മഞ്ജരേക്കര്‍

By Jomit JoseFirst Published Sep 27, 2022, 4:29 PM IST
Highlights

നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ആരംഭിക്കുമ്പോള്‍ കണ്ണുകളെല്ലാം വിരാട് കോലിയുടെ ബാറ്റിലാണ്

തിരുവനന്തപുരം: ടി20 പരമ്പരയ്ക്ക് മുമ്പ് ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍. ഓരോ മത്സരം കഴിയുന്തോറും വിരാട് കോലിയുടെ ആത്മവിശ്വാസം ഉയരുകയാണെന്നും തന്‍റെ പവര്‍ ഗെയിം കിംഗ് തിരിച്ചുപിടിച്ചു എന്നുമാണ് മഞ്ജരേക്കറുടെ പ്രശംസ. 

'നോക്കൂ, ഏഷ്യാ കപ്പ് മുതല്‍ എല്ലാ മത്സരത്തിലും വിരാട് കോലി റണ്‍സ് കണ്ടെത്തി. റണ്‍സ് മാത്രമല്ല, കുറച്ച് മെച്ചപ്പെടലുകള്‍ കൂടിയുണ്ട് അദ്ദേഹത്തിന്‍റെ ബാറ്റിംഗില്‍. അയാളുടെ പവര്‍ ഗെയിം തിരിച്ചെത്തിയിട്ടുണ്ട്. കോലി തന്‍റെ പവര്‍ ഗെയിമില്‍ വിശ്വസിക്കുന്നു. കോലി റണ്‍സ് കണ്ടെത്തുമ്പോഴും പവര്‍ ഗെയിമിലെത്താത്ത ഒരു കാലമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോലിയുടെ പവര്‍ ഗെയിം തിരിച്ചെത്തിയിരിക്കുന്നു. നല്ല പന്തുകള്‍ വമ്പന്‍ ബൗണ്ടറികളും സിക്‌സുകളുമാക്കി കോലി മാറ്റുകയാണ്. ആത്മവിശ്വാസമാണ് ഇതിന് കാരണം. വളരെ ആത്മവിശ്വാസത്തോടെ കളിച്ച് മികച്ച പ്രകടനം പുറത്തെടുക്കുന്ന താരമാണ് കോലി. ഏഷ്യാ കപ്പില്‍ കോലിയുടെ കുറച്ച് കാര്യങ്ങള്‍ മടങ്ങിയെത്തി. പുള്‍ ഷോട്ടുകള്‍ തിരിച്ചെത്തി. സിക്‌സുകള്‍ കൂടിതലായി സ്റ്റാന്‍ഡിലേക്ക് എത്തി. കോലി ഫോമിലേക്ക് തിരിച്ചെത്തി. ഇതെല്ലാം ലോകകപ്പ് ടൂര്‍ണമെന്‍റിലും തുടരുക എന്നതാണ് ഇനി കാര്യം' എന്നും സഞ്ജയ് മഞ്ജരേക്കര്‍ സ്പോര്‍ട്‌സ് 18നോട് പറഞ്ഞു. 

നാളെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ആരംഭിക്കുമ്പോള്‍ കണ്ണുകളെല്ലാം വിരാട് കോലിയുടെ ബാറ്റിലാണ്. ഓസ്‌ട്രേലിയക്കെതിരായ അവസാന ടി20യില്‍ 48 പന്തില്‍ 63 റണ്‍സ് നേടിയാണ് വിരാട് കോലി തിരുവനന്തപുരത്ത് ഇറങ്ങുന്നത്. കാര്യവട്ടം ടി20യ്ക്കുള്ള ഒരുക്കങ്ങളെല്ലാം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. ടിക്കറ്റുകള്‍ ഭൂരിഭാഗവും വിറ്റഴിഞ്ഞു. മത്സരത്തിനായി ഇരു ടീമുകളും നേരത്തെ തന്നെ തിരുവനന്തപുരത്തെത്തിയിരുന്നു. 

കാര്യവട്ടം ടി20ക്ക് മുഖ്യാതിഥിയായി സൗരവ് ഗാംഗുലിയും; മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തും

click me!